11 ലക്ഷം കൊടുത്താൽ യുകെയിൽ ഗ്ലാമർജോലി; തട്ടിപ്പിന് ഇരയായവരിൽ ഡോക്ടർമാരും
Mail This Article
യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽ നിന്നു വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയ യുവാവിനെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പുറത്തുവരുന്നത് തൊഴിൽതട്ടിപ്പിന്റെ പുതിയ കഥകൾ. യുകെയിൽ ജോലിയുള്ള ഭാര്യയുടെ രേഖകൾ ഉപയോഗിച്ചാണ് കോട്ടയം സ്വദേശിയായ പ്രതി തട്ടിപ്പു നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇതേ രീതിയിൽ ഒട്ടേറെ പേരിൽ നിന്നു പണം വാങ്ങിയതായി സൂചനയുണ്ട്.
കോഴിക്കോട്ടെ വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തന്ത്രപൂർവം കോഴിക്കോട്ടെത്തിച്ച് കഴിഞ്ഞ ദിവസം പിടികൂടിയത്. ഡോക്ടറുടെ യുകെയിലുള്ള ബന്ധു മുഖേനയാണ് ഏതാനും മാസം മുൻപു പ്രതിയെ പരിചയപ്പെട്ടത്. യുകെയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് 11 ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്നു തവണയായി 6 ലക്ഷം രൂപ കക്കോടിയിലെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. ജോലി ലഭിക്കാത്തതിനെ തുടർന്നു പണം തിരിച്ചു ചോദിച്ചപ്പോൾ കൂടുതൽ തുക ആവശ്യപ്പെട്ടു. അതോടെയാണു പരാതി നൽകിയത്.
ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുന്ന പ്രതി ഇടയ്ക്കു കേരളത്തിൽ എത്തും. ഭാര്യയുടെ യുകെയിലെ രേഖകൾ ഉപയോഗിച്ചു വാട്സാപ് വഴിയാണ് ആളുകളെ വലയിലാക്കിയത്. യുകെയിലുള്ള ശ്രീലങ്കൻ സുഹൃത്തിന്റെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് പലരിൽ നിന്നും പണം വാങ്ങിയത്. ആവശ്യപ്പെട്ട തുക നൽകാമെന്നു പൊലീസിന്റെ നിർദേശപ്രകാരം ഡോക്ടർ അറിയിച്ചതിനെ തുടർന്നു പണം വാങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.