ADVERTISEMENT

'ഇന്ത്യയുടെ രത്നം' എന്ന് മണിപ്പൂരിനെ വിളിക്കുന്നത് വെറുതെയല്ല. പ്രകൃതിസൗന്ദര്യം ആവോളം ആവാഹിച്ച നിഗൂഢമായ പ്രദേശങ്ങളും അറ്റമില്ലാതെ പരന്നുകിടക്കുന്ന പച്ചപ്പും താഴ്‌വരകളും നീലത്തടാകങ്ങളുമെല്ലാം ചേര്‍ന്ന് ആരെയും മയക്കുന്ന സൗന്ദര്യമുള്ള ഈ ഭൂപ്രദേശത്തിന് ഒരു അപൂര്‍വ്വ രത്നത്തിന്‍റെ ചാരുതയുണ്ട്. കൂടാതെ മനോഹരമായ രാസലീലാനൃത്തവും ലോകത്തിലെ തന്നെ ഒഴുകിനടക്കുന്ന ഏക നാഷണല്‍ പാര്‍ക്കായ കീബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കുമെല്ലാം ലോക സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

മണിപ്പൂര്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ ഇനി കുറെയധികം കടമ്പകള്‍ കടക്കണം. ജനുവരി മുതല്‍ സഞ്ചാരികള്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്‌ (ILP) നിര്‍ബന്ധമാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. തദ്ദേശീയര്‍ അല്ലാത്ത എല്ലാവര്‍ക്കും ഇങ്ങോട്ടേക്ക് കടന്നു വരണമെങ്കില്‍ പെര്‍മിറ്റ്‌ നിര്‍ബന്ധമാണ്‌. ഇവിടെ താമസിക്കാനാവുന്ന കാലാവധിക്കും നിയന്ത്രണമുണ്ട്.

manipur-travel1

യഥാര്‍ത്ഥത്തില്‍ 1873 ലെ ബംഗാൾ ഈസ്റ്റേണ്‍ ഫ്രണ്ടിയർ റെഗുലേഷന്‍റെ പരിധിയിൽ വരുന്നതാണ് ഈ  ഇന്നർ ലൈൻ പെർമിറ്റ് . ആനകള്‍, എണ്ണ, തേയിലത്തോട്ടങ്ങൾ എന്നിവയെ സംരക്ഷിക്കാനായി ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമായിരുന്നു ഇത്. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയ ഗോത്ര സംസ്കാരങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്നും ഇത് ഉപയോഗിക്കപ്പെടുന്നു എന്നുമാത്രം.

പെര്‍മിറ്റ്‌ ലഭിക്കുന്നത് ഇവിടെയെല്ലാം

മണിപ്പൂരിലേക്കുള്ള പെര്‍മിറ്റ്‌ നല്‍കാന്‍ എട്ട് എന്‍ട്രി പോയിന്‍റുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. മോറെ, മാവോ, ജിരിബം, ബീര്‍ ടിക്കേന്ദ്രജിത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയാണവ. ഓണ്‍ലൈനില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കാനുള്ള സാഹചര്യവും ഉടന്‍ ഒരുങ്ങും.അരുണാചല്‍ പ്രദേശ്‌, നാഗാലന്‍ഡ്‌, മിസോറം തുടങ്ങിയവയ്ക്ക് ശേഷം നാലാമതായാണ് മണിപ്പൂരില്‍ ഐ എല്‍ പി ഏര്‍പ്പെടുത്തുന്നത്.

മനം മയക്കും മണിപ്പൂര്‍

ഒമ്പത് ഉപഹിമാലയൻ പർവതനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശമാണ് മണിപ്പൂരിന്റേത്. വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അരുവികളും നിത്യഹരിത വനങ്ങളും കൊണ്ട് സമൃദ്ധമായ മണിപ്പൂര്‍ വിനോദസഞ്ചാരികളെ സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമാണ്. കൂടാതെ ഇവിടുത്തെ ശാന്തതയും മനോഹരമായ കാലാവസ്ഥയും ആരുടേയും മനം കവരും.

കാംഗ്ല ഫോര്‍ട്ട്‌, സീലാഡ് തടാകം, ശഹീദ് മിനാര്‍, താരോണ്‍ ഗുഹ, ലോക്തക് തടാകം, സെന്ദ്ര ദ്വീപ്, ഐ‌എൻ‌എ മെമ്മോറിയൽ, കെയ്‌ബുൾ ലാംജാവോ നാഷണൽ പാർക്ക് എന്നിങ്ങനെ ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്. മണിപ്പൂരിന്‍റെ തനതായ പ്രാദേശിക കരകൗശലവസ്തുക്കള്‍, കൈത്തറി, ആഭരണങ്ങൾ മുതലായവ ശേഖരിക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും. ഇതിനായി ഖ്വൈരാംബന്ദ് ബസാർ, ട്രൈബൽ എംപോറിയം, സംഗൈ കൈത്തറി, ഹാന്‍ഡ്ലൂം ഹൗസ് എന്നിങ്ങനെ ധാരാളം ഇടങ്ങളുണ്ട്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വേനല്‍ തുടങ്ങും വരെയുള്ള ശൈത്യകാലമാണ് മണിപ്പൂർ സന്ദർശിക്കാൻ ഏറ്റവും നല്ലത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് ഇത്. കാലാവസ്ഥ ഏറ്റവും സുഖകരമാകുന്നത് ഈ സമയത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com