ജോലി വാഗ്ദാനവുമായി ഫോൺ കോൾ, ‘പണി' കിട്ടുമെന്ന് പൊലീസ്; പണം തട്ടുന്ന സംഘങ്ങൾ വ്യാപകം
Mail This Article
‘ഹലോ... എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണ്. സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നിങ്ങൾക്കു ജോലി ശരിയായിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും ഉടൻ ഈ നമ്പറിലേക്കു വാട്സാപ് ചെയ്യണം’. ഇങ്ങനെയൊരു കോൾ നിങ്ങൾക്കു വന്നേക്കാം, ശ്രദ്ധിക്കുക പിന്നിൽ തട്ടിപ്പു സംഘങ്ങളാകും. സംസ്ഥാനത്തെ ഉദ്യോഗാർഥികളുടെ ഫോണിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് കോൾ എത്തുക. ജോലി പ്രതീക്ഷിച്ചിരിക്കുന്നവർ ഈ കുരുക്കിൽ പെടുന്നതു വ്യാപകമാവുകയാണെന്ന് പൊലീസ്.
ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു വിളിച്ചതാണെന്ന വിശ്വാസത്തിൽ പറഞ്ഞ നമ്പറിലേക്ക് സർട്ടിഫിക്കറ്റുകളും ഫോട്ടോയും അയയ്ക്കും. ജോലി ലഭിക്കണമെങ്കിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ഉടൻ ഇത്ര വർഷത്തെ സർട്ടിഫിക്കറ്റ് അയച്ചു നൽകണമെന്നും തുടർന്ന് ആവശ്യപ്പെടും. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്നു മറുപടി നൽകിയാൽ സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ലഭിക്കില്ലെന്നും എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്നു പരിശോധിക്കട്ടെ എന്നാകും മറുപടി.
ജോലി ശരിയാക്കിത്തരാമെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനായി വേഗം ഈ നമ്പറിലേക്കു പണം അയയ്ക്കണമെന്നും ആവശ്യപ്പെടും. 1500 രൂപ മുതലാണ് ആവശ്യപ്പെടുന്നത്. വലിയ തുക ആവശ്യപ്പെടാറില്ല. പണം അയച്ചു കഴിഞ്ഞാൽ പിന്നെ ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല. പലരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിളിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായതാണെന്നു തിരിച്ചറിയുന്നത്. നഷ്ടപ്പെട്ടതു ചെറിയ തുകകൾ ആയതിനാൽ പലരും പൊലീസിൽ പരാതി നൽകാനും മടിക്കുന്നു. തട്ടിപ്പു വ്യാപകമായതോടെ സംസ്ഥാന എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ തന്നെ ഇത്തരം ഫോൺ കോളുകൾ വിശ്വസിക്കരുതെന്നും പണം നൽകരുതെന്നും ആവശ്യപ്പെട്ട് പത്രപ്പരസ്യം അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ചോരുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇത്തരം ഫോൺ കോളുകൾ വന്നാലുടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.