ADVERTISEMENT

മഞ്ഞുകട്ടകള്‍ കൊണ്ടുണ്ടാക്കിയ രസികന്‍ തൂവെള്ള ഇഗ്ലൂ വീടുകള്‍ കണ്ടിട്ടില്ലേ? ഗ്രീൻലാന്‍ഡ്, കാനഡ, അലാസ്ക എന്നിവയുടെ ആർട്ടിക് മേഖലകളിൽ അധിവസിക്കുന്ന ആളുകള്‍ നിർമിക്കുന്ന ഡോം ആകൃതിയിലുള്ള മഞ്ഞുവീടാണ് ഇഗ്ലൂ. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ 'വാസ്തുവിദ്യ'യ്ക്ക് എന്നാണ് കണക്കാക്കുന്നത്.

ഇത്തരം വീടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാണുമ്പോള്‍ അവയിലുള്ള താമസം എങ്ങനെയായിരിക്കും എന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ? അതിനായി ഇപ്പോള്‍ ആര്‍ട്ടിക്കിലേക്ക് പോകേണ്ട കാര്യമൊന്നുമില്ല. ലോകത്ത് പലയിടത്തും ഈ നിര്‍മ്മാണവിദ്യ കടമെടുത്ത് ഉണ്ടാക്കിയ ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാമുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടങ്ങളില്‍ താമസിക്കാം.

സ്വീഡനിലെ ഐസ്ഹോട്ടല്‍, റൊമാനിയയിലെ ഐസ് ബാലെ ലേക്ക് ഹോട്ടല്‍, നോര്‍വേയിലെ സോറിസ്നിവ ഇഗ്ലൂ ഹോട്ടല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ വൈറ്റ്പോഡ് ഇക്കോ ലക്ഷ്വറി ഹോട്ടല്‍, ഫിന്‍ലന്‍ഡിലെ കാക്സ്ലോട്ടനെന്‍ ആര്‍ട്ടിക് റിസോര്‍ട്ട് എന്നിവയെല്ലാം ഇഗ്ലൂ അനുഭവം ഒരുക്കുന്ന ഹോട്ടലുകളാണ്. എന്നാല്‍ ഇന്ത്യയില്‍ത്തന്നെ ഇഗ്ലൂ വീട്ടില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ട് എന്ന കാര്യം അറിയാമോ?

മണാലിയിലെ കീലിംഗ ക്യാമ്പ്സൈറ്റാണ് ഈ അനുഭവം ഒരുക്കുന്നത്. സഞ്ചാരികള്‍ക്ക് ഇവിടെയുള്ള മൂന്ന് ഇഗ്ലൂകളില്‍ താമസിക്കാം. ജനുവരിയോടെ രണ്ട് ഇഗ്ലൂകള്‍ കൂടി തയ്യാറാകുന്നുമുണ്ട്. 

ഇഗ്ലൂവിനുള്ളിലെ താപനില പൂജ്യം ഡിഗ്രിയാക്കി ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ, മണാലിയിലെ താപനില പകൽ പരമാവധി 3 മുതൽ 7 ഡിഗ്രി വരെയാണ്, രാത്രിയില്‍ ഇത് -4 ഡിഗ്രി വരെ പോകും. ജനുവരിയിൽ ഇത് വീണ്ടും കുറഞ്ഞ് - 9 ഡിഗ്രിയിലെത്തും. ഉള്ളിലെ തണുപ്പിനെ നേരിടാനുള്ള സ്ലീപ്പിംഗ് ബാഗുകളും കിടക്കകളും ബ്ലാങ്കറ്റുകളുമെല്ലാം താമസക്കാര്‍ക്ക് നല്‍കും, ഇവയെല്ലാം സാനിട്ടൈസ് ചെയ്തവയാണ്. അതുപോരാ എന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വന്തമായി സാധനങ്ങള്‍ കൊണ്ടുവരികയുമാവാം.

ഇഗ്ലൂവിനുള്ളില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ല. ഇതിനായി പുറത്ത് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ടോയ്‌ലറ്റ് ഉണ്ട്. ഇതിനുള്ളില്‍ ചൂടുവെള്ളവും ലഭിക്കും. എന്നാല്‍ കുളിക്കാനായി ബാത്ത്റൂം ഇല്ല. ഇഗ്ളൂ താമസത്തിന് രണ്ടുപേര്‍ക്ക് ഒരു രാത്രിക്ക് 5,500 രൂപയാണ് നിരക്ക്. ഇതില്‍ ഭക്ഷണവും പാനീയങ്ങളും സ്കീയിംഗ്, ട്യൂബ് സ്ലൈഡിംഗ്, ഇഗ്ളൂ മേക്കിംഗ് മുതലായ ആക്റ്റിവിറ്റികളും ഉള്‍പ്പെടും. ആക്റ്റിവിറ്റികളുടെ സമയത്ത് ഉപയോഗിക്കാനുള്ള സ്നോ ഡ്രെസ്സും നല്‍കും.

മണാലി നഗര കേന്ദ്രത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് ക്യാമ്പ് സൈറ്റ് സ്ഥിതിചെയ്യുന്നത്. താമസത്തിനൊപ്പം ക്യാമ്പ് സൈറ്റിലേക്കും പുറത്തേക്കും 3,500 രൂപ അധിക നിരക്കിൽ ഗതാഗത സേവനങ്ങളും ബുക്ക് ചെയ്യാം.

മഞ്ഞ് ഉരുകുന്നതിനുമുമ്പ്, മാർച്ച് പകുതി വരെ മാത്രമേ ഇഗ്ലൂ താമസം ലഭ്യമാകൂ.

 

English Summary: Stay Igloo House in Manali this winter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com