ADVERTISEMENT
Image Courtesy National War Memorial Facebook page
Image Courtesy : National War Memorial Facebook page

നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹി വിശേഷപ്പെട്ട നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. ഡൽഹിയുടെ പ്രൗഢിയേറിയ പഴമയും ആഢ്യത്വം തുളുമ്പുന്ന പുതുമയും സഞ്ചാരികൾക്കു എക്കാലവും വിസ്മയമാണ്. മുഗൾ ഭരണകാലത്തെ നിർമിതികളും ഇന്ദിരാഗാന്ധി മ്യൂസിയവും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടും സപ്താത്ഭുതങ്ങളിൽ ഒന്നായ താജ് മഹലും ചെങ്കോട്ടയുമൊക്കെ ഡൽഹിയിലെ സുപ്രധാന കാഴ്ചകളാണ്. ഡൽഹിയിലെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടം കൂടി ഇനിയുണ്ട്, ദേശീയ യുദ്ധ സ്മാരകം. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച ഈ സ്മാരകം, രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീരയോദ്ധാക്കൾക്കുള്ള നാടിന്റെ ആദരവാണ്.

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്ന ധീരസൈനികരെ ആദരിക്കാൻ ഉചിതമായ സ്മാരകം,  'ദേശീയ യുദ്ധ സ്മാരകം'! രാജ്യ സംരക്ഷണത്തിനായി സ്വജീവൻ ത്യജിച്ച എല്ലാ പോരാളികൾക്കുമുള്ള ആദരവാണ് ആ യുദ്ധസ്മാരക സമർപ്പണത്തിലൂടെ പൂർത്തീകരിക്കപ്പെട്ടത്. അമർ ജവാൻ ജ്യോതിയ്ക്കു സമീപത്തായി ഡൽഹിയിലാണ് പുതിയ സ്മാരകം. രാജ്യത്തിന്റെ പോരാളികൾക്കുള്ള ഈ ആദരത്തെ അഭിമാനത്തോടെയാണ് മുഴുവൻ ജനതയും സ്വീകരിച്ചത്.

ചക്രവ്യൂഹത്തിനോട് സമാനമായ നിർമിതി

national-war-memorial2
Image Courtesy : National War Memorial Facebook page

നാൽപതു ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ നിർമാണവും സവിശേഷതകൾ നിറഞ്ഞതാണ്. മഹാഭാരതത്തിലെ ചക്രവ്യൂഹത്തിനോട് സമാനമായ നിർമിതിയാണ്. ഏകകേന്ദ്രീകൃതമായ നാലു ചക്രങ്ങൾ, ആദ്യ ചക്രത്തിന്റെ പേര് 'അമർ ചക്ര' എന്നാണ്. വീരന്മാരുടെ അനശ്വരതയെയാണ് ഇതു സൂചിപ്പിക്കുന്നത്. 'വീർ ചക്ര' എന്ന രണ്ടാം ചക്രം, ജവാന്മാരുടെ ധീരതയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നാം ചക്രത്തിനു യോദ്ധാക്കളുടെ ത്യാഗത്തെ മാനിച്ചുകൊണ്ട് പേരു നൽകിയിരിയ്ക്കുന്നതു 'ത്യാഗ് ചക്ര' എന്നാണ്. അവസാനത്തേതിനു, 'രക്ഷക് ചക്ര' എന്നാണ് പേര്. കാവൽ, സംരക്ഷണം എന്നതിനെ സൂചിപ്പിക്കുന്നു നാലാം ചക്രം. പരംവീര ചക്ര നേടിയ 21 പോരാളികളുടെ പ്രതിമകളും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

25942 സൈനികരുടെ പേരിന്റെ ആലേഖനം

രാജ്യത്തിനായി ജീവൻ നൽകിയ 25942 സൈനികരുടെ പേരും റാങ്കും റെജിമെന്റുകളും 16 ചുവരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.  1947 - 1948 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം, 1961ലെ ഗോവയെ ഇന്ത്യയോട് യോജിപ്പിക്കൽ, 1962 ലെ ഇന്ത്യ- ചൈന യുദ്ധം, 1965 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം, 1971 ലെ  ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം, 1987, 1987 - 1988 ലെ ഓപ്പറേഷൻ പവൻ, 1999 കാർഗിൽ യുദ്ധം, ഓപ്പറേഷൻ രക്ഷക് എന്നിവയിൽ വീരചരമം പ്രാപിച്ച സൈനികരുടെ പേരും വിശദംശങ്ങളുമാണ് ദേശീയ യുദ്ധസ്മാരകത്തിന്റെ ചുവരിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

176 കോടി രൂപ മുടക്കിയാണ് ദേശീയ യുദ്ധ സ്മാരകത്തിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. 1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ സ്മരണ പേറുന്ന അമർ ജവാൻ ജ്യോതിയ്ക്കു സമീപത്തായാണ് ദേശീയ യുദ്ധ സ്മാരകവും സ്ഥിതി ചെയ്യുന്നത്. സ്മാരകത്തിൽ ദീപം തെളിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം രാഷ്ട്രത്തിനു സമർപ്പിച്ചത്. വ്യോമസേനയുടെ പ്രത്യേക അഭ്യാസ പ്രകടനവും ഉദ്ഘാടനസമയത്തെ പ്രത്യേകതയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com