ഇംഗ്ലീഷുകാരെ ഹിന്ദി പഠിപ്പിക്കുന്ന ലാന്‍ഡൗറിന്റെ വിശേഷങ്ങള്‍
Mail This Article
ബ്രിട്ടിഷ് വംശജനായ ഇന്ത്യന്‍ എഴുത്തുകാരൻ റസ്‌കിന്‍ ബോണ്ടിന്റെ നാട് എന്ന പേരില്‍ പ്രശസ്തമാണ് ഉത്തരാഖണ്ഡിലെ ലാന്‍ഡൗര്‍ എന്ന കൊച്ചു നാട്. എന്നാല്‍ ഈ ഒറ്റവാചകത്തില്‍ ഒതുക്കാനാവില്ല ലാന്‍ഡൗറിലെ വിശേഷങ്ങള്‍. ബ്രിട്ടിഷ് ഭരണകാലത്ത് കന്റോണ്‍മെന്റായിരുന്ന ഇവിടം ഇന്നൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്. ബ്രിട്ടിഷ് കാലത്തു പണികഴിപ്പിച്ച ദേവാലയങ്ങള്‍ മുതല്‍ പലതരം ബേക്കറികള്‍ വരെ കാഴ്ചകള്‍ക്ക് ഒരു കുറവുമില്ല ഇവിടെ.
കാലത്തിന്റെ ഓട്ടത്തിനൊപ്പം എത്താന്‍ സാധിക്കാത്തൊരു നാട് എന്നു തോന്നാമെങ്കിലും ഒരു തവണ ലാന്‍ഡൗറിലെത്തിയാല്‍ അതിന്റെ ആകർഷണത്തിൽ പെട്ടുപോകും. മനോഹരമായ ഗ്രാമവീഥികളും പര്‍വതങ്ങളും ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ബംഗ്ലാവുകളും ആംഗ്ലിക്കന്‍ ദേവാലയങ്ങളും പ്രകൃതിയുടെ ഊഷ്മളതയുമെല്ലാം ചേരുന്ന ഈ നാട്ടിലേക്ക് തകര്‍പ്പനൊരു യാത്ര നടത്താം. ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്തൊരു സംഭവും ഇവിടെയുണ്ട്: അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന സ്‌കൂളുകള്‍.
ലാന്‍ഡൗറിലെ കാഴ്ചകള്‍
ബ്രിട്ടിഷുകാരുടെ അധീനതയിലായിരുന്ന നാടായതിനാല്‍ ദേവാലയങ്ങള്‍ തന്നെയാണ് മുഖ്യആകര്‍ഷണം.
കെല്ലോഗ്‌സും സെന്റ് പോള്‍സും
ലാന്‍ഡൗറിലെ രണ്ട് പ്രമുഖ ബ്രിട്ടിഷ് ദേവാലയങ്ങളാണിത്. ഇംഗ്ലിഷുകാരുടെ മക്കളെ ഹിന്ദി പഠിപ്പിക്കുന്ന ലാന്‍ഡൗര്‍ ലാംഗ്വേജ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് കെല്ലോഗ്സ്. ഗോഥിക് വാസ്തുവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ദേവാലയത്തിന്റെ കാഴ്ച തന്നെ അതിമനോഹരമാണ്. വെല്‍ഷ് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഒരുദാഹരണമാണിത്. ഇവിടുത്തെ മറ്റൊരു പ്രധാന ദേവാലയമാണ് സെന്റ് പോള്‍സ് ചര്‍ച്ച്. 1839 ല്‍ നിര്‍മിക്കപ്പെട്ട ഈ ദേവാലയം ഡെറാഡൂണിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകം കൂടിയാണ്. കാടിനോടു ചേര്‍ന്നായതിനാല്‍ പ്രകൃതിയുടെ ശാന്തതയും മനോഹാരിതയും ആസ്വദിക്കാനാകും.
ചെറിയ കഫേകള്‍ കൊണ്ട് നിറഞ്ഞതാണ് ലാന്‍ഡൗറിന്റെ വീഥികള്‍. ഇവിടുത്തെ ചാര്‍ ദൂകാന്‍ ഏരിയ വളരെ പ്രശസ്തമാണ്. ഒരിടുങ്ങിയ ലൈനിലെ നാലു ചെറിയ ചായക്കടകളാണ് ചാര്‍ ദൂകാന്‍ ഏരിയ എന്നറിയപ്പെടുന്നത്. ഇത് അന്വേഷിച്ചെത്തുന്ന സഞ്ചാരികളും അനേകമാണ്. എപ്പോഴാണ് ഇതു തുടങ്ങിയതെന്ന് ഇവിടെയുള്ളവര്‍ക്കു പോലും അറിയില്ല. രാവിലെ തന്നെ ബഞ്ചുകള്‍ നിറയുന്ന ഇവിടെ പാന്‍കേക്ക്, വേഫിള്‍സ്, ബണ്‍ മസ്‌കാ തുടങ്ങിയവയാണ് ലഭിക്കുക. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഇവിടെ വിളമ്പുന്നത്.
സിസ്റ്റേഴ്സ് ബസാര്‍
20-ാം നൂറ്റാണ്ടില്‍ ഇവിടെയൊരു ബ്രിട്ടിഷ് മിലിട്ടറി ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടുത്തെ നഴ്സുമാരുടെ ക്വാര്‍ട്ടേഴ്സിനു ചുറ്റുമായി ഒരു ചെറിയ മാര്‍ക്കറ്റ് രൂപപ്പെടുകയും കാലാന്തരത്തില്‍ അത് സിസ്‌റ്റേഴ്‌സ് ബസാര്‍ ആയി മാറുകയും ചെയ്തു. ടിബറ്റന്‍ ജ്വല്ലറി, പോസ്റ്റ് കാര്‍ഡുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു പേരു കേട്ടതാണിത്. മസൂറിയില്‍നിന്ന് 5 കിലോമീറ്ററും ഡെറാഡൂണില്‍നിന്ന് 37 കിലോമീറ്ററുമാണ് ലാന്‍ഡൗറിലേക്ക്. പ്രധാന നഗരങ്ങളോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ചണ്ഡിഗഡിലാണ്.
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ പറ്റിയ നാടാണ് ലാന്‍ഡൗര്‍ എങ്കിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ പ്രസന്നമായ കാലാവസ്ഥ.