69-ാം ഹെയർപിന്നിൽ പിന്നിട്ട വഴി മുഴുവൻ കാണാം; ഇത് കൊല്ലിമലയുടെ വിസ്മയം
Mail This Article
മരണത്തിന്റെ മല എന്നൊരു വിളിപ്പേരുണ്ട് കൊല്ലിമലയ്ക്ക്. അതിസാഹസികരാണെങ്കിലും അൽപമൊന്നു മടിക്കും കൊല്ലിമലയിലേക്കു യാത്രപോകാൻ. എഴുപതോളം ഹെയർപിൻ വളവുകൾ നിറഞ്ഞ, ശ്രദ്ധ അൽപമൊന്നു പാളിപ്പോയാൽ മരണം കാത്തിരിക്കുന്ന ആ മലയിലേക്കുള്ള യാത്ര കഠിനമെങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്തത്ര സുന്ദരമായ കാഴ്ചകൾ സമ്മാനിക്കും ആ പാതയും എത്തിച്ചേരുന്നയിടവും.
തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് കൊല്ലിമല; തമിഴ്‌നാടിന്റെ ഹൃദയഭാഗത്ത്. നാമക്കലിലെ അടിവാരം അഥവാ കാരവല്ലി എന്ന സ്ഥലത്തുനിന്നാണ് കൊല്ലിമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഏറെ അപകടം പിടിച്ച വഴിയിൽ മുപ്പതു മീറ്റർ ഇടവേളയിൽ വളവുകളുള്ളതിനാൽ ഏറെ ശ്രദ്ധിച്ചുവേണം ഡ്രൈവ് ചെയ്യാൻ. എഴുപതു മുടിപ്പിന്നുകൾ പോലുള്ള വളവുകൾ പിന്നിട്ടാൽ മലമുകളിലെത്തും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1300 അടി മുകളിൽ, പൂർവഘട്ട മലനിരകളിലാണ് കൊല്ലിമല. ചുരം താണ്ടി 69- ാം വളവിലെത്തുമ്പോൾ, പിന്നിട്ട വഴി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു വ്യൂ പോയിന്റുണ്ട്. ആ കാഴ്ചയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. ഓരോ മുടിപ്പിൻ വളവിലും ഓരോ കാഴ്ച ഒളിപ്പിച്ചു വെച്ചാണ് കൊല്ലിമല അതിഥികളെ സ്വീകരിക്കുന്നത്; സുന്ദരവും അത്രതന്നെ അപകടകരവും.
വിനോദസഞ്ചാര കേന്ദ്രം എന്നതിനുപരി തമിഴർക്ക് തീർഥാടന കേന്ദ്രമാണ് കൊല്ലിമല. ഇവിടെ ഒരു പരമശിവന്റെ ഒരു ക്ഷേത്രമുണ്ട്. അറപ്പാലീശ്വരൻ എന്നാണ് ഈ ശിവനെ നാട്ടുകാർ വിളിക്കുന്നത്. അതിനു സമീപമാണ് ആഗായഗംഗ എന്ന വെള്ളച്ചാട്ടം. കൊല്ലിമലയിൽനിന്നു 16 കിലോമീറ്റർ കഴിഞ്ഞാണിത്. അയിരു നദിയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. 300 അടി മുകളിൽ നിന്നാണ് വെള്ളം താഴോട്ടുപതിക്കുന്നത്. ഈ ജലത്തിനു ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. വെള്ളം കുറവായ വേനൽക്കാലത്ത് 1200 ഓളം പടവുകൾ ഇറങ്ങിവേണം വെള്ളച്ചാട്ടത്തിലെ സ്നാനം ആസ്വദിക്കാൻ. ഇവിടെ ഒരു തവണ സ്നാനം ചെയ്താൽ സകലരോഗങ്ങളും അകലുമെന്നാണ് വിശ്വാസം. വിശ്വാസങ്ങൾക്കും ഐതീഹ്യങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്തയിടമാണ് കൊല്ലിമല.
കൊല്ലിപ്പാവെ എന്ന ദേവതയുമായി ബന്ധപ്പെട്ടും ഒരു കഥയുണ്ട്. പണ്ട്, വളരെ ശാന്തവും ആളുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ കൊല്ലിമലയിൽ മുനിമാർ തപസ്സിനെത്തി. അവരുടെ തപസ്സിന്റെ കാഠിന്യത്താൽ അവിടം മുഴുവൻ കൊടുംചൂടു തുടങ്ങി. ബുദ്ധിമുട്ടിലായ നാട്ടുകാരുടെ പ്രാർഥന കേട്ട കൊല്ലിപ്പാവെ എന്ന ദേവി പുഞ്ചിരി തൂകികൊണ്ട് ആ ചൂടിനെ ശമിപ്പിച്ച് ജനങ്ങളെ രക്ഷിച്ചു എന്നാണ് കഥ. അങ്ങനെ അവിടുത്തെ മനുഷ്യരെ സംരക്ഷിച്ച് ദേവി വസിക്കുന്ന ഇടം കൂടിയാണ് കൊല്ലിമല എന്നു പറയപ്പെടുന്നു.
കൊല്ലിമല വിനോദസഞ്ചാരികൾക്കും മറക്കാനാകാത്ത കാഴ്ചകൾ സമ്മാനിക്കും. മലമുകളിൽനിന്നു പ്രധാനമായും രണ്ടു വ്യൂപോയിന്റുകൾ ആണുള്ളത്. സേലാർ നാട്, സീകുപാറ എന്നിവയാണ് പ്രധാന പോയിന്റുകൾ. ട്രെക്കിങ്, ഹൈക്കിങ്, ബോട്ടിങ് പോലുള്ള വിനോദങ്ങൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
വേനലാണ് കൊല്ലിമല സന്ദർശിക്കാൻ ഉചിതം. അപകടസാധ്യതയേറെയായതു കൊണ്ടുതന്നെ മഴക്കാലയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. രാത്രിയിൽ കൊല്ലിമലയിലേക്കുള്ള യാത്രയും അധികൃതർ പ്രോത്സാഹിപ്പിക്കുന്നില്ല. അതിരാവിലെ ചുരം കയറുന്നതാണ് സുരക്ഷിതം. മാത്രമല്ല, കൊല്ലിമലയിലെ അസാധാരണ സൗന്ദര്യമുള്ള പുലരി ആസ്വദിക്കുകയും ചെയ്യാം.
ചിത്രങ്ങൾ : നിബിൻ