10,000 ഡ്രൈവർമാർക്ക് സ്പെഷൽ ബോണസ് വാഗ്ദാനവുമായി ഊബർ
Mail This Article
കേന്ദ്ര സർക്കാരിന്റെ ‘ഇ–ശ്രം’ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ 10,000 ഡ്രൈവർമാർ സ്പെഷൽ ബോണസ് വാഗ്ദാനവുമായി ഊബർ. തൊഴിലാളി ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഊബറിൽ ജോലി ചെയ്യുന്ന ഡ്രൈവർക്ക് സഹായഹസ്തവുമായി കമ്പനിയുടെ പുതിയ പ്രഖ്യാപനം.
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ഡേറ്റ ബേസ് തയാറാക്കുന്നതിനും സർക്കാർ പദ്ധതികൾ ലഭ്യമാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘ഇ–ശ്രം’ പോർട്ടൽ. റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെയും ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യ വർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും. കൂടാതെ മറ്റ് സാഹചര്യങ്ങളിൽ അസംഘടിത മേഖലയ്ക്ക് സർക്കാർ സഹായം നൽകുന്നതും പോർട്ടൽ വഴിയാണ്.
ബോണസ് കൂടാതെ ഇന്ത്യയിലെ പത്ത് ലക്ഷത്തോളം വരുന്ന ഡ്രൈവർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിവിധ ഫീച്ചറുകളും ഊബർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സാഹചര്യങ്ങളിൽ ഒറ്റ ബട്ടൺ വഴി പൊലീസിനെയടക്കം വിളിക്കാൻ സാധിക്കുന്ന എസ്ഒഎസ് സംവിധാനം, വനിതാ ഡ്രൈവർമാർക്ക് വനിതകളെ മാത്രം യാത്രക്കാരായി തിരഞ്ഞെടുക്കാനുള്ള അവസരം, ട്രിപ്പിലുടനീളം വാഹനത്തിനകത്തെ ശബ്ദം റെക്കോർഡു ചെയ്യാനുള്ള സംവിധാനം, റിക്വസ്റ്റ് വരുന്ന വിവിധ ട്രിപ്പുകളിൽ നിന്ന് ഡ്രൈവർമാർക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ, ഊബർ ആപ്പിലെ വരുമാനം ഉടൻതന്നെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനുള്ള ഇൻസ്റ്റന്റ് ട്രാൻസ്ഫർ തുടങ്ങിയ സംവിധാനങ്ങളാണ് ഊബർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.