ഹെഡ് ക്ലാർക്കുമാർക്ക് സ്ഥാനക്കയറ്റം; ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിക്ക് പരിഹാരം
Mail This Article
തദ്ദേശ സ്വയംഭരണ വകുപ്പിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട അസി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ജോയിന്റ് ബിഡിഒ തസ്തികകളിലെ 165 ഒഴിവുകളിൽ ഹെഡ് ക്ലാർക്കുമാരിൽ സ്ഥാനക്കയറ്റം നൽകി നിയമനത്തിന് ഉത്തരവിട്ടു. 43,400–91,200 രൂപ ശമ്പള നിരക്കിലാണ് നിയമനം. ഇതിനു പുറമേ ജില്ലാ ജോയിന്റ് ഡയറക്ടർ നിയമന അധികാരിയായി ഉളള ജില്ലാതലത്തിൽ സ്ഥലം മാറ്റം നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. വിരമിക്കൽ, മരണം, മറ്റു ജോലികളിൽ പ്രവേശനം, സർവീസിൽ നിന്നു പുറത്താക്കൽ ഒഴിവുകളിൽ ഉള്ളതാണ് 165 ഒഴിവുകളിലേക്കുള്ള നിയമനം. സംസ്ഥാനത്ത് നേരത്തെ ഗ്രാമവികസന വകുപ്പിൽ എക്സ്റ്റൻഷൻ ഓഫിസർ സീനിയോറിറ്റി പട്ടികയിൽ ഉണ്ടായിരുന്ന 18 പേരെ 18 ഒഴിവുകളിലേക്കും അസി. സെക്രട്ടറി കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.
ജില്ലാതല സ്ഥലം മാറ്റം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് താഴെ കാറ്റഗറി ജീവനക്കാരുടെ ഒഴിവുകൾക്കു പരിഹാരമാകും. പൊതുസ്ഥലം മാറ്റം പട്ടിക പ്രകാരം വിടുതൽ ചെയ്യേണ്ട ജീവനക്കാരെ അതത് ഓഫിസ് മേധാവികൾ പൊതു സ്ഥലംമാറ്റ സോഫ്റ്റ്‌വെയറിൽ വിടുതൽ ചെയ്യേണ്ടതും വിടുതൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഓഫിസ് മേധാവി ഒപ്പും സീലും രേഖപ്പെടുത്തി നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.