ADVERTISEMENT

പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും പാഠ്യപദ്ധതിയുടെ ഭാഗം എന്നതിനപ്പുറം ജോലിയിലേക്കുള്ള വാതിൽ കൂടി ആകുന്നതാണ് പുതിയകാല റിക്രൂട്മെന്റ് ട്രെൻഡ്.

ജോലിക്കായി കാത്തിരിക്കാതെ, ക്യാംപസിൽനിന്നുതന്നെ സ്വയം സംരംഭങ്ങളുമായി മുന്നോട്ടു വരുന്നവരും ഏറെ.

പ്രോജക്ടായി തുടങ്ങി; ഇപ്പോൾ ജോലിയായി

കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി നിവേദ് കൃഷ്ണയുടെ അനുഭവം ഇതാ...

‘‘ അടുത്തവർഷമാണ് എന്റെ പാസിങ് ഔട്ട്. ബിടെക് പ്രോഗ്രാമിന്റെ ഭാഗമായി റെഡ്യൂസ്ഡ് ഇൻസ്ട്രക്‌ഷൻ സെറ്റ് കംപ്യൂട്ടിങ് വേർഷൻ 5 (ആർഐഎസ്‌സി–5) ആർക്കിടെക്ചർ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്കുള്ള ഇഷ്ടാനുസൃത പ്രോസസറുകൾ വികസിപ്പിക്കുന്നതാണു പ്രോജക്ട്. ഇതു കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടി.’’

പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ജോലിയിലേക്കുള്ള വാതിലാകുന്നതാണു നിവേദിന്റെ അനുഭവം നൽകുന്ന പാഠം. വിദ്യാർഥികൾ പ്രോജക്ടുകൾ ചെയ്ത കമ്പനികൾ വിദ്യാർഥികളെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കുന്നു; അഭിരുചി, സാങ്കേതിക പരീക്ഷകളില്ല. പഠനം മുടങ്ങാതെ വ്യവസായസ്ഥാപനങ്ങളിൽ പരിശീലനം ഉറപ്പാക്കുന്നതാണ് ഇത്തരത്തിലുള്ള മെന്റർഷിപ് പ്രോജക്ട് പദ്ധതി. ക്യാംപസിലെയും കമ്പനികളിലെയും മെന്റർമാരുടെ സഹായം കിട്ടും, തൊഴിൽസാഹചര്യം മനസ്സിലാക്കാം എന്നിവയാണു വിദ്യാർഥികൾക്കുള്ള മെച്ചം. വ്യവസായാവശ്യങ്ങൾ നിറവേറ്റാമെന്നതും ഗവേഷണകാലത്തെ വിദ്യാർഥികളുടെ പ്രകടനം, പ്രോജക്ടുകളിലെ പുതുമ എന്നിവ അടിസ്ഥാനമാക്കി റിക്രൂട്മെന്റ് നടത്താമെന്നതും കമ്പനികൾക്കു നേട്ടമാണ്. ഐഐഐടിയിൽ 2025 ബാച്ചിലെ 4 വിദ്യാർഥികൾക്കു പ്രോജക്ട് വഴി 17.5 ലക്ഷം രൂപ പ്രതിവർഷ ശമ്പളത്തിൽ പ്ലേസ്മെന്റ് ഓഫർ ലഭിച്ചു. പ്രോജക്ടുകൾ ഉൽപന്നമാക്കി വികസിപ്പിക്കാനും കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.

ആദ്യം ഇന്റേൺഷിപ് പിന്നെ പ്ലേസ്മെന്റ്

ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)കളിൽ ഈ മാസം ആരംഭിച്ച റിക്രൂട്മെന്റ് സീസണിൽ ഐഐടി മദ്രാസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കു ട്രേഡിങ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി രൂപയുടെ വാർഷിക പാക്കേജാണ് ഓഫർ ചെയ്തത്. നേരത്തേ ഇതേ കമ്പനിയിൽ ഇന്റേൺഷിപ് പൂർത്തിയാക്കിയതിന്റെ പിൻബലത്തിലാണു ക്വാണ്ടിറ്റേറ്റീവ് ട്രേഡർ ജോലിവാഗ്ദാനം വിദ്യാർഥിക്കു ലഭിച്ചത്. ഇങ്ങനെ ഇന്റേൺഷിപ് പ്ലേസ്മെന്റ് ആക്കി മാറ്റുന്ന പ്രീ പ്ലേസ്മെന്റ് ഇപ്പോൾ ക്യാംപസുകളിൽ അപരിചിതമല്ല. ഇന്റേൺഷിപ്പിന് എത്തുന്നവരെ വിലയിരുത്തി മികവുള്ളവരെ ജോലിക്കെടുക്കുകയാണു കമ്പനികൾ. അതിനാൽ 6 മാസ ലോങ് ഇന്റേൺഷിപ്പുകൾ പതിവായി. സ്വകാര്യ, കൽപിത സർവകലാശാലകളിൽ ചിലതു ഹാജർ വ്യവസ്ഥയിൽ ഇളവുനൽകി ഒരു വർഷത്തേക്കുവരെ ഇന്റേൺഷിപ് പ്രോത്സാഹിപ്പിക്കുന്നു.

അവസാന 2 സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പിനു പോകുന്ന വിദ്യാർഥികൾ പരീക്ഷയെഴുതാൻ മാത്രം ക്യാംപസിലെത്തിയാൽ മതിയെന്ന സൗകര്യം കോട്ടയം ഐഐഐടി നൽകുന്നുണ്ട്. ഇവർക്ക് ഓൺലൈനായി ക്ലാസിൽ പങ്കെടുക്കാം. ഇന്റേൺഷിപ്പിനു പോകുന്നവരെ പരീക്ഷകളുടെ എണ്ണം ഇളവു ചെയ്താണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രോത്സാഹിപ്പിക്കുന്നത്. എട്ടാം സെമസ്റ്ററിൽ നാലിനു പകരം 2 വിഷയങ്ങൾ എഴുതി ജയിച്ചാൽ മതി.

ഇന്റേൺഷിപ്പും പാർട്‌ടൈം ജോലിയും വഴി നേരിട്ടു പ്ലേസ്മെന്റ് കിട്ടിയില്ലെങ്കിലും മറ്റൊരു മെച്ചമുണ്ട്; തൊഴിൽ മേഖലയുമായി പരിചയപ്പെടാനും പ്ലേസ്മെന്റ് ഡ്രൈവുകളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാനും സഹായിക്കും.

English Summary:

Campus Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com