കേന്ദ്ര വാഴ്സിറ്റികൾ നാഥനില്ലാക്കളരിയോ?
Mail This Article
രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ മുപ്പതു ശതമാനത്തോളം അധ്യാപകതസ്തികകളും 50 ശതമാനത്തോളം അനധ്യാപകതസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായുള്ള വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നതാണ്. ഉന്നതബിരുദം നേടിയ പതിനായിരങ്ങൾ ജോലിക്കായി കാത്തിരിക്കുന്ന രാജ്യത്താണ്, ഇത്രയേറെ മികച്ച അവസരങ്ങൾ നികത്താതെ കിടക്കുന്നത്.
ഷാഫി പറമ്പിലിന്റെ ചോദ്യത്തിനു ലോക്സഭയിൽ ലഭിച്ച മറുപടിയിലെ വിവരങ്ങൾ ഏറെ ഗൗരവമുള്ളതാണ്. കേന്ദ്ര സർവകലാശാലാ അധ്യാപകരുടെ 18,940 തസ്തികയിൽ 27.3 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. എണ്ണക്കണക്കിൽ പറഞ്ഞാൽ 5,182 അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഒബിസി വിഭാഗത്തിൽ 1,546, എസ്‌സി വിഭാഗത്തിൽ 740, എസ്ടി വിഭാഗത്തിൽ 464 എന്നിങ്ങനെ സംവരണ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ആകെയുള്ള 35,640 അനധ്യാപക തസ്തികകളിൽ 16,719 എണ്ണത്തിലും ആളില്ല. അതായത് 47% തസ്തികകൾ.
പുതിയ നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും ഇത് വിശ്വസനീയമല്ലന്നാണ് മുൻകാല വിവരങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ജൂലൈയിൽ ജോൺ ബ്രിട്ടാസ് എംപിക്ക് ഇതേ കണക്കുകൾ രാജ്യസഭയിൽ ലഭ്യമാക്കിയിരുന്നു. നാലു മാസം കഴിഞ്ഞിട്ടും ഈ ഒഴിവുകൾ നികത്താതെ തുടരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒഴിവുകൾ നികത്താൻ പ്രത്യേക റിക്രൂട്മെന്റ് നടത്തുന്നുണ്ടെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും, അതൊന്നും നിയമനങ്ങളിൽ പ്രകടമായിട്ടില്ല.
ഉന്നതവിദ്യാഭ്യാസം നേടി അധ്യാപകജോലി പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ രാജ്യത്തെ വിവിധ പബ്ലിക് സർവീസ് കമ്മിഷനുകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും റജിസ്ട്രേഷൻ നടത്തി കാത്തിരിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതിയും വിഭിന്നമല്ല. കോളജുകളിലും ഹയർ സെക്കൻഡറി മേഖലയിലും അനുദിനം അവസരങ്ങൾ കുറയുന്നതിനാൽ കേന്ദ്ര സർവകലാശാലകളിലെ ഒഴിവുകളെ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ഉദ്യോഗാർഥികൾ കാണുന്നത്. ഇവരുടെയെല്ലാം അവസരം സ്തംഭിക്കുന്ന സാഹചര്യമാണ് ഇപ്പോൾ പുറത്തുവന്ന ഭീമമായ കണക്കിലൂടെ വെളിപ്പെടുന്നത്.
കേന്ദ്ര സർവകലശാലകളിൽ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകളാണിവ. മികച്ച വിദ്യാഭ്യാസം തേടി കേന്ദ്ര സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്കും തിരിച്ചടിയാണ് ഈ സാഹചര്യം. ഈ ഒഴിവുകൾ പടിപടിയായി നികത്താനുള്ള നടപടി എത്രയും വേഗം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ബന്ധപ്പെട്ട സർവകലാശാലകൾക്കു നിർദേശം നൽകണം. ഗെസ്റ്റ് അധ്യാപക നിയമനം അവസാനിപ്പിച്ച് സ്ഥിരം അധ്യാപക നിയമനങ്ങളാണ് ആരംഭിക്കേണ്ടത്. ഇക്കാര്യത്തിൽ ഇനിയും അലംഭാവം നീട്ടിക്കൊണ്ടുപോകരുത്.