അറബിക്കടലിനുള്ളിലെ അപൂര്‍വ്വ ക്ഷേത്രം ദർശിക്കണോ; കടൽ വഴി മാറിത്തരും
Mail This Article
കടലിനുള്ളിലൂടെ നടന്നു ചെന്നെത്തുന്ന ക്ഷേത്രം. ഭക്തര്‍ക്ക് വഴി മാറികൊടുക്കുന്ന കടല്‍... ചെന്നെത്തിയാലോ, ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന സമുദ്രജലത്തിന്‍റെ മനോഹരമായ കാഴ്ച കാണാം! ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ കൊയിലി ബീച്ചിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രമാണ് നിഷ്കളങ്ക് മഹാദേവക്ഷേത്രം. ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും വിട്ടു പോകരുതാത്ത അപൂര്‍വ്വ സമുദ്രക്ഷേത്രമാണിത്.
കടലില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനാണ് പ്രതിഷ്ഠ. സ്വയംഭൂവായ അഞ്ചു ശിവലിംഗങ്ങള്‍ ഒരു ചതുരത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ഓരോന്നിനും അഭിമുഖമായി നന്ദി പ്രതിമയുണ്ട്. വേലിയേറ്റ സമയത്ത് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോകുന്ന ഈ ക്ഷേത്രം, വേലിയിറക്ക സമയത്ത് വീണ്ടും പ്രത്യക്ഷമാകുന്നു. വേലിയേറ്റം വരുമ്പോള്‍ തൂണും കൊടിയും മാത്രമേ കാണാനാകൂ. എത്രയൊക്കെ വെള്ളം കയറിയിട്ടും നശിച്ചു പോകാതെയിരിക്കുന്ന ഈ നിര്‍മിതിയുടെ വാസ്തുവിദ്യ ആധുനിക എന്‍ജിനീയര്‍മാര്‍ക്ക് പോലും പിടികിട്ടാത്ത രഹസ്യമാണ്.
കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവന്‍മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് പറയപ്പെടുന്നു. കൗരവരെ കൊന്ന ശേഷം പശ്ചാത്താപ വിവശരായി അവര്‍ കൃഷ്ണനെ സമീപിച്ചു. കൃഷ്ണന്‍ അവര്‍ക്ക് ഒരു കറുത്ത പതാകയും കറുത്ത പശുവിനെയും കൊടുത്ത ശേഷം ഇങ്ങനെ പറഞ്ഞത്രേ, ഇവ രണ്ടും വെളുപ്പായി മാറുന്ന കാലത്ത് നിങ്ങളുടെ പാപങ്ങള്‍ തീരും. പാപ പരിഹാരത്തിനായി ശിവനെ ഭജിക്കാനും കൃഷ്ണന്‍ അവരോടാവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പശുവിന്റെയും കോടിയുടെയും നിറം മാറിയില്ല. ഒടുവില്‍ ഇന്നത്തെ കൊയിലി ബീച്ചിലെത്തി ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പപേക്ഷിച്ച് ശിവനെ ഭജിച്ചപ്പോള്‍ അവ വെളുത്ത നിറമായി മാറി. പാണ്ഡവര്‍ക്ക് മേല്‍ പ്രസാദിച്ച ശിവന്‍ ഓരോ സഹോദരനും ഓരോന്ന് എന്ന കണക്കില്‍ അഞ്ചു ലിംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നാണു കഥ. പാണ്ഡവരെ കളങ്കരഹിതമാക്കിയ ഇടമായതിനാലാണ് ക്ഷേത്രത്തിന് 'നിഷ്കളങ്ക്' എന്ന പേര് കിട്ടിയത്.
ഇന്ത്യൻ കലണ്ടർ അനുസരിച്ച് ശ്രാവണ മാസത്തിലെ അമാവാസി രാത്രിയില്‍ 'ഭദർവി' എന്നറിയപ്പെടുന്ന പ്രശസ്തമായ മേള അരങ്ങേറാറുണ്ട് ഇവിടെ. ഭാവ്നഗറിലെ മഹാരാജാക്കന്മാര്‍ ചേര്‍ന്ന് പതാക ഉയർത്തിക്കൊണ്ടാണ് ക്ഷേത്രോത്സവം ആരംഭിക്കുന്നത്. 364 ദിവസം ഉയര്‍ന്നു തന്നെ കിടക്കുന്ന ഈ പതാക അടുത്ത ക്ഷേത്രമേളയിൽ മാത്രമേ മാറ്റൂ.
വേലിയേറ്റ സമയത്ത് കരയിൽ നിന്ന് നഗ്നപാദരായി നടന്നാണ് ഭക്തർ ക്ഷേത്രത്തിലെത്തുക. 'പാണ്ഡവർ കുളം' എന്നറിയപ്പെടുന്ന കുളത്തിൽ കയ്യും കാലും കഴുകി വൃത്തിയാക്കിയ ശേഷമാണ് ക്ഷേത്രത്തിലേക്ക് കടക്കുന്നത്. അമാവാസി, പൗര്‍ണമി ദിനങ്ങളില്‍ വേലിയേറ്റമുണ്ടാകും. ഈ ദിവസങ്ങളിൽ വേലിയേറ്റം കഴിയുന്നതുവരെ ഭക്തർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പതിവ്. അതിനാല്‍ നിഷ്കളങ്ക് ക്ഷേത്ര സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.