ADVERTISEMENT

ഇംഗ്ലിഷ് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ നിയമനക്കാര്യം വീണ്ടും വീണ്ടും കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്താണ്? സ്ഥിരം തസ്തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുവന്ന സർക്കാർ, അനുകൂല നടപടി തേടി ഉദ്യോഗാർഥികളെയും കോടതി കയറാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. സ്ഥിരം നിയമനത്തിനുള്ള സാധ്യത പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സൂത്രം, ഫലത്തിൽ ബാധിക്കുന്നത് ഹൈസ്കൂൾ വിദ്യാർഥികളുടെ പഠനത്തെയാണെന്ന് മറന്നുപോകരുത്.

ഹൈസ്കൂളുകളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ സ്ഥിരം അധ്യാപകരെ നിയമിക്കാനുള്ള 2021ലെ കോടതി ഉത്തരവ് നടപ്പാക്കാതെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുകയാണു സർക്കാർ ചെയ്തത്. മുടങ്ങിക്കിടന്ന എച്ച്എസ്ടി ഇംഗ്ലിഷ് നിയമനം പുനരാരംഭിക്കുമെന്നു പ്രതീക്ഷ ഉയർന്നപ്പോഴാണ് ഉദ്യോഗാർഥികളെ നിരാശരാക്കിയ പുതിയ നീക്കം. 2024–25ലെ തസ്തികനിർണയത്തിൽ എച്ച്എസ്ടി ഇംഗ്ലിഷിന് പീരിയഡ് അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്താനും അധിക തസ്തികകളിൽ, തസ്തികനഷ്ടം വന്നു പുറത്തുപോയവരെ ക്രമീകരിച്ചശേഷം ബാക്കി ഒഴിവിൽ ദിവസവേതന നിയമനം നടത്താനുമാണു തീരുമാനമെന്ന് നവംബർ 4നു വന്ന ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കിയിരിക്കുന്നു.

സംസ്ഥാനത്താകെ 649 ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്ന കോടതി ഉത്തരവിനെതുടർന്നു തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. എന്നിട്ടും, താൽക്കാലികനിയമനത്തിലേക്കു നിലപാടു മാറ്റി. ഇതിനെതിരെ ഉദ്യോഗാർഥികൾ കോടതിയെ സമീപിക്കുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. പക്ഷേ, താൽക്കാലികനിയമനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണു സ്ഥിരനിയമനം നടത്താത്തതെന്നാണു വിശദീകരണമെങ്കിലും, ഒരിക്കൽ മന്ത്രിസഭ അംഗീകരിച്ച സ്ഥിരനിയമന ശുപാർശ അട്ടിമറിക്കപ്പെട്ടതിനു പിന്നിലെ താൽപര്യം ആരുടേതാണെന്നത് ഗൗരവമുള്ള ചോദ്യമാണ്. മലയാളം, ഹിന്ദി ഉൾപ്പെടെ ഭാഷാവിഷയങ്ങൾക്കെല്ലാം സ്ഥിരം തസ്തിക സൃഷ്ടിക്കാനും നിയമനം നടത്താനും സർക്കാരിനു സാമ്പത്തികപ്രതിസന്ധിയില്ലേ എന്ന ഉദ്യോഗാർഥികളുടെ ചോദ്യത്തിലും ന്യായമുണ്ട്. പിജിയും ബിഎഡും കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ ഇനിയെങ്കിലും പിൻവാങ്ങണം. 

English Summary:

Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com