സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: ഇനിയും വരട്ടെ ഇതുപോലെ
Mail This Article
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കാനുള്ള പിഎസ്‌സി തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണ് ഉദ്യോഗാർഥികൾ. ആയിരക്കണക്കിന് ബിരുദധാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നത് ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്ക് ആശ്വാസകരമാണ്. മറ്റു പ്രധാന തസ്തികകളിലേക്കുള്ള വിജ്ഞാപനവും ഈ വർഷമുണ്ടാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. 2024ലെ 10 മാസം പിന്നിട്ടു കഴിഞ്ഞപ്പോൾ ഇതുവരെ പിഎസ്‌സി പ്രസിദ്ധീകരിച്ചിരിക്കുന്നത് 421 വിജ്ഞാപനങ്ങൾ മാത്രമാണ്. എൻസിഎ, സ്പെഷൽ റിക്രൂട്മെന്റ് വിജ്ഞാപനങ്ങൾ ഉൾപ്പെടെയാണിത്. ഈ വർഷം ഇതുവരെ പ്രസിദ്ധീകരിച്ച ജനറൽ വിജ്ഞാപനങ്ങൾ വളരെ കുറവായതിനാൽ നവംബർ, ഡിസംബർ മാസങ്ങളിലായി ഈ കുറവ് പരിഹരിക്കാൻ പിഎസ്‌സി ശ്രദ്ധിക്കണം. കഴിഞ്ഞ വർഷം 744 തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നത്. ഇത്തവണയും ഇത്രത്തോളം വിജ്ഞാപനങ്ങൾ ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നുണ്ട്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്), ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങിയ പ്രധാന തസ്തികകളിൽ ഉൾപ്പെടെ ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഒഴിവു റിപ്പോർട്ട് ചെയ്താൽ കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനു തടസ്സമില്ലെന്നാണ് പിഎസ്‌സി വ്യക്തമാക്കിയിട്ടുള്ളതിനാൽ സർക്കാരാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്. നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയാറായാൽ ഉദ്യോഗാർഥികളും സർക്കാർ ഉദ്യോഗസ്ഥരും ഒരുപോലെ കാത്തിരിക്കുന്ന കെഎഎസ് രണ്ടാം വിജ്ഞാപനം യാഥാർഥ്യമാക്കാം.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 തസ്തികയിലേക്കു വിവിധ ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പൂർത്തിയാക്കി കഴിഞ്ഞു. പുതിയ വിജ്ഞാപനം ഇപ്പോൾ പ്രസിദ്ധീകരിച്ചെങ്കിൽ മാത്രമേ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. കാലാവധി ഒരു വർഷമാക്കി കുറച്ച പൊലീസ് ഡ്രൈവർ തസ്തികയിലും ഈ വർഷം വിജ്ഞാപനം പ്രതീക്ഷിക്കുന്നുണ്ട്. പ്രധാന തസ്തികകളിൽ ഡിസംബർ 31നകം വിജ്ഞാപനം വന്നില്ലെങ്കിൽ ഈ വർഷം പ്രായപരിധി അവസാനിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് അതു തിരിച്ചടിയാകും. ഇതിനിടവരുത്താതെ നവംബർ, ഡിസംബർ മാസങ്ങളിൽ പരമാവധി തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഉദ്യോഗാർഥികളുടെ അവസരം ഉറപ്പാക്കാൻ പിഎസ്‌സി തയാറാകണം.