ചുറ്റമ്പലത്തിന്റെ ഒരു വാതിലിലൂടെ പോയാൽ കാശിയിലെത്തുമെന്ന് വിശ്വാസം; കലിംഗപട്ടണത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച്!
Mail This Article
കലിംഗരാജ്യത്തിന്റെ പ്രശസ്തി അശോക ചക്രവർത്തിയുടെ മനംമാറ്റത്തിന് ഇടയാക്കിയ യുദ്ധത്തിന്റെ പേരിലാണ്. അത് ഇന്നത്തെ ഒഡിഷ സംസ്ഥാനമാണെന്നും പ്രശസ്തമാണ്. എന്നാൽ കലിംഗരാജ്യത്തിന്റെ ചരിത്രം അവിടെനിന്ന് വളരെക്കാലം പിന്നോട്ടും മുന്നോട്ടും പോകുന്നുണ്ട്. മഹാഭാരതത്തിൽ കലിംഗപരാമർശമുണ്ടത്രേ.
അശോകന്റെ മൗര്യസാമ്രാജ്യത്തിന്റെയും കലിംഗാധിപതി ഖാരവേലന്റെയും ഗുപ്തസാമ്രാജ്യത്തിന്റെയും ഭരണത്തിലായിരുന്നുവെന്നും ചരിത്രരേഖകളുണ്ട്. പിൽക്കാലത്ത് പൂർവഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായാണ് കലിംഗം അതിന്റെ ഉന്നതിയിൽ എത്തിയത്. കൊണാർക് സൂര്യക്ഷേത്രം പണിതത് ഈ സാമ്രാജ്യത്തിന്റെ കാലത്താണത്രേ. ഇന്നത്തെ പശ്ചിമബംഗാളിന്റെ ചില ഭാഗങ്ങളും ഒറീസയും ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളും ഈ രാജ്യത്തിന്റെ ഭാഗമായിരുന്നു.
ആന്ധ്രയിലെ ശ്രീകാകുളത്തിന് അടുത്ത് ശ്രീമുഖം എന്ന ഗ്രാമം ആയിരുന്നു പൂർവഗംഗ സാമ്രാജ്യത്തിന്റെ ആദ്യകാലത്ത് കലിംഗരാജ്യത്തിന്റെ തലസ്ഥാനം, കലിംഗനഗരം എന്നായിരുന്നു പേര്. വംശധാര നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിൽ ഇപ്പോൾ പഴയകാല തലസ്ഥാനത്തിന്റെ പ്രൗഢിയൊന്നും ശേഷിക്കുന്നില്ല. ആകെയുള്ള അവശേഷിപ്പ് മൂന്നു ക്ഷേത്രങ്ങൾ മാത്രമാണ്.
ശ്രീമുഖലിംഗം, സോമേശ്വരം, ഭീമേശ്വരം എന്നീ മൂന്നു ക്ഷേത്രങ്ങളാണ് കലിംഗക്ഷേത്രങ്ങൾ. ക്ഷേത്രം എന്നു വിശേഷിപ്പിക്കുന്നതിനെക്കാൾ ചേരുന്നത് സംരക്ഷിത ചരിത്രസ്മാരകങ്ങൾ എന്നു പറയുന്നതാകും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇവ ചാലൂക്യശിൽപവിദ്യയുടെ മികച്ച മാതൃകകള്‍ കൂടിയാണ്. ശ്രീകാകുളം നഗരത്തിൽനിന്ന് 50 കി മീ അകലെ ജലുമുരു മണ്ഡലിലാണ് ഒരു ഗ്രാമത്തിൽതന്നെയുള്ള ഈ മൂന്നു ക്ഷേത്രങ്ങളും. ഒരു മണിക്കൂറിലധികമുള്ള യാത്ര നരസണ്ണപേട്ട, തിലരു തുടങ്ങിയ ചെറിയ നഗരങ്ങളിലൂടെയും ഉൾനാടൻ കാർഷികഗ്രാമങ്ങളിലൂടെയും കടന്നുപോകുന്നു.
ശ്രീമുഖത്തെ മധുകേശ്വരൻ
കോടി എണ്ണം തികയുന്നതിന് ഒരെണ്ണത്തിന്റെ കുറവെയുള്ളു ശ്രീമുഖം ഗ്രാമത്തിലെ ആകെ ശിവലിംഗങ്ങളുടെ എണ്ണത്തിന് എന്നൊരു കേൾവിയുണ്ട്. എണ്ണം എത്രയായാലും ഒട്ടേറെ ശിവലിംഗങ്ങൾ നമുക്കവിടെ കാണാനാകും. മൂന്നുക്ഷേത്രങ്ങളിൽവച്ച് ഏറ്റവും പഴക്കം ചെന്നതും പ്രാധാന്യമുള്ളതും വലുതും ശ്രീമുഖം മധുകേശ്വര ക്ഷേത്രമാണ്. ഇവിടെ പരമേശ്വരൻ മധുകവൃക്ഷത്തിൽ (ഇലിപ്പ) പ്രത്യക്ഷപ്പെട്ടതിനാലാണ് മധുകേശ്വരൻ എന്നറിയപ്പെടുന്നു.
ഗംഭീരമായ കൊത്തുപണികളുള്ള ഒരു കരിങ്കൽ ഗോപുരത്തിലൂടെയാണ് ക്ഷേത്രമുറ്റത്തേക്ക് കയറുന്നത്. ഇന്ത്യൻ ക്ഷേത്രശിൽപകലയിലെ നാഗരികശൈലി എന്നു വിളിക്കുന്നതിന്റെ ചാലൂക്യവകഭേദത്തിലാണ് നിർമാണം. ഗർഭഗൃഹത്തിന്റെ മുകൾഭാഗം സ്തൂപികാ രൂപത്തിൽ മുകളിലേക്ക് ഉയർന്നശേഷം ഒരു പരന്ന താമരമൊട്ടുപോലെ വൃത്താകൃതിയിലുള്ള കലശത്തോടെ അവസാനിക്കുന്നു.