ADVERTISEMENT

സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്നതിനെക്കുറിച്ച് ആരാണ് സ്വപ്നം കാണാത്തത്. മിക്കവാറും എല്ലാവര്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനെക്കുറിച്ച് യാത്രസ്വപ്‌നം ഉണ്ടാകും. മൂടല്‍മഞ്ഞുള്ള മലകളിലൂടെയുള്ള ട്രെക്കിങ്ങും മനോഹരമായ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും കണ്ടുള്ള നടത്തുവുമൊക്കെയുള്ള ഒരു അവധിക്കാലമായിരിക്കുമല്ലോ സ്വിസിനെക്കുറിച്ചുള്ള നമ്മുടെയെല്ലാം യാത്രസ്വപ്‌നങ്ങള്‍.

എന്നാല്‍ ഇന്ത്യയ്ക്ക് ഒരു മിനി സ്വിറ്റ്‌സര്‍ലന്‍ഡ് ഉണ്ടെന്ന് നിങ്ങളോട് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ഹിമാചലപ്രദേശില്‍, ഹിമാലയത്തിലെ മലയോര ചരിവുകളില്‍, സ്വിറ്റ്‌സര്‍ലന്‍ഡുമായി മിക്കവാറും എല്ലാ കാര്യങ്ങളിലും പൊരുത്തപ്പെടാന്‍ കഴിയുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമുണ്ട്. ചമ്പല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഖജ്ജിയറിനെ വിളിക്കുന്നത് ഇന്ത്യയുടെ മിനി സ്വിറ്റ്‌സര്‍ലൻഡ് എന്നാണ്. തടാകങ്ങള്‍, വനങ്ങള്‍, മേച്ചില്‍പ്പുറങ്ങള്‍ എന്നിങ്ങനെ പ്രകൃതിയെക്കുറിച്ച് ആവോളം പ്രശംസിക്കാന്‍ കഴിയുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഗ്രാമം.

Khajjiar1

പ്രകൃതി സൗന്ദര്യത്തിന്റെ അദ്ഭുതഭൂമി

ഈ ഹില്‍ സ്റ്റേഷന്‍ ഹിമാലയത്തിന്റെ മടിയിലാണ് സ്ഥിതിചെയ്യുന്നത്, വര്‍ഷം മുഴുവന്‍ തണുപ്പാണിവിടെ. ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ശൈത്യകാലം കഠിനമാണ്. മഴക്കാലം ഉചിതമല്ല, കാരണം ഇത് ഒരു മലയോര പ്രദേശമാണ്. മഴക്കാലത്ത്, മണ്ണിടിച്ചില്‍ മലയോര പ്രദേശങ്ങളില്‍ ഒരു സാധാരണ സംഭവമാണ്, ഇത് വിനോദസഞ്ചാരികളെ ആശയവിനിമയമോ ഗതാഗതമോ ഇല്ലാതെ ഒറ്റപ്പെട്ടുപോകാന്‍ ഇടയാക്കും.അതിനാല്‍ വസന്തകാല വേനല്‍ക്കാലമാണ് ഖജ്ജിയാര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും സുരക്ഷിതമായ സമയം. 

ജൂലൈ, ഓഗസ്റ്റ് ഒഴികെയുള്ള മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങള്‍ ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒരു യാത്ര നടത്താന്‍ അനുയോജ്യമായ സമയമാണ്. ഇടതൂര്‍ന്ന പൈന്‍,ദേവാദാരുവനങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ മനോഹരമായ സോസര്‍ ആകൃതിയിലുള്ള പീഠഭൂമി, സ്വിറ്റ്‌സര്‍ലന്‍ഡുമായി ഉഷ്ണമേഖലാ സാമ്യം പുലര്‍ത്തുന്ന ലോകത്തിലെ 160 സ്ഥലങ്ങളില്‍ ഒന്നാണ്. ഖജ്ജിയറിലേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങളെ ''മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്ന ബോര്‍ഡാകും സ്വാഗതം ചെയ്യുക.

Khajjiar

പേരുവന്ന വഴി

1992  ജൂലൈ 7 ന് അന്നത്തെ വൈസ് ചാന്‍സലറും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ചാന്‍സറി മേധാവിയുമായ വില്ലി ബ്ലേസറാണ് ഖജ്ജിയറിനെ 'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്ന് വിളിച്ചത്.സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള സ്ഥലത്തിന്റെ ശ്രദ്ധേയമായ ഭൂപ്രകൃതിയാണ് ഈ പേരിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെര്‍ണില്‍ നിന്ന് ഖജ്ജിയാറിന്റെ ദൂരം കാണിക്കുന്ന സ്ഥലത്ത് ഒരു ശില അടയാളം സ്ഥാപിച്ചു. ഒപ്പം ഖജ്ജിയാറില്‍ നിന്ന് ഒരു കല്ല് എടുത്ത് സ്വിസ് പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു.ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള 'മിനി സ്വിറ്റ്‌സര്‍ലന്‍ഡിനെ' ഓര്‍മപ്പെടുത്താനാണത്ര അദ്ദേഹം അങ്ങനെ ചെയ്തത്.

ആരേയും ആകര്‍ഷിക്കും വന്യസൗന്ദര്യം

രജപുത്രരും മുഗളരും ഉള്‍പ്പെടെ നിരവധി രാജാക്കന്‍മാരെയും ലോകമെമ്പാടുനിന്നുമുള്ള പ്രമുഖരായ യാത്രികരെയും ഈ സ്ഥലത്തിന്റെ മനോഹാരിത വളരെയധികം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 6,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ പ്രകൃതിഭംഗിയും മനോഹരമായ പ്രകൃതിദൃശ്യവും ഒരു വിനോദസഞ്ചാരി എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഓര്‍മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും.

ഖാജ്ജിയര്‍ ഒരു ചെറിയ പീഠഭൂമിയാണ്, അതില്‍ ഒരു ചെറിയ തടാകവുമുണ്ട്.1920 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം രാജ്യത്തും ലോകത്തെമ്പാടുമുള്ള ഏറ്റവും ഉയര്‍ന്ന തടാകങ്ങളില്‍ ഒന്നാണ്. ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങളും പൈന്‍ വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ തടാകം താഴ്വരയുടെ മികച്ച ചിത്രം നല്‍കും.

പച്ച പുല്‍മേടുകളും ഇടതൂര്‍ന്ന വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഖാജ്ജിയര്‍ പുരാതന ക്ഷേത്രങ്ങള്‍ക്കും പേരുകേട്ടതാണ്. പാരാഗ്ലൈഡിംഗ്, കുതിരസവാരി, സോര്‍ബിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നു.

സര്‍പ്പദേവന് സമര്‍പ്പിച്ചിരിക്കുന്ന പ്രശസ്തമായ ഖാജി നാഗാ ദേവാലയത്തിന് പേരുകേട്ടതാണ് ഖജ്ജിയര്‍.പത്താം നൂറ്റാണ്ടിലേതാണ് ഈ ക്ഷേത്രം. വ്യത്യസ്ത പാറ്റേണുകളും ചിത്രങ്ങളും ക്ഷേത്രത്തിന്റെ മച്ചിലും തടിയില്‍ തീര്‍ത്ത തൂണുകളിലും കാണാം.ഹിന്ദു, മുഗള്‍ ശൈലിയിലുള്ള വാസ്തുവിദ്യയുടെ കൗതുകകരമായ മിശ്രിതം എവിടെയും കാണാനാകും.ഡല്‍ഹൗസിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വരുന്ന എല്ലാവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഖജ്ജിയര്‍.

 താമസിക്കാനുള്ള  സ്ഥലങ്ങള്‍

ബജറ്റ് ഹോട്ടലുകളില്‍ ഭൂരിഭാഗവും ഖജ്ജിയാര്‍-ചമ്പ റോഡിലാണ്. ഹിമാചല്‍ പ്രദേശ് ടൂറിസവും ബജറ്റ് താമസസൗകര്യമുള്ള ഹോട്ടലുകള്‍ നടത്തുന്നുണ്ട്.നിരവധി മിഡ് റേഞ്ച് റിസോര്‍ട്ടുകളും ഖജ്ജിയാറിലുണ്ട്.ഇവിടത്തെ മിക്കവാറും എല്ലാ ഹോട്ടലുകളും മഞ്ഞുമൂടിയ പര്‍വതങ്ങളുടെ മനോഹരമായ കാഴ്ചകള്‍ നല്‍കുന്നു.

English Summary: Khajjiar Explore The Mini Switzerland of India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com