തരംഗമ്പാടി ഒരു ഡാനിഷ് തെരുവും കോട്ടയും കണ്ടുവരാം
Mail This Article
തരംഗമ്പാടി– ആ പേരിൽത്തന്നെ എന്തോ പ്രത്യേകതയില്ലേ? തരംഗങ്ങൾ പാടുന്നിടം എന്നാണർഥം. തരംഗങ്ങൾ എന്നാൽ തിരമാലകൾ. ബംഗാൾ ഉൾക്കടലിന്റെ നീലിമയോടു ചേർന്നുകിടക്കുന്ന ഒരു വിജനപ്രദേശമാണിത്. പിന്നെന്തിനാണു തരംഗമ്പാടിയെപ്പറ്റിപറയുന്നത് എന്നല്ലേ? നാമധികം അറിയാത്തൊരുചരിത്രം ഈ സ്ഥലത്തിനുണ്ട്. ഇന്ത്യയിലെ ആദ്യ ഡാനിഷ് കോട്ട സ്ഥിതി ചെയ്യുന്നത് തരംഗമ്പാടിയിലാണ്. ട്രാൻക്യുബാർ എന്നു സായിപ്പ് വിളിക്കുന്നിടം.
കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണു കാരയ്ക്കൽ. അവിടെനിന്നു തരംഗമ്പാടിയിലേക്ക് പതിനാലു കിലോമീറ്റർ ദൂരമേയുള്ളൂ. വേളാങ്കണ്ണിയിൽനിന്ന് നാൽപ്പത്തഞ്ചു കിലോമീറ്റർ.നട്ടുച്ചയായി കോട്ടയുടെ മുന്നിലെത്തുമ്പോൾ.ഏറക്കുറെ വിജനമെന്നു പറയാവുന്ന പ്രകൃതി. പ്രധാനപാതയിൽനിന്ന് കുണ്ടുംകുഴിയും നിറഞ്ഞ ഒരു ചെറുറോഡിലേക്കു കയറി കുറച്ചുദൂരം ചെന്നാൽ ആ പിങ്ക് കോട്ടയിലെത്താം.
ഡാനിഷ് കോട്ടയുടെ ഗമയൊന്നും ചുറ്റുപാടിനില്ല. തനിത്തമിഴ് ചുവയോടെയുള്ള പ്രദേശങ്ങൾ. പക്ഷേ, ഡാനിഷ് കെട്ടിടങ്ങളുടെ പരിധിയിലെത്തുമ്പോൾ കഥ മാറുന്നു. ഒരു ചെറു കോട്ടവാതിൽ. ഇരുവശത്തും പഴയ കെട്ടിടങ്ങൾ. 1701 ൽ സ്ഥാപിക്കപ്പെട്ട സിയോൺ പള്ളിയാണ് ഈ തെരുവിലെ കാഴ്ചകളിലൊന്ന്. രാജാ സ്ട്രീറ്റിൽ ഇത്തരം ചരിത്രസ്മാരകങ്ങളുണ്ട്. രാജാസ്ട്രീറ്റിലൂടെ കാറോടിച്ചു മുന്നോട്ടുപോകുമ്പോൾ ഇടതുവശത്ത് റാണിസ്ട്രീറ്റ്.
വലത്തോട്ട് തിരിയുമ്പോൾ തലയുയർത്തി നിൽപ്പുണ്ട് തരംഗമ്പാടിയിലെ കോട്ട. തരംഗങ്ങൾ പാടുന്നിടത്തെ കോട്ടയുടെ പേരിൽമറ്റൊരു കലയുണ്ട്. ഡാൻസ്ബോർഗ് എന്നാണ് ഡാനിഷുകാർ കോട്ടയെ വിളിക്കുന്നത്.വാഹനം പാർക്ക് ചെയ്തശേഷം ടിക്കറ്റെടുത്ത് കോട്ടയ്ക്കുള്ളിലേക്കു കയറി.
ഇന്ത്യയിലെ ആദ്യ ഡാനിഷ് കോട്ടയാണു തരംഗമ്പാടിയിലേത്. തിരകളോടു മുഖം ചേർത്തു നിൽക്കുകയാണു കോട്ട. 1620 ൽ തഞ്ചാവൂർ രാജാവായിരുന്ന രഘുനാഥ നായ്ക് സ്ഥലം നൽകിയിടത്ത് കോട്ട പണിതു. അക്കാലത്ത് പ്രധാന വ്യാപാരകേന്ദ്രങ്ങളിൽഒന്നായിരുന്നുവത്രേ തരംഗമ്പാടി. സായിപ്പ് ഇതിനെ ട്രാൻക്യുബാർ എന്നു വിളിച്ചു. തിരമാലകൾ പാടുന്നു എന്ന ഭാവന ആരുടേതാണെന്നറിയില്ല. അത്ര മനോഹരമൊന്നുമല്ല കടലോരം. എങ്കിലും കടലോരത്തെ തകർന്ന ഭിത്തികളിൽ കയറി നിന്നാൽ കാറ്റു നിങ്ങളോടു പാട്ടുപാടും.
കോട്ടയ്ക്കകം ഇപ്പോൾ മ്യൂസിയമാണ്. തഞ്ചാവൂർ രാജാവുമായി അന്നു കരാറിലേർപ്പട്ടെ ഡാനിഷ് അഡ്മിറൽ വർഷം 3111 രൂപയാണു കരം കൊടുത്തിരുന്നതത്രേ. 1845 ൽ ഡെൻമാർക്ക് ഈ കോട്ടയെ ബ്രിട്ടീഷുകാർക്കു വിറ്റു സ്ഥലം കാലിയാക്കി. ലോകപൈതൃകപട്ടികയിലുള്ള ഡെൻമാർക്കിലെ ക്രോൺബോർഗ് കോട്ട കഴിഞ്ഞാൽ ഏറ്റവും വലുപ്പമുള്ള ഡാനിഷ് കോട്ടയാണിത്. ഇന്നിതിനു വലുപ്പമൊന്നും തോന്നില്ല. ഒരു ചതുരക്കോട്ട. മ്യൂസിയത്തിൽ രണ്ടു രാജ്യങ്ങളുടെ ഉടമ്പടിയും മറ്റുമുണ്ട്. ബംഗാൾ ഉൾക്കടൽ തന്റെ കാറ്റിനാൽ കോട്ടയെ പരീക്ഷിക്കുന്നു. എന്തൊരു കാറ്റ്!
പട്ടാളക്കാർക്കുള്ള മുറികൾ മുതൽ മദ്യം സൂക്ഷിക്കുന്ന അറകൾ വരെ കോട്ടയ്ക്കുള്ളിലുണ്ട്. പുറത്ത് റാണി സ്ട്രീറ്റും കിങ് സ്ട്രീറ്റും പള്ളികളുമാണുള്ളത്. ഇന്ത്യയിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് ചർച്ച് ആയ സിയോൺപള്ളി ഈ വഴിയിൽ മുന്നൂറാണ്ടിന്റെ പഴക്കവുമായി നിൽപുണ്ട്. കിങ് സ്ട്രീറ്റിൽ രണ്ടാമത്തെ കാഴ്ച ന്യൂ ജറുസലേം പള്ളിയാണ്.
അതിസുന്ദരമായ തൂണുകളും ഓടുമേഞ്ഞ ഉയരംകൂടിയ കെട്ടിടവും കാണേണ്ടതുതന്നെ. 1718 ൽ സ്ഥാപിതം എന്നു മുഖത്തെഴുതിവച്ചിട്ടുണ്ട്. സൂനാമിത്തിരകൾ ഈ സ്മാരകങ്ങളെപരീക്ഷിച്ചെങ്കിലും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച ഇവിടെ അവധിയാണ്. തരംഗങ്ങൾ പാടുന്നില്ലെങ്കിലും ചരിത്രം കഥ പറയുന്നിടമാണു തരംഗമ്പാടി. വേളാങ്കണ്ണി, കാരയ്ക്കൽ, പിച്ചാവരം എന്നിടങ്ങൾ സന്ദർശിക്കുമ്പോൾ ചരിത്രത്തെ അറിയാനായി തരംഗമ്പാടിയിലേക്കും എത്താം.