HSST കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്: പിജി ഡിപ്ലോമയ്ക്ക് അംഗീകാരം നൽകിയത് വിവാദത്തിൽ
Mail This Article
ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക തസ്തികയുടെ അടിസ്ഥാന യോഗ്യതയിൽ ഭേദഗതി വരുത്തി വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കിയതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർഥികൾ. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ പിജി ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാൻ കഴിയുംവിധം യോഗ്യതയിൽ ഇളവു വരുത്തിയതിനെതിരെ അധ്യാപക സംഘടനകളും ഉദ്യോഗാർഥികളും നേരത്തേതന്നെ എതിർപ്പ് ഉയർത്തിയിരുന്നു.
ഹയർ സെക്കൻഡറിയിലെ മറ്റെല്ലാ വിഷയങ്ങളിലും അധ്യാപനത്തിനുള്ള അടിസ്ഥാന യോഗ്യത ബിരുദാനന്തര ബിരുദമായിരിക്കെയാണ് കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ മാത്രം യോഗ്യത ഇളവു ചെയ്തത്. സ്പെഷൽ റൂൾ ഭേദഗതിക്കു ബന്ധപ്പെട്ട വകുപ്പിലെ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി വേണമെന്നതു ലംഘിച്ചെന്നും പരാതിയുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സർക്കാർ സ്കൂളുകളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ സ്ഥിരം നിയമനം നടത്തിയിട്ട് 17 വർഷത്തിലേറെയായി. 47 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണു കണക്ക്. 10 ദിവസത്തിനകം നിയമന വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഒക്ടോബർ 30ന് ഉത്തരവിട്ടിരുന്നു. ഇതു മറയാക്കി, നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാതെ സ്പെഷൽ റൂളിൽ ഭേദഗതി വരുത്തിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
കേരളത്തിലെ സർവകലാശാലകൾ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കണമെന്ന ആവശ്യം ചിലർ ഉയർത്തിയത്. ഇതു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ എസ്‌സിഇആർടിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
പിജി ഡിപ്ലോമ അടിസ്ഥാന യോഗ്യതയാക്കേണ്ടെന്നായിരുന്നു സമിതിയുടെ റിപ്പോർട്ട്. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷുകാരുടെ അഭാവത്തിൽ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദധാരികളെ പരിഗണിക്കാമെന്നായിരുന്നു ചില സംഘടനകളുടെ നിർദേശം. ഇവയെല്ലാം അവഗണിച്ചാണു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വിജ്ഞാപനം.