ആരോഗ്യം 'ഫസ്റ്റ്’, തൊഴിൽ വീസയ്ക്കൊപ്പം ഇനി ഇൻഷുറൻസും നിർബന്ധം
Mail This Article
ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ആയിരിക്കണം പുതിയ തൊഴിൽ വീസ നൽകേണ്ടതെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം എല്ലാ കമ്പനികൾക്കും നിർദേശം നൽകി. നിലവിലെ വീസ പുതുക്കുമ്പോഴും നിബന്ധന ബാധകമാണ്. രാജ്യം മുഴുവൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ജനുവരി 1ന് ഉത്തരവ് പ്രാബല്യത്തിൽ വരും.
നിലവിൽ ദുബായ്, അബുദാബി എമിറേറ്റുകളിലാണ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. ഉത്തരവ് പ്രധാനമായും ഷാർജ മുതലുള്ള നോർത്തേൺ എമിറേറ്റുകളെ ഉദ്ദേശിച്ചുള്ളതാണ്.
അതേസമയം, 2024 ജനുവരി 1നു മുൻപ് ലഭിച്ച തൊഴിൽ വീസകളിൽ ഈ നിബന്ധന ബാധകമല്ല. എന്നാൽ, ഈ വീസ കാലാവധി പൂർത്തിയാക്കി പുതുക്കുമ്പോൾ ഇൻഷുറൻസ് എടുക്കണം.
രാജ്യത്തെ തൊഴിൽ മേഖലയിൽ സുപ്രധാനമായ ഒരു ഘട്ടമാണ് യുഎഇ പിന്നിടുന്നതെന്ന് ലേബർ മാർക്കറ്റ് അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.
വർക്കർ പ്രൊട്ടക്‌ഷൻ പ്രോഗ്രാം, തൊഴിൽ രഹിത ഇൻഷുറൻസ്, സേവനം പിരിയുമ്പോൾ ലഭിക്കുന്ന പണം ഉപയോഗിച്ചുള്ള സേവിങ്സ് സ്കീം എന്നിവയ്ക്കൊപ്പം തൊഴിലാളി സൗഹൃദ നടപടിയായി ഇൻഷുറൻസും മാറുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിവർഷം 320 ദിർഹത്തിൽ തുടങ്ങുന്ന അടിസ്ഥാന പ്ലാനുകൾ ഉൾപ്പെട്ട ഇൻഷുറൻസാണ് നോർത്തേൺ എമിറേറ്റ്സിനു വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. ദുബായ്, അബുദാബി എമിറേറ്റുകളിലെ ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് പ്ലാനിനേക്കാൾ പകുതി തുകയെ നോർത്തേൺ എമിറേറ്റുകളിൽ വേണ്ടി വരൂ.
രാജ്യത്തെ തൊഴിൽസമ്പത്തിന്റെ മത്സരക്ഷമത ഇതുവഴി വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ ജീവിത നിലവാരം ഉയരും. അവകാശങ്ങൾ സംരക്ഷിക്കപ്പെടും. തൊഴിലാളികളുടെ സാമൂഹിക, ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്താനാവുമെന്നും അൽഖൂരി പറഞ്ഞു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആയിരക്കണക്കിന് ദിർഹമാണ് തൊഴിലാളികളും തൊഴിൽ ഉടമകളും ആശുപത്രികളിൽ മുടക്കുന്നത്.
ഇൻഷുറൻസ് വരുന്നതോടെ, വലിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് രണ്ടു കൂട്ടരും രക്ഷപ്പെടും.
സന്ദർശക വീസക്കാർക്ക്
ഓൺലൈൻ പർച്ചേസ്
വിനോദ സഞ്ചാരികൾ ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങൾക്കും മൂല്യവർധിത നികുതി തിരികെ നൽകുന്ന സംവിധാനം രാജ്യത്ത് ഉടൻ നിലവിൽ വരും. കടകളിൽ നിന്നു വാങ്ങുന്ന സാധനങ്ങൾക്ക് ഈടാക്കുന്ന 5% മൂല്യവർധിത നികുതി (വാറ്റ്) സന്ദർശക വീസയിൽ യുഎഇയിൽ എത്തുന്നവർക്ക് അവരുടെ മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽ നിന്നു തിരികെ ലഭിക്കും. ഇനി മുതൽ, യുഎഇ സന്ദർശിക്കുമ്പോൾ ചെയ്യുന്ന ഇ – കൊമേഴ്സ് ഇടപാടുകൾക്കും വാറ്റ് തിരികെ ലഭിക്കും.
ഫെഡറൽ ടാക്സ് അതോറിറ്റിയിൽ റജിസ്റ്റർ ചെയ്ത ഇ–കൊമേഴ്സ് സൈറ്റുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നൽകാം. യുഎഇയിൽ ഉള്ള സന്ദർശകർ ഇ – കൊമേഴ്സ് സൈറ്റുകളിൽ വാറ്റ് റീഫണ്ടിന് അപേക്ഷ നൽകാം. ഇതിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നൽകണം. ഓൺലൈൻ പർച്ചേസിന്റെ സമയത്തു സന്ദർശക വീസയിലാണെന്നു തെളിയിക്കുന്നതിനാണിത്. യോഗ്യത തെളിയിക്കപ്പെട്ടാൽ, രാജ്യം വിടുമ്പോൾ നികുതിയും തിരികെ ലഭിക്കും.
ഡിജിറ്റൽ ടാക്സ് റീ ഫണ്ട് സംവിധാനം ഏർപ്പെടുത്തിയതിന്റെ തുടർച്ചയായാണ് ഇ – കൊമേഴ്സിനും ടാക്സ് റീ ഫണ്ട് നൽകുന്നത്. ഡിജിറ്റൽ ടാക്സ് റീഫണ്ട് സംവിധാനം വന്നതിനു ശേഷം സന്ദർശകർക്ക് ടാക്സ് റീഫണ്ട് പൂർണമായും ഡിജിറ്റലായി പൂർത്തിയാക്കാം. പാസ്പോർട്ട് സ്കാൻ ചെയ്തു ഡിജിറ്റൽ ഇൻവോയിസ് വഴിയാണ് റീഫണ്ട് നടപടികൾ പൂർത്തിയാക്കുന്നത്.
വാറ്റ് റീഫണ്ട് നൽകുന്ന ഏജൻസിയായ പ്ലാനറ്റ് വഴിയാണ് ഓൺലൈൻ പർച്ചേസിന്റെ നികുതിയും തിരികെ ലഭിക്കുക. പദ്ധതി നടപ്പാകുന്നതോടെ നേരിട്ടും ഓൺലൈനിലും സാധനങ്ങൾ വാങ്ങുന്ന സന്ദർശകർക്ക് നികുതി തിരികെ ലഭിക്കും.