ട്രെക്കിങ് പ്രിയരെ... കാടും മലകളും താണ്ടി ഉദയാസ്തമയ സൂര്യനെ കണ്ടിറങ്ങാം
Mail This Article
ട്രെക്കിങ് ഹരമായി കാണുന്ന ചില യാത്രികരുണ്ട്. കാടും പുഴയും മലകളും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയുന്നവർ. ഭൂമിയിലുള്ള ഏതു സാഹസികമായ ട്രെക്കിങ് പോയിന്റിലേക്കും ആവേശത്തോടെ നടന്നടുക്കാൻ അത്തരക്കാർക്ക് ഏറെ പ്രിയമാണ്. ജോലിത്തിരക്കുകൾ ഒഴിയുന്ന, ആഴ്ചാവസാനങ്ങളായിരിക്കും പലരും യാത്രകൾക്ക് തെരഞ്ഞെടുക്കുക. ആ യാത്രകൾക്ക് ഇത്തിരി സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും സ്കന്ദഗിരി. ബാഗും തയാറാക്കി, ഒരുങ്ങിയിറങ്ങിക്കോളൂ... മലകളും കാടും താണ്ടി... ഉദയാസ്തമയ സൂര്യനെ കണ്ടിറങ്ങാം.
ബെംഗളൂരുവിലാണ് സ്കന്ദഗിരി. നഗരത്തിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയായാണ് ഈ ട്രെക്കിങ് പോയിന്റ് സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിലെ ചിക്കബെല്ലൂരിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രമാണ് സ്കന്ദഗിരിയിലേക്കുള്ള ദൂരം. പറഞ്ഞുകേട്ട് ധാരാളംപ്പേർ അവധിയാഘോഷിക്കാൻ എത്തുന്നതുകൊണ്ടു സ്കന്ദഗിരിയിൽ ഇപ്പോൾ തിരക്കേറുന്നുണ്ട്. വളരെ പ്രശസ്തമായ നന്ദിഹിൽസ് ഇവിടെ നിന്നും അധികമകലെയല്ലാത്തതു കൊണ്ട് തന്നെ അവിടെയെത്തുന്ന സഞ്ചാരികളിൽ കുറെയേറെ പേർ സ്കന്ദഗിരിയിലെ സൂര്യോദയം കാണാനായി എത്തിച്ചേരാറുണ്ട്.
അതിരാവിലെ യാത്രയാരംഭിച്ചാൽ സൂര്യോദയത്തിനു മുൻപ് മലമുകളിൽ എത്തിച്ചേരാവുന്നതാണ്. കന്ദവര ഹള്ളി എന്ന ഗ്രാമത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. ട്രെക്കിങിന്റെ ബേസ് ക്യാമ്പ് ആയി വേണമെങ്കിൽ ഈ ഗ്രാമത്തെ പരിഗണിക്കാം. രാത്രി അവിടെ താമസിച്ചുകൊണ്ട് പുലർച്ചെ യാത്രതിരിക്കണം. ഭാരമധികമില്ലാത്ത ബാഗും അവശ്യവസ്തുക്കളും കയ്യിൽ കരുതണം. വെള്ളവും ഭക്ഷണവും ബാഗിൽ കൊണ്ട് പോകേണ്ടതാണ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരമുണ്ട് സ്കന്ദഗിരിയുടെ ഉച്ചിയിലേക്ക്. രണ്ടര മണിക്കൂറോളം നടന്നു കയറിയാൽ മാത്രമേ മലനിരയുടെ മുകളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ.
നടത്തം അല്പം കഠിനമെങ്കിലും ദേഹത്തെ മൂടുന്ന ചെറു കോടയുടെ തണുപ്പ് കൈകാട്ടി വിളിക്കുമ്പോൾ ആരും സ്കന്ദഗിരിയുടെ ശിഖിരങ്ങൾ തേടിയുള്ള യാത്ര തുടരും. കുത്തനെയുള്ള കയറ്റങ്ങളും കുറ്റിക്കാടുകളും സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വ്യൂപോയിന്റുകളും കണ്ടുള്ള മലകയറ്റം കുറച്ചൊന്നു ക്ഷീണിപ്പിക്കുമെങ്കിലും ഒട്ടും മടുപ്പിക്കില്ല. ചെറിയ മഴത്തുള്ളികളുടെ സ്പർശനങ്ങളും കോടമഞ്ഞിന്റെ ആശ്ലേഷങ്ങളുമറിഞ്ഞുള്ള യാത്ര, മുകളിലേക്കെത്തുംതോറും ആവേശമായിക്കൊണ്ടിരിക്കും.
ഉയർന്നു വരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ കാണുമ്പോൾ തന്നെ ഒട്ടൊന്നു ക്ഷീണിപ്പിച്ച യാത്രയുടെ ആലസ്യം പാടെ മാറും. ഇത്ര മനോഹരമായ കാഴ്ച. ഇനിയീയുലകത്തിൽ വേറെന്ത് എന്ന ഭാവത്തിൽ ലയിച്ചു നിൽക്കും സ്കന്ദഗിരികുന്നിലെ സൂര്യനെ കാണുമ്പോൾ. ഈ ഉദയം പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ അസ്തമയവും. ചരിത്രം അവശേഷിപ്പിച്ച ഇരുഗുഹകൾ കാണാൻ കഴിയും സ്കന്ദഗിരിയിൽ. ഈ ഗുഹയിലൂടെ യാത്ര ചെയ്താൽ മലമുകളിൽ എത്തിച്ചേരാമെന്നു തദ്ദേശവാസികൾ പറയുന്നുണ്ടെങ്കിലും അതെത്രമാത്രം ശരിയാണെന്നതിനെ സംബന്ധിച്ചു യാതൊരു തെളിവുമില്ല. മൃഗങ്ങൾ ഈ ഗുഹയിൽ താമസിക്കുന്നതുകൊണ്ടു തന്നെ, ഗുഹയിലൂടെയുള്ള യാത്ര പ്രായോഗികമല്ല. ഇതിൽ ഒരു ഗുഹയിൽ ജൈനമതത്തിലെ സന്യാസിമാരുടെ സമാധികൾ കാണാൻ കഴിയും. ജൈന സന്യാസിമാർ ഈ ഗുഹയിൽ താമസിച്ചിരുന്നു എന്നാണ് ആ തെളിവുകൾ ചൂണ്ടിക്കാണിക്കുന്നത്.സ്കന്ദഗിരിയുടെ മുകളിൽ കാണാൻ കഴിയുന്ന മറ്റൊരു വിസ്മയമാണ് നാമാവശേഷമായ ഒരു കോട്ട. ടിപ്പു സുൽത്താൻ കൈവശം വെച്ചിരുന്ന കോട്ടയാണ് ഇതെന്ന് പറയപ്പെടുന്നു. ടിപ്പുവിന്റെ ആയുധപ്പുരയും ഇവിടെ കാണാം.
അല്പം സാഹസികത നിറഞ്ഞ, ഏറെ രസിപ്പിക്കുന്ന, മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാൻ ഈ മലനിരകൾക്ക് കഴിയും. അതുകൊണ്ടു തന്നെ ട്രെക്കിങ് പ്രിയർക്ക് ഒട്ടും മടിക്കാതെ തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ലക്ഷ്യസ്ഥാനമാണ് സ്കന്ദഗിരി.