ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ജീവിതകാലം, ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ), എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലമെന്റ് അംഗമായിരുന്നു. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തി എ.കെ. ഗോപാലനാണ്. എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.