നിയമനമില്ലാതെ എന്തിന് വീണ്ടും SI വിജ്ഞാപനം?
Mail This Article
ഒന്നിനു പിറകെ ഒന്നായി സബ് ഇൻസ്പെക്ടർ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് പിഎസ്‌സി ‘കാര്യക്ഷമത’ തെളിയിക്കുമ്പോൾ വഴിയാധാരമാകുന്ന ഉദ്യോഗാർഥികളുടെ അവസ്ഥകൂടി ബന്ധപ്പെട്ടവർ പരിശോധിക്കണം. ഒരു റാങ്ക് ലിസ്റ്റും ഒരു വിജ്ഞാപനവും നിലനിൽക്കെ ഡിസംബർ 30ന് വീണ്ടും പുതിയ എസ്ഐ വിജ്ഞാപനം ഇറക്കുന്നവർ, ഇതുവരെ റിപ്പോർട്ട് ചെയ്തത് 5 എൻജെഡി ഒഴിവ് മാത്രമാണെന്നത് മറന്നുപോയോ? വാർഷിക വിജ്ഞാപനവും റാങ്ക് ലിസ്റ്റും നല്ലതാണ്. അതിനനുസരിച്ചു നിയമനംകൂടി നടക്കുന്നില്ലെങ്കിൽ വിജ്ഞാപനം ഇറക്കിയെന്ന് സ്വയം അഭിമാനിക്കാൻ മാത്രമേ കഴിയൂ.
എസ്ഐ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് കഴിഞ്ഞ ജൂൺ 7നാണ്. ഓപ്പൺ മാർക്കറ്റ്, കോൺസ്റ്റാബ്യുലറി, മിനിസ്റ്റീരിയൽ വിഭാഗങ്ങളിലായി ലിസ്റ്റിൽ 1,035 പേർ ഉൾപ്പെട്ടു. 6 മാസം പിന്നിട്ടിട്ടും 4 നിയമന ശുപാർശ മാത്രമാണു നടന്നത്. ഡിസംബർ 4ന് ഒരു ഒഴിവുകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ലിസ്റ്റിലെ നിയമന ശുപാർശയെ തുടർന്നുണ്ടായ 5 എൻജെഡി ഒഴിവല്ലാതെ പുതിയ ഒഴിവൊന്നും പൊലീസ് വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. 2025 ജൂൺ 6 വരെയാണു ലിസ്റ്റിന്റെ കാലാവധി. മുൻ ലിസ്റ്റിൽനിന്ന് 608 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
ഒരു റാങ്ക് ലിസ്റ്റിലെ ആയിരത്തിലധികം പേർ നിയമനം കാത്തിരിക്കെ ഈ തസ്തികയുടെ അടുത്ത റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ പണിപ്പുരയിലാണു പിഎസ്‌സി. 2023 ഡിസംബർ 29നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 27നു ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 3 കാറ്റഗറികളിലായി ഉൾപ്പെട്ടത് വെറും 618 പേർ. ആംഡ് പൊലീസ് എസ്ഐ ലിസ്റ്റിൽ രണ്ടു കാറ്റഗറികളിലായി 146 പേരെയും ഉൾപ്പെടുത്തി. ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയാണു പുതിയ വിജ്ഞാപനം വരുന്നത്. ഷോർട് ലിസ്റ്റിലെ വെട്ടിനിരത്തലോടെ, വരാനിരിക്കുന്ന റാങ്ക് ലിസ്റ്റിന്റെയും അതിലെ നിയമനത്തിന്റെയും ഗതി എന്തായിരിക്കുമെന്ന് ഏകദേശ ചിത്രമായി.
ലിസ്റ്റിൽ ഉൾപ്പെട്ട പകുതിപ്പേർക്കുപോലും നിയമനം നൽകാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണീ ‘വിജ്ഞാപന നാടകം?’. പൊലീസ് സേനയുടെ അംഗബലം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം ശുപാർശകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. അതൊക്കെ കണ്ടില്ലെന്നു നടിച്ച്, തുടരെത്തുടരെ വിജ്ഞാപനം ഇറക്കിയതുകൊണ്ടു മാത്രം കാര്യമില്ല. നിയമനത്തിലും കാണിക്കണം ഈ ശുഷ്കാന്തി.