ADVERTISEMENT

അവധിക്കാലം മിക്കവർക്കും യാത്രകളുടേതുകൂടിയാണ്. കുട്ടികളേയും കൂട്ടിയുള്ള യാത്രയാണെങ്കിൽ ഏറെ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ കൂടെയുണ്ടെങ്കിൽ അവരുടെ ഭക്ഷണവും ഉറക്കവും മുതൽ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമാണ്.  കുട്ടികളുമൊരുമിച്ചുള്ള യാത്രയ്ക്കു ഒരുങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

യാത്രകൾക്കിടയിൽ കുട്ടികൾക്കു അസുഖങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഭക്ഷണവും കുടിവെള്ളവും പുറത്തുനിന്നുമാണെങ്കിൽ ചിലപ്പോൾ ഛർദി, അതിസാരം പോലുള്ള രോഗങ്ങൾ എളുപ്പത്തിൽ പിടിപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ മരുന്നുകൾ കൈയിൽ സൂക്ഷിക്കുന്നത് ഉപകാരപ്രദമായേക്കും. ചെറിയ പനി പോലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകളും വീഴ്ചയോ മുറിവുകളോ ഉണ്ടായാൽ ഉപയോഗിക്കാൻ കഴിയുന്ന പ്രഥമസുരക്ഷ കിറ്റുകൾക്കും ബാഗിൽ പ്രത്യേകയിടം നൽകണം.    

യാത്രകൾക്കിടയിൽ മധുര പലഹാരങ്ങളും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണവും കുട്ടികൾക്കു വാങ്ങി നൽകരുത്. ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ അസുഖങ്ങൾ ഉണ്ടാക്കിനിടയുണ്ട്. കഴിവതും  വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. തീരെ ചെറിയ കുട്ടികളെയും കൂട്ടിയാണ് യാത്രയെങ്കിൽ ഡയപ്പറിനൊപ്പം വൈപ്സ് കൂടെ എടുത്തുവെക്കാൻ മറക്കരുത്. കൂടുതൽ നേരം ഉപയോഗിച്ച ഡയപ്പർ മാറ്റുമ്പോൾ വൈപ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്. എന്നിട്ടുമാത്രം ഡയപ്പർ ധരിപ്പിക്കുക, അല്ലാത്തപക്ഷം അണുബാധയ്ക്കു സാധ്യതയുണ്ട്.

തിരക്കധികമുള്ള സ്ഥലത്തേക്കാണ് യാത്ര പോകുന്നതെങ്കിൽ കുട്ടികളുടെ കൈയിൽ അച്ഛന്റെയോ അമ്മയുടേയോ ഫോൺ നമ്പർ എഴുതിയിടാം. തിരക്കിൽ കുട്ടികൾ കൂട്ടം തെറ്റി പോയാലും ഫോൺ നമ്പർ കുട്ടികളുടെ കൈയിൽ കണ്ടാൽ കുട്ടികളെ കാണുന്നവർ മാതാപിതാക്കളുമായി ബന്ധപ്പെടാം. യാത്ര പുറപ്പെടുമ്പോൾ മറക്കാതെ ചെയ്യേണ്ട ഒരു കാര്യം കൂടിയാണത്. കുറച്ചു മുതിർന്ന കുട്ടികളാണെങ്കിൽ അവരുടെ വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും ബാഗിലാക്കി നൽകാം. അധികഭാരം അരുത്. ഭാരം കൂടുതലാണെങ്കിൽ കുട്ടികളെയത് ക്ഷീണിതരാക്കും. വിനോദയാത്രയുടെ ഉല്ലാസം മുഴുവൻ ഇല്ലാതാകാൻ അതുമതി. 

കുട്ടികളുടെ ഒന്നോ രണ്ടോ കളിപ്പാട്ടവും പുസ്തകവും എടുക്കാൻ മറക്കാതിരിക്കുക. യാത്ര വിരസമാകുമ്പോൾ പുസ്തകം വായിക്കാനും കളിക്കാനുമൊക്കെ ചിലപ്പോൾ കുട്ടികൾ തയാറാകും. അന്നേരങ്ങളിൽ കളിപ്പാട്ടങ്ങളോ പുസ്തകങ്ങളോ നൽകിയാൽ കുട്ടികൾ അവരുടെ വിനോദങ്ങളിൽ വ്യാപൃതരാകും. 

കുട്ടികൾക്കൊപ്പം യാത്ര പോകുമ്പോൾ കുറച്ചു മുൻകൂട്ടി തയാറെടുത്തുകൊണ്ടു വേണം ഒരുങ്ങാൻ. വളരെ പെട്ടെന്നു തീരുമാനമെടുക്കുന്നതും യാത്ര പോകുന്നതും ആവശ്യമുള്ള പല കാര്യങ്ങളും ബാഗിൽ എടുത്തുവെക്കുന്നതു മറന്നു പോകുന്നതിനിടയാക്കും. അതുകൊണ്ടു തന്നെ വ്യക്തമായ പദ്ധതികൾ തയാറാക്കി, ആവശ്യത്തിന് സമയമെടുത്തു വേണം യാത്രയ്‌ക്കൊരുങ്ങാൻ. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ കുട്ടികൾക്കൊപ്പമുള്ള യാത്ര അസൗകര്യങ്ങളൊന്നുമില്ലാതെ,  ആഹ്‌ളാദത്തോടെ ആസ്വദിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com