ADVERTISEMENT

യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്ന വിജയന്‍– മോഹന ദമ്പതികളെ അറിയാത്തവർ ചുരുക്കമാണ്. ചായക്കടയിലെ വരുമാനത്തിൽനിന്നു പണം സ്വരുക്കൂട്ടിവച്ച് വിദേശ യാത്രകൾ നടത്തി ശ്രദ്ധേയരായ ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആർ. വിജയനും മോഹന വിജയനും അടുത്ത യാത്രയ്ക്കൊരുങ്ങുന്നു.ഇതുവരെ സഞ്ചരിച്ച 23 രാജ്യങ്ങളെ പിന്നിട്ട്  കാൽ സെഞ്ച്വറി തികയ്ക്കാൻ പോകുന്നു ഇൗ യാത്രാപ്രേമികൾ.  ഓസ്ട്രേലിയ കണ്ടശേഷം ന്യൂസിലൻഡിലെ കാഴ്ചകളിലേക്ക് തിരിച്ചിരിക്കുന്നു. ഇരുവരും സന്ദർശിക്കുന്ന 24–ാമത്തെ രാജ്യമാണ് ഓസ്ട്രേലിയ. തുച്ഛമെന്നു കരുതുന്ന ആ പണംകൊണ്ട് ഒരു സാധാരണക്കാരനു സ്വപ്നം കാണാൻ പോലും കഴിയാത്ത ദൂരമെത്രയും ഇരുവരുംസഞ്ചരിച്ചു.

കേട്ടറിഞ്ഞെത്തിയ ദേശീയ മാധ്യമങ്ങളടക്കമുള്ളവർ അവരുടെ യാത്രാപ്രേമം വാർത്തയാക്കി ലോകംമുഴുവൻ അറിയിച്ചു. അപ്പോഴും തോളിൽ കയ്യുമിട്ടു ഭാര്യയെയും ചേർത്തുപിടിച്ചു വിജയൻ യാത്രയിലായിരുന്നു. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗറും കൊച്ചിയിലെ തെരുവിൽ, ശ്രീ ബാലാജി കോഫി ഹൗസിലെത്തി. കാലം പ്രായമിത്രയേറ്റിയിട്ടും  യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു...ലോകത്തിനുമുമ്പിൽ പങ്കുവെച്ചു. വിജയൻ–മോഹന ദമ്പതികളുടെ യാത്രാ ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഇരു രാജ്യങ്ങളിലെയും സന്ദർശനം സ്പോൺസർ ചെയ്തത്. 

World-Traveller1

എറണാകുളം ഗാന്ധിനഗറിൽ ശ്രീബാലാജി കോഫി ഷോപ്പ് നടത്തുന്ന കെ.ആർ. വിജയന്റെയും മോഹനയുടെയും സഞ്ചാര കൗതുകം ഏറെ പ്രസിദ്ധമാണ്. തീവ്രമായ ആഗ്രഹം, ആ ആഗ്രഹം പൂർത്തീകരിക്കാൻ ചായക്കട നടത്തി പണം മിച്ചം വെച്ചു. ചായക്കടയുടെ സാരഥിയും തൊഴിലാളിയും മാനേജരും താനും ഭാര്യയും തന്നെയാണെന്നും സഹായത്തിനു ഒരാളെയും ഇതുവരെ കൂടെകൂട്ടിയിട്ടില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ടു പറയുന്നു. ചായ മാത്രമല്ല, ചെറുകടികളും വിളമ്പുന്ന ഈ ചായക്കടയിലെ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം ഇവർ മാറ്റിവെയ്ക്കും. അങ്ങനെ മാറ്റിവെച്ച പണത്തിനെപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം പിന്നീട് ആ ലോൺ എടുത്ത പണം തിരികെ അടയ്ക്കാനായി പണിയെടുക്കും. ദിവസവും 300 മുതൽ 350 പേർ വരെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായ കുടിക്കാനെത്തും. വിജയൻ ചേട്ടന്റെ ചായ അത്യുഗ്രനാണെന്നാണ് ഇവിടെയെത്തുന്നവരുടെയെല്ലാം അഭിപ്രായം. 

രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ. 1988ൽ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 23 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി. ഓസ്ട്രേലിയയിൽ എട്ടും ന്യൂസിലൻഡിൽ എഴും ദിവസമാണ് ഇത്തവണത്തെ യാത്രയിൽ ചെലവഴിക്കുക. ഓസ്ട്രേലിയയിൽ മെൽബണിലെ ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ യാത്ര ചെയ്തു. ഫിലിപ് ഐലൻഡും ഉൾപ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. കെയ്ൻസും സിഡ്നിയും സന്ദർശിച്ച ശേഷം ഓപ്പറ ഹൗസിൽ ഓസ്ട്രേലിയൻ യാത്ര അവസാനിപ്പിച്ചു ന്യൂസിലൻഡിലേക്കു തിരിച്ചു. മുൻ യാത്രകളിൽ വിജയനും മോഹനയും മാത്രമായിരുന്നെങ്കിൽ ഇത്തവണ കൂട്ടിനു മരുമകൻ മുരളിയുമുണ്ട്. യാത്രകളിൽ‌ കാൽ സെഞ്ചുറി തികച്ച് ഇരുവരും നവംബർ 2നു മടങ്ങിയെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com