ഈ വിധി പ്രതീക്ഷയാണ്, സർക്കാരിനു മുഖത്തടിയും
Mail This Article
കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാഴ്ചക്കാരാക്കി, ഭരണാധികാരം ഉപയോഗിച്ചു നടത്തിയ ഒരു ആശ്രിതനിയമനം സുപ്രീം കോടതി റദ്ദാക്കിയത് അടുത്ത ദിവസമാണ്. സർക്കാർ ജീവനക്കാരനല്ലാത്ത ഒരാളുടെ മകനു നൽകിയ ആശ്രിതനിയമനം റദ്ദാക്കിയ വിധി സർക്കാരിനേറ്റ മുഖത്തടിതന്നെയായിരുന്നു.
ചെങ്ങന്നൂരിലെ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്ന് മകന് ആശ്രിതനിയമനം നൽകിയ 2018ലെ നടപടിയാണു സുപ്രീം കോടതി റദ്ദാക്കിയത്. മുൻ എംഎൽഎയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നൽകുന്നതെന്നാണു സുപ്രീം കോടതി ഉന്നയിച്ച പ്രധാന ചോദ്യം. അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണ് 2018 ജനുവരിയിലെ മന്ത്രിസഭായോഗത്തിൽ മുൻ എംഎൽഎയുടെ മകന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി നിയമനം നൽകിയത്. സർക്കാർ ജീവനക്കാരനല്ലാത്തയാളുടെ മകന് ആശ്രിതനിയമനം നൽകിയത് ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചു. നിയമനം റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോൾ സുപ്രീം കോടതിയും കൈവിട്ടതോടെ നിയമനം റദ്ദാക്കാൻ നിർബന്ധിതരായിരിക്കുന്നു.
കേരള പിഎസ്‌സിയിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തി സർക്കാർ ജോലിക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അരക്കോടിയിലധികം പേരാണ്. ഇത്രത്തോളം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാതെ, സ്വന്തക്കാർക്ക് വഴിവിട്ടു സർക്കാർ ജോലി നൽകുന്ന രീതിക്കു കിട്ടിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധി.
തൊഴിൽ വകുപ്പിലടക്കം പിൻവാതിൽ നിയമനം പതിവാണ്. ദേശീയ ആരോഗ്യ ദൗത്യവുമായി (എൻഎച്ച്എം) ബന്ധപ്പെട്ട് വർഷംതോറും പതിനായിരത്തോളം നിയമനങ്ങളാണു നടത്തുന്നത്. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ നിയമനങ്ങളിൽ ഭൂരിഭാഗവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ ഒഴിവാക്കി പ്രധമാധ്യാപകരും പിടിഎ പ്രതിനിധിയും ഉൾപ്പെട്ട സമിതിയാണ് സ്കൂളുകളിലും താൽക്കാലികനിയമനം നടത്തുന്നത്. മെഡിക്കൽ കോളജുകൾ, ജില്ലാ/താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും ധാരാളം താൽക്കാലികനിയമനങ്ങൾ നടത്താറുണ്ടെങ്കിലും ഇവിടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തവർ തഴയപ്പെടുന്നു.
കൂടുതൽ സമയമെടുക്കുമെന്നു പറഞ്ഞാണ് മറ്റു രീതികളിൽ ഒഴിവുകൾ നികത്തുന്നതെന്നാണു വിശദീകരണം. എന്നാൽ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഓൺലൈനായാണെന്ന വിവരം സൗകര്യപൂർവം മറച്ചുവയ്ക്കുകയോ മറക്കുകയോ ചെയ്യുന്നു. പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി നടത്തുന്ന ‘തിരുകിക്കയറ്റലിൽ’ പുനരാലോചനയ്ക്ക് സുപ്രീം കോടതി വിധി അവസരമാകുമെന്നു പ്രത്യാശിക്കാം.