നിങ്ങൾ അപ്ഡേറ്റഡ് ആണോ? പുതിയ സ്കിൽ നേടാത്തവരെ ആർക്കു വേണം?
Mail This Article
കാലം മാറുന്നതിനനുസരിച്ചു പുതിയ സ്കിൽ ശീലിക്കേണ്ട സാഹചര്യമാണിപ്പോൾ. അത്രയ്ക്കു വേഗത്തിലാണ് സാങ്കേതികരംഗത്തെ വളർച്ച. ഒരേ ടെക്നോളജി ഉപയോഗിച്ചു 10 – 15 വർഷം ജോലി ചെയ്തെങ്കിൽ ഇനിയതു സാധിക്കില്ലെന്ന വെല്ലുവിളി ക്യാംപസുകളും മനസ്സിലാക്കുന്നു
പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നൈപുണ്യങ്ങൾ (സ്കിൽസ്) നേടിയെടുക്കുക ക്യാംപസ് പ്ലേസ്മെന്റിൽ പ്രധാനമാണ്. സ്കിൽ വിലയിരുത്താൻ ഓൺലൈൻ കോഡിങ് ചാലഞ്ചുകളും ഹാക്കത്തോണുകളും കേസ് സ്റ്റഡി പ്രോജക്ടുകളുമെല്ലാം കമ്പനികൾ നടത്തുന്നു.
ഈ ട്രെൻഡ് മനസ്സിലാക്കി വിദ്യാർഥികൾക്കു റീ സ്‌കില്ലിങ്, അപ് സ്‌കില്ലിങ് എന്നിവ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നു. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) കരിക്കുലത്തിൽ ജർമൻ, ഫ്രഞ്ച് ഭാഷാപഠനം ഉൾപ്പെടുത്തിയത് ഉദാഹരണം. ഒരു ജപ്പാൻ കമ്പനി വിദ്യാർഥികളെ റിക്രൂട്ട് ചെയ്തശേഷം സ്റ്റൈപൻഡോടെ ജാപ്പനീസ് പഠിപ്പിച്ചതു പ്രേരണയായി. എല്ലാ വിദ്യാർഥികൾക്കും അനലറ്റിക്കൽ സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, ബിടെക് പ്രോഗ്രാമുകളിൽ കോഡിങ് എന്നിവയിൽ പരിശീലനം നൽകിയാണു കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) വിദ്യാർഥികളെ ഒരുക്കുന്നതെന്നു പ്ലേസ്മെന്റ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് കുമാരൻ തമ്പി പറഞ്ഞു.
കമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾ എന്തെന്നറിഞ്ഞു വിദ്യാർഥികളെ ഒരുക്കുന്നതാണു ചില ക്യാംപസുകളുടെ രീതി. ഉദാഹരണമായി, ഈ വർഷം പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വിജ് അറിയുന്നവരെയാണു കമ്പനികൾ ആവശ്യപ്പെടുന്നതെങ്കിൽ അതിൽ പരിശീലനം നൽകുമെന്നു കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് മേധാവി ഡോ. മനു ജെ.പിള്ള പറഞ്ഞു.
ഐസിടി അക്കാദമി ഓഫ് കേരള, ഐഎച്ച്ആർഡി, സിസിഇകെ (സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ), കെൽട്രോൺ എന്നിവയ്ക്കും സംസ്ഥാനത്തെ 864 കോളജുകളിലായി ൈനപുണ്യ വികസന കേന്ദ്രങ്ങളും കോഴ്സുകളും ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയും തൊഴിലന്വേഷകർക്കു സഹായകരമാണ്.