ADVERTISEMENT

വീണക്കമ്പി പോലും കല്ലിൽ കൊത്തിയെടുത്ത ശിൽപ്പികളാണ് ബേലൂരിലെ അമ്പലമെന്ന കലാസമുച്ചയത്തിനു പിന്നിൽ. പിന്നെയെങ്ങനെ അതു ലോകത്തെ ആകർഷിക്കാതിരിക്കും? ലോകത്തിന്റെ ആമാടപ്പെട്ടി എന്ന് എങ്ങനെ ഒരു ക്ഷേത്രം അറിയപ്പെട്ടു? കർണാടകയിലെ ഹാസ്സൻ ജില്ലയിൽ ആണ് ബേലൂർ ക്ഷേത്ര സമുച്ചയങ്ങൾ. തറ മുതൽ മച്ച് വരെ കല്ലുകൊണ്ടാണ് നിർമിച്ചത്. ആരെയും അതിശയിപ്പിക്കുന്ന കൽവിരുത് കാണാൻ നമുക്കൊന്നു പോയിവരാം.

നാഗർഹോളെയിലൂടെ വനയാത്ര

Halebidu-Temple

വയനാട്ടിലെ മാനന്തവാടിയിൽനിന്ന് കുട്ട എന്ന കന്നഡഗ്രാമം കടന്ന് നാഗർഹോളെ ദേശീയോദ്യാനത്തിലൂടെ വണ്ടിയോടിച്ചാണ് ഹാസ്സനിൽ ചെല്ലേണ്ടത്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറയുന്നതുപോലെ ഈ വഴി പോയാൽ ഹാസ്സനിലെത്തുകയും ചെയ്യാം  നാഗർഹോളെ കാടു കാണുകയും ചെയ്യാം. ഏതാണ്ട് 35 കിലോമീറ്റർ ദൂരം ഒരു ദേശീയോദ്യാനത്തിന്റെ കോർ ഏരിയയിലൂടെ വണ്ടിയോടിക്കാം എന്നത് ചില്ലറകാര്യമാണോ? വന്യമൃഗങ്ങളുടെ വിളയാട്ടമാണവിടെ. കടുവയെ വരെ പലപ്പോഴായി കാണാമത്രേ. കടുവയെ കണ്ടില്ലെങ്കിലും കടുവയെകൊന്ന കുമാരൻ സ്ഥാപിച്ച രാജവംശത്തിന്റെ ക്ഷേത്രങ്ങൾ കാണാനാണു നമ്മുടെ യാത്ര.

ഹൊയ്… സാല

Nagarhole-travel1

കൊടുംകാടിനുള്ളിൽ ഗുരുകുലരീതിയിലായിരുന്നു അന്നത്തെ പഠനം. ഒരിക്കൽ ഗുരുവിനെ കടുവ ആക്രമിച്ചു. ശിഷ്യർ ചിതറിയോടി. ഒരു കുട്ടി മാത്രം അവിടെനിന്നു. ഗുരു പറഞ്ഞു ഹൊയ്… സാല.   .. ഹൊയ് സാല…. കുമാരാ, കടുവയെ കൊല്ലൂ…

കുട്ടി കടുവയെ കുത്തിമലർത്തി.

belure

കടുവയെ കൊന്നു ഗുരുവിനെ രക്ഷിച്ച ആ കുട്ടിയുടേതാണ് ഹൊയ്സാല രാജവംശം. ഹൊയ് എന്നു പറഞ്ഞാൽ അടിക്കുക, കൊല്ലുക എന്നൊക്കെയാണത്രേ കന്നഡഭാഷയിൽ  അർഥം. പതിനാലാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന രാജവംശമാണു ഹൊയ്സാല. ഇവർ കർണാടകയിലാകെ 92 ക്ഷേത്രങ്ങൾ പണികഴിപ്പിച്ചിരുന്നു. ഇപ്പോൾ നിലനിൽക്കുന്നതു മൂന്നെണ്ണം. അതിൽ ശ്രദ്ധേയമായത് ബേലൂരിലെയും ഹാലെബിഡുവിലെയും രണ്ടെണ്ണം.

ഇതാ ഒരു കൽത്താമര

എത്ര ദീർഘയാത്ര കഴിഞ്ഞെത്തുന്നവരെയും ഉൻമേഷഭരിതരാക്കുന്ന ഒരു നിർമിതി ഇതാ മുന്നിൽ. ചെന്നകേശവക്ഷേത്രം. കല്ലിതളുകളുള്ള ഒരു താമരയെ കാണുംപോലെ ആ കല്ലമ്പലത്തെ നാം തൊഴുതുപോകും. സുന്ദരനായ കേശവൻ എന്നാണ് പേരിനർഥം. യഥാർഥ സൗന്ദര്യംക്ഷേത്രത്തിനാണ്. ഉളിത്തുമ്പിനിടം കിട്ടുന്നിടത്തെല്ലാം ശിൽപ്പികൾ മായികലോകം കൊത്തിവച്ചിട്ടുണ്ട്. 

Velur-temple

ഗർഭഗൃഹം, നവരംഗമണ്ഡപം ഷേത്രഭിത്തികൾ ഇങ്ങനെ മൂന്ന് പ്രധാന ഇതളുകളുണ്ട് ഈ കൽത്താമരയ്ക്ക്. മേൽക്കൂര താങ്ങുംവിധത്തിൽ 39 സാലഭഞ്ജികമാരുടെ അതിസുന്ദരശിൽപ്പങ്ങളാണ് ചുമരുകളുടെ ആകർഷണം. ഇവയെല്ലാം ഭൂഗോളത്തിലെ പല ജനുസ്സ് മനുഷ്യരുടെ മാതൃകയിലാണ്. കണ്ണാടി നോക്കുന്ന സ്ത്രീ മുതൽ അമ്പും വില്ലുമായി വേട്ടയ്ക്കിറങ്ങുന്ന, ചുരുണ്ടമുടിയുള്ള ആഫ്രിക്കൻ സുന്ദരി വരെ ഇക്കൂട്ടത്തിലുണ്ട്. ഈ ശിൽപ്പങ്ങളെല്ലാം സസൂക്ഷ്മം കണ്ടുതീർക്കാൻഎത്ര ദിവസം വേണ്ടിവരുമെന്നറിയില്ല.

ശ്രീകോവിലിനു മുന്നിൽ

പുറംചുമർ കണ്ടശേഷം ഉളളിലേക്കു നടക്കാം.ശ്രീകോവിലിനു മുന്നിലെ തൂണിൽ രാജപത്നി ശന്തളാദേവിയുടെയും എതിർവശത്ത് കയ്യിൽ തത്തയുമായി നിൽക്കുന്ന മയൂരനർത്തകിയുടെയും രൂപമുണ്ട്. സുമധുരഭാഷിണിയാണ് നർത്തകി. മയിലിന്റെശരീരവും തത്തയുടെ ശാരീരവും ഒത്തുചേർന്നവളായിരിക്കണം എന്നു സാരം. മച്ചിലേക്കു നോക്കിയാൽ ഭുവനേശ്വരിയെ കാണാം. അതൊരു സുന്ദരിയല്ല വൃത്താകാരത്തിലുള്ള മേൽക്കൂരിയുടെ നടുഭാഗമാണ്. ത്രിമൂർത്തികളെയാണത്രേ ഭുവനേശ്വരി പ്രതിനിധീകരിക്കുന്നത്. പലയിടത്തും ശിൽപ്പങ്ങളുടെ നിൽപ് പ്രതീകാത്മകമായിട്ടാണ്.ക്ഷേത്രന്തർഭാഗത്തേക്കു കയറുന്നിടത്ത് വേർപിരിഞ്ഞുനിൽക്കുന്ന രതിയെയും മൻമഥനെയും കാണാം. എല്ലാവികാരങ്ങളെയും പുറത്തുവയ്ക്കൂ എന്നാണത്രേ അതിനർഥം.

Icon-of-Kingdom

ലോകത്തിന്റെ ആമാടപ്പെട്ടി

വലുതും ചെറുതുമായ ആയിരത്തിലധികം സ്ത്രീരൂപങ്ങൾ വ്യത്യസ്തമായ ആഭരണങ്ങൾ ധരിച്ച് ഈ ചുമരുകളെ അലങ്കരിക്കുന്നു. അലങ്കാരങ്ങളെല്ലാം കണ്ട് അമ്പരന്ന് മുൻപൊരു സായിപ്പ് ക്ഷേത്രത്തിനു നൽകിയ വിശേഷണമാണ് ലോകത്തിന്റെ ആഭരണങ്ങളെല്ലാം  സൂക്ഷിച്ചുവച്ച ആമാടപ്പെട്ടി എന്നത്. നക്ഷത്രാകൃതിയിൽ കോണുകളുള്ള അടിത്തറ ഹൊയ്സാല നിർമിതിയുടെ പ്രതീകമാണ്. ഈ ക്ഷേത്രസമുച്ചയത്തിന്റെ കഥ ഒരിക്കലും പറഞ്ഞാൽ തീരുകയില്ല, കണ്ടാൽ മതിയാകുകയുമില്ല. തീർച്ചയായും പോകേണ്ട തെന്നിന്ത്യൻസ്മാരകങ്ങളിലൊന്നാണ് ചെന്നകേശവക്ഷേത്രം. 

Halebidu-Temple

ക്ഷേത്രത്തിനടുത്ത് സർക്കാരിന്റെ അതിഥിമന്ദിരമുണ്ട്. ഹോട്ടൽ മയൂര. റൂമെടുക്കാൻ ചെന്നപ്പോൾ കന്നഡയുടെ ചെറുകലർപ്പുള്ള  മലയാളത്തിൽ സ്വാഗതം. ആലപ്പുഴക്കാരൻ രാജപ്പൻ ചേട്ടനായിരുന്നു ആ സുമധുരഭാഷണത്തിനു പിന്നിൽ. വർഷങ്ങളായി ബേലൂരിലാണ് അദ്ദേഹം താമസിക്കുന്നത്. മയൂരയിൽ വിശാലമായ റൂമുകളാണുള്ളത്. ചെലവു താരതമ്യേന കുറവും. ക്ഷേത്രത്തിലേക്കു നടക്കാവുന്ന അടുപ്പം കൂടിയാകുമ്പോൾ സഞ്ചാരികൾ മയൂര തിരഞ്ഞെടുക്കുകസ്വാഭാവികം.

പല മൃഗങ്ങളുടെ അവയവങ്ങൾ ഒത്തുചേർന്ന സാങ്കൽപ്പികമൃഗങ്ങളെ കാണാം പലയിടത്തും. രാജ്യചിഹ്നമായ കടുവയോടേറ്റു മുട്ടുന്ന ബാലന്റെ രൂപവുമുണ്ട്. 640 ആനരൂപങ്ങളെ ആരോ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ടുതിരിച്ചു മുൻവശത്തേക്കു വരുമ്പോൾ കൊത്തുപണികളൊന്നുമില്ലാത്ത മറ്റൊരു നിർമിതി നമ്മെ അമ്പരപ്പിക്കാനായി നിൽപ്പുണ്ട്. ഒരു കരിങ്കൽത്തൂൺ. ഒറ്റക്കല്ലിൽ കൊത്തിയത്. അതിന്റെ ഒരു ഭാഗം തറയിൽ മുട്ടിയിട്ടില്ല. ഒരു തൂവാല ആ വിടവിലൂടെ വലിച്ചെടുക്കാം. എന്നിട്ടും തലയുയർത്തി നിൽക്കുകയാണ് ആ തൂൺ.

ഹാലെബിഡുവിലേക്ക്

രണ്ടാമത്തെ ക്ഷേത്രസമുച്ചയത്തിലേക്ക് ബേലൂരിൽനിന്നു പതിനഞ്ചു കിലോമീറ്റർ ദൂരമുണ്ട്. ഹാലേബിഡു എന്നാൽ പഴയ തലസ്ഥാനം എന്നാണ് അർഥം. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വലുപ്പത്തിൽഇന്ത്യയിലെ ആറാമത്തെ നന്ദിപ്രതിമ, ശന്തളേശ്വര-ഹൊയ്സാലേശ്വര ക്ഷേത്രങ്ങൾ, ക്ഷേത്ര അടിത്തറയിൽ 1248 ആനകൾ, സിംഹങ്ങൾ തുടങ്ങിയ മറ്റു ജീവജാലങ്ങൾ, ചുമരുകളിൽ കൊത്തവയ്ക്കപ്പെട്ട ഐതിഹ്യകഥകൾ ഇങ്ങനെ കാഴ്ചകൾ ഒട്ടേറെയുണ്ട് ഹാലെബിഡുവിലും.

സാങ്കേതികവിദ്യ

ഒരു സാലഭഞ്ജികയുടെ കയ്യിലെ വീണയുടെ കമ്പിപോലും കല്ലുകൊണ്ടാണെന്നു പറഞ്ഞല്ലോ…? കല്ലെങ്ങനെ അത്ര നേർത്ത രൂപത്തിൽ കൊത്തിയെടുക്കുന്നു എന്ന സംശയം സ്വാഭാവികമായും തോന്നാം തിപ്ത്തൂരിൽനിന്നുള്ള സോപ്സ്റ്റോൺ ആണ് ഈ കല്ല്. കൊത്തുമ്പോൾ മൃദുവായിരിക്കുകയും കാലം ചെല്ലുമ്പോൾ ദൃഢത കൂടുകയും ചെയ്യുന്ന സ്വഭാവമുള്ളതുകൊണ്ടാണ്ഓരോ ഇഞ്ചിലും കൃത്യതയാർന്ന കൊത്തുപണികൾ നിറഞ്ഞിരിക്കുന്നത്.

കലയുടെ സൗന്ദര്യത്തോടൊപ്പം നമ്മെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഇതിന്റെ നിർമാണമികവാണ്. ഓരോ ഘടകങ്ങളും പണിതശേഷം ഇവിടെ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുകയായിരുന്നുവത്രേ. ഇവയെല്ലാം അഴിച്ചിളക്കി മറ്റൊരിടത്തു സ്ഥാപിക്കാമെന്നും പറയപ്പെടുന്നു. ഓർത്തു നോക്കണം എത്ര കണക്കുകൂട്ടലും വൈദഗ്ധ്യവും ആവശ്യമായിരുന്നിരിക്കണം അന്ന്.  ഇന്നത്തെ സാങ്കേതികവിദ്യകള്‍ ഒന്നുമില്ലാതെയുള്ള ഈ അദ്ഭുത എൻജിനീയറിങ്ങിനു മുന്നിൽ നമിക്കുകയല്ലാതെ എന്തു ചെയ്യും. ശിൽപങ്ങൾ കണ്ടു മനം നിറച്ചും  ശിൽപികളുടെ കരവിരുതോർത്ത് അതിശയിച്ചും മാത്രമേ ഒരു സഞ്ചാരിക്ക് ഈ ക്ഷേത്രകവാടത്തിനു പുറത്തിറങ്ങാൻ പറ്റൂ.

താമസം

ബേലൂരിലെ ഹോട്ടൽ മയൂര- 08177222209

ഭക്ഷണം

പഴങ്ങൾ,കക്കരിക്ക തുടങ്ങിയവ മുറിച്ചു കിട്ടും. പ്രത്യേകിച്ചു പരീക്ഷിക്കാനുള്ള ഭക്ഷണശൈലി ഇവിടെയില്ല. 

ശ്രദ്ധിക്കേണ്ടത്

നാഗർഹോളെയിലൂടെ ബൈക്ക് കടത്തിവിടില്ല. കാട്ടിൽ നിശബ്ദത പാലിക്കണം. ഒരു കാരണവശാലും വാഹനം നിർത്തുകയോ കാട്ടിൽ ഇറങ്ങുകയോ ചെയ്യരുത്. ആനകൾ ആക്രമണസ്വഭാവമുള്ളവയാണ്. ബേലൂരിൽ ഗൈഡിന്റെ സഹായം തേടണം. ഓരോ ശിൽപ്പങ്ങൾക്കും കഥകളുണ്ട്. കഥയറിഞ്ഞ് ആട്ടം കാണാമെന്നതാണു നേട്ടം.

റൂട്ട് 

എറണാകുളം-തൃശ്ശൂർ- മാനന്തവാടി-കുട്ട-നാഗർഹോളെ- ഹാസ്സൻ-ബേലൂർ- 505 കിലോമീറ്റർ. 

അടുത്തുള്ള മറ്റിടങ്ങൾ

മടിക്കേരി, മൈസുരു, ചിക്കമംഗളൂരു, ശൃംഗേരി, ശ്രാവണബേൽഗോള, സക്കലേഷ് പുര 

യാത്രാപദ്ധതി

ചുരുങ്ങിയത് മൂന്നുദിവസം വേണം ഈ യാത്രയ്ക്ക്.  കാറിനാണു പോകുന്നതെങ്കിൽ നാഗർഹോളെയിലൂടെയുള്ള വഴിയാണു നല്ലത്. തിരിച്ചുള്ള രാത്രിയാത്ര തിത്തുമത്തി വനത്തിലൂടെയാണ്. ആ റോഡിൽ രാത്രിയാത്രാ നിരോധനമില്ല.

എറണാകുളത്തുനിന്ന് അതിരാവിലെ പുറപ്പെട്ടാൽ മാനന്തവാടിയിൽ ഉച്ചയോടെ എത്താം. അന്ന് തോൽപ്പെട്ടി റോഡിലൂടെയൊരു സഫാരി നടത്തി മാനന്തവാടിയിൽ താമസിക്കാം. രാവിലെ നാഗർഹോളെ കാട്ടിലൂടെ യാത്ര ചെയ്ത് ഹാസനിലെത്താം. ഒരു പകൽകൊണ്ട് രണ്ടു ക്ഷേത്രങ്ങളും കണ്ട് ഹോട്ടൽ മയൂരയിൽ രാത്രിയുറങ്ങാം. രാവിലെ തിരികെ നാട്ടിലേക്ക്. ട്രെയിനിനാണു യാത്രയെങ്കിൽ മംഗലാപുരത്തേക്കു ടിക്കറ്റെടുക്കാം. ശേഷം ധർമസ്ഥല വഴി ബേലൂരിലേക്കു ബസ് പിടിക്കാം. അല്ലെങ്കിൽ ഹാസ്സൻ. ജങ്ഷനിലേക്കുള്ള ട്രെയിൻ പിടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com