Activate your premium subscription today
‘‘എന്തിനാണു മാഷേ കഥ പറയാൻ ഇത്ര ഭീരുവാകുന്നത്’’. ഇങ്ങനെ ചോദിച്ച തന്റെ വിദ്യാർഥിയെ ഓർത്തുകൊണ്ടാണ് ജിതേഷ് ആസാദ് ‘നീലിവേട്ട’ എന്ന തന്റെ കഥാസമാഹാരം ആരംഭിക്കുന്നത്. അതിലൊരു വലിയ ധൈര്യമുണ്ട്. ജിതേഷിന്റെ കഥകളിലെല്ലാമുള്ള ആ ആർജവത്തിന്റെ തെളിച്ചം നീലിവേട്ടയിലും വായനക്കാരനെ വഴിനടത്തുന്നുമുണ്ട്. എന്നും വിദ്യാർഥിയായിരിക്കാൻ ഇഷ്ടപ്പെടുന്നൊരു അധ്യാപകൻ ഈ മാഷിലുണ്ടെന്നതു തന്നെയാണു പുതിയ കാലത്തോടു സംവദിക്കുന്ന കഥകൾ എഴുതപ്പെടുന്നതിനു പിന്നിലെ രഹസ്യം. പ്രകൃതിയും സ്ത്രീയും കഥകളിലെ ശക്തമായ സാന്നിധ്യങ്ങളാണ്. ‘‘ആസൂത്രണം ചെയ്യുന്ന കഥകളെല്ലാം കള്ളക്കഥകളാണെടി പെണ്ണേ. കഥ കാടിനെപ്പോലെ വളരണം. കാട്ടുചെടികളെപ്പോലെ തോന്നിയിടത്തേക്കു പടരണം. അല്ലാത്ത കഥകളൊക്കെ കുത്തിവച്ചു പുള്ളാരെ ഉണ്ടാക്കുന്ന പോലയാണ്’’. നീലിവേട്ട എന്ന കഥയിലെ ഈ ഭാഗത്തെത്തി നിൽക്കുമ്പോൾ വായനയും കാടുകയറിത്തുടങ്ങും. ‘അവനവൾ’ എന്ന കഥയിൽ അവനവളുടെ ഉടൽ ഏതു നഗരത്തിലും ചുവന്ന തെരുവെന്നു വിളിക്കപ്പെടുമെന്ന് ജിതേഷ് എഴുതുമ്പോൾ ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള ഏറ്റവും ശക്തമായ ഐക്യദാർഢ്യപ്പെടലായി ‘അവനവൾ’ മാറുകയാണ്. മാസ്കൻ അഥവാ മുഖാവരണൻ, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ എന്നീ കഥകളിലെത്തുമ്പോൾ നർമത്തിൽ പൊതിഞ്ഞ രൂക്ഷമായ സാമൂഹികവിമർശനം വാക്കുകളിൽ തീപടർത്തുകയാണ്. നീലിവേട്ട, ബോൺസായ് മരങ്ങൾ, മാസ്കൻ അഥവാ മുഖാവരണൻ, അവനവൾ, ഞാവലട്ട, അഥീന, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ, താടി, മരണവേട്ട എന്നീ 9 കഥകളാണു ‘നീലിവേട്ട’ എന്ന കഥാസമാഹാരത്തിലുള്ളത്. അഞ്ജു പുന്നത്തിന്റേതാണ് കവറും വരകളും. എഴുത്തുജീവിതത്തെക്കുറിച്ച് ജിതേഷ് ‘പുതുവാക്കിനോട്’ മനസ്സു തുറന്നപ്പോൾ...
Results 1-1