ADVERTISEMENT

നിരവധി പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ സിനിമയായിരുന്നു ഇംതിയാസ് അലിയുടെ 'ലവ് ആജ് കല്‍' എന്ന ബോളിവുഡ് ചിത്രം. പക്ഷേ ആ സിനിമയിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ഏവരുടെയും മനം കവര്‍ന്നു. ഹിമാചലിലെ ചിത്കൂളിലാണ് ഈ സിനിമയിലെ 'മെഹ്രാമ' എന്ന ഗാനത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. 

ഹിമാചലില്‍ പോകുക എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്, കുളു മണാലി ആണ്. എന്നാല്‍ ഇതോടൊപ്പം തന്നെ ചേര്‍ത്തു വയ്ക്കാവുന്നതും അത്യന്തം സുന്ദരവുമായ ഒരു താഴ്‍‍വരയാണ് ചിത്കൂള്‍. ഹിമാചല്‍ യാത്രക്ക് ഒരുങ്ങുന്നവര്‍ ഒരിക്കലും സന്ദര്‍ശിക്കാന്‍ വിട്ടു പോകരുതാത്ത ഇടം കൂടിയാണ് ഇത്.

ചിത്കൂളിനെക്കുറിച്ച് അല്‍പ്പം കൂടി കാര്യങ്ങള്‍ മനസ്സിലാക്കാം.

ചിത്കൂള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

മെയ് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കാലാവസ്ഥ താരതമ്യേന സുഖകരമാണ് ഈ സമയത്ത്. ശൈത്യകാലത്ത്, റോഡുകൾ കനത്ത മഞ്ഞുവീഴ്ചയിൽ മൂടുന്നതിനാല്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള യാത്രകള്‍ ഒഴിവാക്കണം. 

എങ്ങനെയാണ് എത്തിച്ചേരുന്നത്?

ഡല്‍ഹിയില്‍ നിന്നും 15 മണിക്കൂര്‍ ഡ്രൈവ് ആണ് ഇങ്ങോട്ടേക്ക്. ഇടക്ക് ആവശ്യത്തിനു വിശ്രമമൊക്കെ എടുത്തു വേണം പോകാന്‍. ഷിംല എയര്‍പോര്‍ട്ട്‌ ആണ് ഏറ്റവും അടുത്തുള്ളത്. റോഡ്‌ മാര്‍ഗം ആണ് യാത്രയെങ്കില്‍ ഇവിടെ നിന്നും 9 മണിക്കൂര്‍ യാത്രയുണ്ട് ചിത്കൂളിലേക്ക്. ചണ്ഡിഗഡില്‍ നിന്നും ബസ് പിടിച്ച് പോകുന്നതാണ് ഏറ്റവും നല്ലത്. 11 മണിക്കൂര്‍ സമയം കൊണ്ട് ഇവിടെയെത്താം.

കാണാനെന്തുണ്ട്?

ഹിമാചലിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ചിത്കൂള്‍ ഇതുവരെ ഒരു വാണിജ്യ കേന്ദ്രമായി മാറിയിട്ടില്ല എന്നതാണ് ഏറ്റവും മികച്ച ഒരു കാര്യം. ഷിംല, മനാലി, ധർമ്മശാല, മക് ലിയോഗന്ജ് എന്നിവിടങ്ങളാണ് മിക്ക വിനോദസഞ്ചാരികളും യാത്രക്കായി തെരഞ്ഞെടുക്കുന്നത്. ചിത്കൂള്‍ അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ പോയ, ഒളിപ്പിച്ചു വയ്ക്കപ്പെട്ട സൗന്ദര്യമാണ്. ഇടതൂർന്ന ഓക്ക്, പൈൻ മരങ്ങൾ നിറഞ്ഞ മനോഹരമായ ബാസ താഴ്‌വര മുതൽ ഹിമാലയത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച വാസ്തുവിദ്യയുടെ അത്ഭുതം വഴിഞ്ഞൊഴുകുന്ന മതി ക്ഷേത്രം വരെ ഇവിടെ കാണാനും സന്ദര്‍ശിക്കാനും നിരവധി ഇടങ്ങളുണ്ട്. അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ചിത്കുള്‍ കോട്ടയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.  ഇന്തോ-ടിബറ്റൻ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന, ഇന്ത്യയിലെ അവസാന ധാബയായ ‘ഹിന്ദുസ്ഥാൻ കാ അക്രി ധാബ’ സന്ദർശിക്കാൻ മറക്കരുത്. ഇവിടെ വിളമ്പുന്ന രുചിയൂറുന്ന പ്രാദേശിക വിഭവങ്ങള്‍ കഴിക്കാനും വിട്ടുപോവരുത്.

എവിടെ താമസിക്കും?

ഹിമാചൽ ഗ്രാമങ്ങളിൽ രാത്രി താമസത്തിനായിമാന്യമായ ഒരു മുറി കണ്ടെത്തുക എന്നത് തികച്ചും ശ്രമകരം തന്നെയാണ്. സ്റ്റാന്‍ഡേര്‍ഡ് താമസസ്ഥലങ്ങള്‍ക്ക് ഒരു രാത്രിക്ക് കുറഞ്ഞത് 4,000 രൂപ കൊടുക്കേണ്ടി വരും.  അല്ലെങ്കില്‍ ഒരാള്‍ക്ക് 500 രൂപ മാത്രം ചിലവാകുന്ന അത്ര വൃത്തിയില്ലാത്ത മുറികള്‍ കിട്ടും. രണ്ടായാലും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനു കുറവൊന്നും വരില്ല.

ചൂടു മാഗിയും ചായയും പിന്നെ തണുപ്പും!

പര്‍വ്വതനിരകള്‍, തണുപ്പ് എന്നൊക്കെ പറയുമ്പോള്‍ത്തന്നെ നല്ല ചൂട് പറക്കുന്ന ഒരു പാത്രം മാഗിയും ഒരു കപ്പു ചായയും ഓര്‍മ്മ വരാത്തവര്‍ ആരുണ്ട്‌! ചിത്കൂളിലും ഈ കോമ്പിനേഷന്‍ വന്‍ ഹിറ്റാണ്. കൂടാതെ നോണ്‍ വെജിറ്റേറിയന്‍മാര്‍ക്കായി സ്പെഷ്യല്‍ ആടുകറി കിട്ടും. ചായകുടിയന്മാര്‍ക്ക് ഇവിടത്തെ ഉപ്പിട്ട ചായയും ഒരു പിടി പിടിച്ചു നോക്കാം.

ഓർക്കുക: ലോകമെങ്ങും കൊറോണ വൈറസ് പടരുകയാണ്. അതിനാൽ യാത്രകൾ ഒഴിവാക്കുകയോ സുരക്ഷിതമാക്കുകയോ ചെയ്യണം. ഈ വിവരണത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾക്ക് അനുസൃതമായി യാത്ര ചെയ്യുമ്പോൾ യാത്ര നിരോധിതമാണോ സുരക്ഷിതമാണോ എന്ന് കൂടി പരിഗണിക്കേണ്ടതാണ്. സുരക്ഷിതമായ സമയത്ത് മാത്രം യാത്ര പ്ലാൻ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com