ADVERTISEMENT

യാത്ര തന്നെ ചെലവാണെന്നു കരുതുന്നവരേ വിട. യാത്രയോടു പ്രേമമുള്ളവർക്കാണീ ചെറുകുറിപ്പ്.  എന്തിനു ചെലവു കുറയ്ക്കണമെന്ന് അറിയാമല്ലോ. നമ്മുടെ പൊതുബജറ്റിനെ അതു ബാധിക്കും എന്നത് ആദ്യ കാര്യം. അതെല്ലാവർക്കും ബോധ്യവുമുണ്ടായിരിക്കും.  ചെലവു കുറയ്ക്കുന്നത് യാത്രയുടെ ഫീൽ കുറയ്ക്കില്ലേ എന്നു ചിലർ ചോദിച്ചേക്കാം. ഇല്ലെന്നാണ് ഉത്തരം. ശരിയായ രീതിയിൽ  ചെലവുകൾ കുറയുന്നത് യാത്രയെ കൂടുതൽ മെച്ചപ്പെടുത്തും. കാഴ്ചകളുടെ ഫ്രെയിം വലുതാകും. നിരീക്ഷണപാടവും വർധിക്കും.  യാത്രയിൽ ചെലവു കുറയ്ക്കാൻ ചില പത്തു മാർഗങ്ങൾ

1) യാത്രയിലെ പ്ലാനിങ് 

budget-trip-Air-ticket-fare
ഫ്ളൈറ്റ് ബുക്കിങ് കുറഞ്ഞ നിരക്കിൽ

‘’ ഡോ..  പ്ലാൻ ചെയ്ത യാത്രയൊന്നും നടക്കുകയില്ല. ഒരു ദിവസം തോന്നും അന്നുതന്നെ പോകും’’ - ഇതാണു നമ്മുടെ സ്റ്റൈൽ. ഇങ്ങനെ പറയുന്ന ഒത്തിരി പേരെ നാം കണ്ടിട്ടുണ്ടാകും. ഈ പറഞ്ഞതിലൊരു ശരിയുമുണ്ട്. പ്ലാൻ ചെയ്യുന്ന സമയം കൂട്ടുകാർക്കോ മറ്റോ വല്ല ബുദ്ധിമുട്ടുണ്ടാകും. യാത്ര മുടങ്ങും. എന്നാൽ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതുകൊണ്ട് ഗുണങ്ങളെറെയുണ്ട്.  എയർടിക്കറ്റ് വിലയിൽ വലിയ കുറവുണ്ടാകും.

budget-tripScreenshot-2019-02-17-at-5.26
ടിക്കറ്റ് നിരക്ക് ശ്രദ്ധിക്കാം

പലപ്പോഴും മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്യുന്നതിലൂടെ പകുതിയിലധികം രൂപ ഫ്ലൈറ്റ് ചാർജിൽ ലാഭിക്കാം. ഉദാഹരണത്തിന് ഡൽഹിയിലേക്കാണു പറക്കുന്നതെന്നു വയ്ക്കുക. ചിത്രത്തിലെ ചാർട്ടിൽ അടുത്ത ദിവസങ്ങളിലെയും  മാസാവസാനത്തെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം കണ്ടറിയാം. ചാർജ് മൂന്നിലൊന്നായി കുറയുന്നതു കാണാം.  ഇതുതന്നെ മാസങ്ങൾക്കു മുൻപേ ആക്കിയാലോ അമ്പരപ്പിക്കുംവിധം കുറവുണ്ടാകും.  സകുടുംബയാത്രകളിൽ ഇങ്ങനെ മുൻകൂട്ടി എയർടിക്കറ്റ് ബുക്ക് ചെയ്യാം.

budget-trip3
ചെലവ് കുറഞ്ഞ യാത്ര പ്ലാൻ ചെയ്യാം

ഇതേ പ്ലാനിങ് ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യുന്നതിലും നടപ്പിലാക്കിയാൽ അവിടെയും ചാർജ് കുറയ്ക്കാം. ഈ കുറയുന്ന തുക നിങ്ങൾ കാണാൻ പോകുന്ന ഇടങ്ങളിലെ കാഴ്ചകൾക്കോ കൂടുതൽ നല്ല ആഹാരം കഴിക്കുന്നതിനോ ചെലവിടാം.

2) സംഘാംഗങ്ങളുടെ എണ്ണം നിശ്ചയിക്കുക. 

യാത്രയിൽ എത്ര പേരുണ്ടാകണം…?  പരമാവധി അഞ്ച് എന്നാണുത്തരം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ഒരു ചെറു കാർ വാടകയ്ക്കെടുത്തു കറങ്ങണമെങ്കിൽ നാലോ അഞ്ചോ പേരുണ്ടാകുന്നതാണു കൂടുതൽ സൗകര്യം. ആറു പേരാണു സംഘത്തിൽ എന്നു കരുതുക. നമുക്കു  രണ്ടാമതൊരു വാഹനം കൂടി ഏർപ്പാടാക്കേണ്ടിവരും. ഒന്നിച്ചുള്ള യാത്ര എന്ന ആശയം ഇല്ലാതാകും.  ടാക്സിക്കൂലി കൂടും. 

ഇനി യാത്രയിൽ  ഒഴിവാക്കാൻ പറ്റാത്തവരുണ്ട് എന്നു വയ്ക്കുക. ആളുകളുടെ എണ്ണം എട്ടായി എന്നു കരുതുക. അപ്പോൾ എട്ടിലും കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. അതായത് നാലുപേരെ കൂടെ കൂട്ടിയാൽ ട്രാവലർ പോലെ  വലിയൊരു വാഹനം ബുക്ക് ചെയ്യാം. കൂടുതൽ പേരിൽനിന്നു ഷെയർ കിട്ടുന്നതു കൊണ്ടു ലാഭകരമായിരിക്കും.  അന്നേരം രണ്ടു വാഹനങ്ങളിൽ പോകുന്നതിന്റെ രസക്കേട് ഒഴിവാക്കാം. ചെലവും കുറയ്ക്കാം. 

3) സ്ഥലങ്ങളിൽ എത്തേണ്ട സമയം? 

budget-trip10
യാത്രയിൽ

നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് പകൽ തന്നെ എത്തിച്ചേരുക. അസമയത്ത് എത്തി ഹോട്ടൽറൂം കണ്ടുപിടിക്കുമ്പോൾ നിരക്ക് സ്വാഭാവികമായും  കൂടും. നിങ്ങൾക്കു പോകാൻ മറ്റൊരു ഇടമില്ലെന്നു കണ്ടാൽ റേറ്റ് കൂട്ടും ചില ഹോട്ടലുകാർ.   പകൽ സമയത്ത് എത്തിയാൽ നമുക്കിണങ്ങിയ ബജറ്റ് ഹോട്ടലുകൾ കണ്ടുപിടിക്കാം. 

4) പ്രധാന സ്ഥലത്തുതന്നെ റൂം ബുക്ക് ചെയ്യുക

budget-trip4
യാത്രയിൽ ശ്രദ്ധിക്കാം

നാം ഒരു ഉൽസവത്തിനോ അത്തരത്തിലുള്ള മറ്റേതെങ്കിലും കാര്യപരിപാടികൾക്കോ പോകുകയാണെന്നു വയ്ക്കുക. അവിടെ നാം താമസിക്കുന്ന സ്ഥലമല്ല പ്രധാനം. കാഴ്ചയാണ്. അന്നേരം ഇത്തരം സ്ഥലങ്ങളോടു ചേർന്ന താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കുക. ഗുണങ്ങളേറെയാണ്- 

അവിടെ കറങ്ങാനായി നമ്മുടെ വാഹനങ്ങൾ അധികം ഉപയോഗിക്കേണ്ടി വരില്ല. എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്താം.  എന്നാൽ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം- സീസൺ ആകുമ്പോൾ റൂമുകൾക്കു വില കൂട്ടുന്ന ഏർപ്പാട് ഉണ്ടോയെന്നു പരിശോധിക്കണം. 

5) ആഹാരകാര്യങ്ങളിൽ ചെലവു കുറയ്ക്കണോ? 

ദീർഘദൂരയാത്ര സ്വന്തം കാറിലാണെങ്കിൽ സംഘത്തിൽ ആളുകൾ കൂടുതലാണെങ്കിൽ കുപ്പിവെള്ളം വാങ്ങുന്ന കാര്യത്തിൽ വരെ ശ്രദ്ധ ചെലുത്തണം. ഒരാൾക്ക് ഒരു ദിവസം  ചുരുങ്ങിയത് ഒരു കുപ്പി എന്നു കണക്കാക്കിയാൽ അഞ്ചുകുപ്പി വേണം കാറിൽ. ചില പെട്രോൾ പമ്പുകളിൽ കുപ്പിയ്ക്ക് പത്തുരൂപ വിലയുള്ള വെള്ളം ലഭിക്കും. ഒരു കുപ്പിയിൽ പത്തുരൂപ ലാഭം. വീട്ടിൽനിന്നാണു പുറപ്പെടുന്നതെങ്കിൽ വലിയ കാനിൽ വെള്ളം കരുതാം. പിന്നീട് നല്ലയിടങ്ങളിൽനിന്നു വീണ്ടും നിറയ്ക്കാം. അതുമല്ലെങ്കിൽ ഏതെങ്കിലും റയിൽവേ സ്റ്റേഷനിൽനിന്നു കുപ്പിവെള്ളം വാങ്ങാം.  അഞ്ചുരൂപ ഒരു കുപ്പിയിൽ ഇങ്ങുപോരും.  

6) സാമ്പത്തിക അച്ചടക്കം 

budget-trip8
ചെലവ് കുറഞ്ഞ യാത്ര പ്ലാൻ ചെയ്യാം

യാത്ര പുറപ്പെടുന്നതിനു മുൻപ് ഒരു പൊതുബജറ്റ് തയ്യാറാക്കുക. എത്ര ചെലവുണ്ടാകും എന്നതിന് ഏകദേശരൂപം ഉണ്ടാക്കുക. ഉദാഹരണത്തിന് പതിനായിരം രൂപ എന്നു കണക്കാക്കാം. ഇതിൽ അയ്യായിരം രൂപ ആദ്യമായി എല്ലാവരിൽനിന്നും യാത്ര തുടങ്ങുംമുൻപ് സമാഹരിക്കുക.

സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യപടി ഇതാണ്.  പലരും ചെലവു ചെയ്താൽ ഒരു ക്രമമുണ്ടാകില്ല. എത്ര ചെലവായി എന്നതിന് ധാരണയുമുണ്ടാകില്ല.  മികച്ച രീതിയിൽ കാശു ചെലവാക്കുന്ന ഒരു സുഹൃത്ത് എല്ലാർക്കുമുണ്ടാകുമല്ലോ. അത്തരമൊരു ചങ്ങാതിയെ ഈ പൊതുഫണ്ട് ഏൽപ്പിക്കുക. 

7) ഓൺലൈൻ ബുക്കിങ് ചെയ്യുമ്പോൾ 

budget-trip9
ചെലവ് കുറഞ്ഞ താമസം

ഹോട്ടലുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യുമ്പോൾ ചെലവു കുറയുമെന്നറിയാമല്ലോ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ചെക്ക് -ഇൻ സമയം മിക്കവാറും പന്ത്രണ്ടുമുതൽ പന്ത്രണ്ടുവരെയാകും. നമ്മൾ അതിരാവിലെ സ്ഥലത്തെത്തി എന്നു കരുതുക.

ഹോട്ടലിൽ കയറണമെങ്കിൽ മേൽസൂചിപ്പിച്ച സമയം തന്നെയാകണം. അതിനുമുൻപ്  ചെക്ക് ഇൻ ചെയ്യുമ്പോൾ രണ്ടുദിവസത്തെ വാടക കൊടുക്കേണ്ടി വരും. ഇതു ചെലവുകൂട്ടും. ബുക്ക് ചെയ്ത ഹോട്ടലിൽ വിളിച്ചു നാം  എത്തിയ കാര്യം അറിയിക്കാം.  പലരും ഓക്കെ പറയാറുണ്ട്. പറ്റില്ല രണ്ടുദിവസത്തെ വാടകതന്നെ തരണം എന്നാണു നയമെങ്കിൽ വേറെ ഹോട്ടലുകൾ നോക്കാം. 

8) ഇന്ധനമടിക്കുന്നതിൽ ശ്രദ്ധിക്കേണ്ടത്

budget-trip7

ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് എണ്ണയടിക്കാം. പലപ്പോഴും ക്യാഷ്ബാക്ക് കിട്ടും. ഏറെനാൾ നീണ്ടുനിൽക്കുന്ന യാത്രകളിൽ ഇങ്ങനെ കിട്ടുന്നതു നല്ലൊരു ലാഭമായിരിക്കും. പലയിടത്തുനിന്നായി കുറച്ചുകുറച്ച് എണ്ണയടിക്കുന്നതിനെക്കാൾ നല്ലത് ഏതാണ്ട് ഫുൾടാങ്ക് ഒരിടത്തുനിന്ന് നിറയ്ക്കുകയാണ്.  ഓരോ ബാങ്കുകളുമായും കാർഡുകളുമായും ഓയിൽകമ്പനികൾക്കു  ടൈ-അപ്പ് ഉണ്ടാകും. അതതു പെട്രോൾ കമ്പനികളുടെ പമ്പിൽനിന്ന് എണ്ണയടിച്ചാൽ സർച്ചാർജിലും മറ്റും കുറവുണ്ടാകും. ചെറുതെങ്കിലും അതും ലാഭത്തിൽ കൂട്ടാം. 

9) കാഴ്ചകൾ എല്ലാം കാണണോ? 

യാത്ര തുടങ്ങുംമുൻപേ പോകേണ്ട സ്ഥലങ്ങളും കാണേണ്ട കാഴ്ചകളും അടയാളപ്പെടുത്തണം. അപ്പോൾ നമുക്ക് വാഹനത്തിന്റെയും  മറ്റുള്ള കാര്യങ്ങളുടെയും  ചെലവുകൾ മനസ്സിലാക്കാം. എന്നാൽ  പ്ലാൻ ചെയ്തതിനപ്പുറം ഒരു സ്ഥലത്തെ മറ്റു കാഴ്ചകൾ കൂടി കണ്ടേക്കാം എന്നു കരുതുന്ന ചിലരുണ്ട്. അതു ചെലവു കൂട്ടും. അന്നേരം നിങ്ങൾക്കു തന്നെ അവിടെനിന്നു ടാക്സി പിടിക്കേണ്ടി വരും.  നിങ്ങളുടെ വാഹനത്തിൽ തന്നെ കൂടുതൽ ഇന്ധനമടിക്കേണ്ടി വരും. 

10) ആരോഗ്യ ചെലവുകൾ കുറയ്ക്കാം

budget-trip6

ഒരിടത്തെ കാഴ്ചയോടൊപ്പം പ്രാധാന്യമുള്ള കാര്യമാണ് തനതു ആഹാരരീതികൾ പരീക്ഷിക്കുക എന്നത്. ഉത്തരേന്ത്യയിലെ പാനിപുരി പോലുള്ള വിഭവങ്ങൾ ഉദാഹരണമായി എടുക്കാം.   ഈ രുചിയിടങ്ങളിൽനിന്നു പണികിട്ടുകയില്ല എന്നുറപ്പാക്കിയിട്ടു വേണം കയറാൻ. 

തട്ടുകടകളിൽനിന്നു കഴിക്കുകയാണു ഫീൽ എന്നൊക്കെ രസകരമായി പറയാമെങ്കിലും വയറിന് ഒരു പ്രശ്നം പറ്റിയാൽ നിങ്ങൾ മിച്ചം വച്ചതൊക്കെ ആസ്പത്രിയിൽ കൊടുക്കേണ്ടി വരും. യാത്ര മുടങ്ങുമെന്നു വേറൊരു പ്രശ്നം.  പാനിപുരി കഴിച്ചേ പറ്റൂ എന്നാണെങ്കിൽ നല്ല വൃത്തിയുള്ള  ഹോട്ടലുകളിൽനിന്നു ലഭിക്കുന്നവ പരീക്ഷിക്കാം. അന്നേരം ചെലവു കൂടുന്നത് മേൽപ്പറഞ്ഞ  ചെലവു കുറയ്ക്കുമെന്നോർക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com