'സ്കില്ലു'ള്ളവരെ സ്വാഗതം ചെയ്ത് ജർമനി; നൽകുന്നത് ഒരുവർഷം 90,000 സ്കിൽഡ് വീസ!
Mail This Article
'സ്കില്ലു'ണ്ടെങ്കിൽ ജർമനിയിലേക്ക് ഇനി എളുപ്പം പറക്കാം. വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികൾക്കായി ജർമനി മുന്നോട്ട് വയ്ക്കുന്നത് വർഷം 90,000 സ്കിൽഡ് വീസ!
ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് ഇന്ത്യക്കാർക്ക് ജർമനിയിലേക്കുള്ള വീസ പരിധി 20,000 ൽ നിന്നും 4 മടങ്ങായി വർധിപ്പിച്ചത.്
ഏഷ്യ പസിഫിക് കോൺഫറൻസിൽ പങ്കെടുത്ത മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽനിന്നുള്ള വീസ നടപടികൾ വേഗത്തിലാക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നതായി ജർമൻ ചാൻസലർ അറിയിച്ചു. വീസ നടപടികൾ ഡിജിറ്റലൈസ് ചെയ്യുക, വേഗത്തിലുള്ള അനുമതി എന്നിവയെല്ലാം ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്കും ജോലിക്കാർക്കും സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ശാസ്ത്ര–സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജം, സുരക്ഷ, നഗര ഗതാഗതം, ആരോഗ്യം, നൈപുണ്യ ശേഷി, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലും സഹകരിക്കാൻ ജർമനി ധാരണയായി. ഇന്തോ–പസിഫിക് ഓഷ്യൻ ഇനിഷ്യേറ്റീവ് (ഐപിഒഐ) പദ്ധതിയുടെ ഭാഗമായി 2 കോടി യൂറോയുടെ ജർമൻ പദ്ധതികളും ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രാജ്യാന്തര ഗവേഷണ ട്രെയ്നിങ് ഗ്രൂപ്പുകളും രൂപീകരിക്കും. എയിംസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്, സിഎസ്ഐആർ തുടങ്ങിയ സ്ഥാപനങ്ങളുമായും ജർമനിയിലെ ശാസ്ത്ര–ഗവേഷണ സ്ഥാപനങ്ങൾ സഹകരിക്കും.