ADVERTISEMENT

ഈജിപ്തിലെ പിരമിഡുകൾ പോലെ, ഗ്രീസിലെ കൊരിന്ത്യൻ ഓർഡറുകൾ പോലെ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതാണ് ഇന്ത്യയിലെ പടവുകിണറുകൾ അഥവാ സ്റ്റെപ്‌വെൽസ്. പണ്ട് സംഭരണികളായി ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട ചില പടവുകിണറുകളെ കുറിച്ചറിയാം.

ചാന്ദ് ബാവോരി, ആഭനേരി, രാജസ്ഥാൻ

ഒൻപതാം നൂറ്റാണ്ടിലേത് എന്നു കരുതപ്പെടുന്ന ചാന്ദ് ബാവോരി പണികഴിപ്പിച്ചതാര് എന്നതിന് മതിയായ തെളിവുകളൊന്നും ചരിത്രകാരന്മാർക്കു ലഭിച്ചിട്ടില്ല. അതെന്തായാലും ഹൈന്ദവ – മുഗൾ സംസ്കൃതികളുടെ സങ്കലനം ഇതിന്റെ നിർമിതിയിൽ കാണാം. രാജസ്ഥാനിലെ ആഭനേരിയിലാണ് ചാന്ദ് ബാവോരി. ചതുർഭുജാകൃതിയിൽ തലങ്ങും വിലങ്ങും പണിതിരിക്കുന്ന 3500 പടിക്കെട്ടുകളാണ് പ്രധാനമായും ഈ കിണറിനുള്ളത്. 13 നിലകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. 30 മീറ്ററോളം താഴ്ചയിൽ ആണ് കിണർ നിർമിച്ചിരിക്കുന്നത്.

stepwell

ഇതിനുള്ളിൽ രാജകുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ഹവേലി മാതൃകയിലുള്ള മുറികളും മറ്റും ഉള്ളതായി കരുതപ്പെടുന്നു. ഇവയിൽ  പക്ഷേ സന്ദർശകർക്ക് അനുവാദമില്ല.  ഭാരതത്തിലെ തന്നെ ഏറ്റവും വലുതും ആഴമേറിയതുമായ ബാവോരി അഥവാ പടവുകിണറാണിത്. രാജസ്ഥാനിലെ വരണ്ട ഭൂപ്രകൃതിയെ മുന്നിൽ കണ്ട്, ആവശ്യത്തിനുള്ള ജലം സംഭരിച്ചു വയ്ക്കാനും ആചാരാനുഷ്ഠാനങ്ങൾക്കായുള്ള ഇടമായും ചാന്ദ് ബാവോരി ഉപയോഗിച്ചു പോന്നു. ജയ്‌പുരിൽനിന്ന് 95 കിലോമീറ്റർ ദൂരെയാണിത്.

റാണി കി വാവ് 

പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്ത്‌, രാജസ്ഥാൻ മേഖലകൾ ഭരിച്ചിരുന്ന ചാലൂക്യ രാജവംശമാണിത് പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.

Rani-ki-Vav--Patan

ഗുജറാത്തിലെ പഠാൻ പട്ടണത്തിൽ സരസ്വതീനദിയുടെ തീരത്താണ് റാണി കി വാവ്. ഏകദേശം 28 മീറ്റർ ആഴത്തിൽ നിർമിക്കപ്പെട്ട ഈ പടവുകിണറിന്റെ നിർമിതി ഏഴ് നിലകളിലായുള്ള പടിക്കെട്ടുകൾ കൊണ്ട് മനോഹരമാണ്. ചുമരുകളിൽ കാണപ്പെടുന്ന കൊത്തുപണികളിൽ മിക്കതും മഹാവിഷ്ണുവിന്റെ കഥകളാണ്. അത്തരം ചിത്രവേലകളോടു കൂടിയ 212 തൂണുകളാണിതിന്റെ പ്രത്യേകതയും ആകർഷണവും. 2012 മുതൽ യുനെസ്കോയുടെ ലോക  പൈതൃക നിര്മിതികളിൽ ഇടം പിടിച്ചിരിക്കുന്നു റാണി കി വാവ്. അഹമ്മദാബാദിൽനിന്ന് 130 കിലോമീറ്റർ യാത്ര ചെയ്‌താൽ ഇവിടെയെത്താം.

അഗ്രസേൻ കി ബവോലി, ഡൽഹി 

ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിനടുത്താണ് ചരിത്ര പ്രസിദ്ധമായ അഗ്രസേൻ ബവോലി. ഉദ്ദേശം അറുപതു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള ഈ പടവുകിണറിന് മൂന്നു നിലകളിലായി 108 പടിക്കെട്ടുകളാണുള്ളത്. ഓരോ നിലയിലും ചുമർമാടങ്ങളും കാണാം. ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേ സംരക്ഷിതസ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഗ്രസേൻ സഞ്ചാരികൾക്ക് ഹൃദ്യമായ ഒരനുഭവം തന്നെയാവും.

Agrasen-Ki-Baoli--Delhi

അദലജ് വാവ്, ഗുജറാത്ത്‌ 

ശില്പചാതുരിയുടെ ഉത്തമഉദാഹരണമായി നിലകൊള്ളുന്നു പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കിണർ. ഗുജറാത്തിലെ അദലജ് ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചു നിലകളിലായി പണിത കൽപടവുകൾ വിശാലമായ കിണറിലേക്കു നയിക്കുന്നു. ഹൈന്ദവ ദൈവങ്ങളുടെയും മുഗൾ ചരിത്രത്തിന്റെയും സുന്ദരമായ സംഗമമാണ് അദ ല്ജിൽ കാണാൻ കഴിയുക. ശില്പത്തിൽ കൊത്തിയെടുത്ത പൂക്കൾ, ആനകൾ, ദൈവങ്ങൾ ഇങ്ങനെ അദ്ഭുതകരമായ കാഴ്ചകൾ ഇവിടെ കാണാം. അഹമ്മദാബാദിൽനിന്ന് അര മണിക്കൂർ യാത്രയേയുള്ളൂ അദലാജ് വാവിലേക്ക്.

ഹംപിയിലെ പുഷ്കരിണി

കിണർ എന്നതിനേക്കാൾ തടാകം എന്നാകും പുഷ്കരിണികളെ പറ്റി വിശദീകരിക്കാൻ അനുയോജ്യമായ പദം. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിൽ പല ആകൃതിയിലും വലിപ്പത്തിലും പുഷ്കരിണികൾ കാണാം. ക്ഷേത്രാവശിഷ്ടങ്ങളോടും കൊട്ടാരക്കെട്ടുകളോടും ചേർന്നും പൊതുവിടങ്ങളിലും പുഷ്കരിണികളുണ്ട്.

ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പുഷ്കരിണികളെങ്കിലും രാജകുടുംബാംഗങ്ങളുടെയും സാധാരണ ജനത്തിന്റെയും സ്വകാര്യ ആവശ്യങ്ങൾക്കായും ഇവ ഉപയോഗിച്ചിരുന്നു. ത്രികോണാകൃതിയിലുള്ള പടിക്കെട്ടുകൾ ശില്പ ചാതുര്യം പ്രകടിപ്പിക്കുന്നവയാണ്. ഹോസപെട്ടെ റെയിൽവേ സ്റ്റേഷനിൽ നിന്നു ഹംപിയിലേക്കു അധികം ദൂരമില്ല.

രാജോൺ കി ബവോലി 

ഡൽഹിയിലെ മെഹ്‌റോലി ആർക്കിയോളജിക്കൽ പാർക്കിലാണ് ഇന്ന് ഈ ബാവോലി. മുഗൾ വാസ്തുകലയുടെ സൗന്ദര്യം നിറഞ്ഞ ഈ കിണർ പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ദൗലത് ഖാന്റെ കാലത്താണ് നിർമിക്കപ്പെട്ടത്. പ്രശസ്തമായ കുത്തബ് മിനാർ സന്ദർശിക്കാനെത്തുന്ന യാത്രികർ രാജോൺ കി ബവോലി കാണാതെ മടങ്ങാറില്ല. മെഹ്‌റൗലിയിലേക്ക് ഡൽഹി മെട്രോ സർവീസ് നടത്തുന്നുണ്ട്.

സൂര്യ കുണ്ഡ്, മൊധേര, ഗുജറാത്ത്‌ 

പതിനൊന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സൂര്യ ക്ഷേത്രത്തിനോടനുബന്ധിച്ച ദീർഘ ചതുരാകൃതിയുള്ള തടാകമാണ് സൂര്യ കുണ്ഡ്. സൂര്യദേവനെ ആരാധിക്കുന്നതു സംബന്ധിച്ചുള്ള ചടങ്ങുകൾ ഇവിടെയായിരുന്നു നടത്തിയിരുന്നത്. ഹൈന്ദവ കഥകളിൽ പറയുന്ന 108 ദൈവങ്ങളെ പടിക്കെട്ടുകൾക്കിടയിൽ കൊത്തി വച്ചിരിക്കുന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. അഹമ്മദാബാദിൽനിന്നു ബസ് മാർഗം ഇവിടേക്കെത്താം.

ഇന്ത്യൻ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ശില്പ വൈദഗ്ധ്യത്തിന്റെയും ഉദാഹരണങ്ങളായ ഇത്തരം പടവുകിണറുകൾ ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com