ADVERTISEMENT

പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഒട്ടേറെ മനോഹര ഹില്‍ സ്റ്റേഷനുകള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മരങ്ങളും മഞ്ഞും മഴയും ഉയരങ്ങളിലേക്ക് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന മലകളുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. അധികമാരും കടന്നുചെന്നിട്ടില്ലാത്ത, വന്യസൗന്ദര്യം അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാനാവുന്ന ഒട്ടേറെ പ്രദേശങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് ഡ്യൂക്ക്സ് നോസ് അഥവാ നാഗ്ഫാനി.

വെല്ലിംഗ്‌ടണ്‍ ഡ്യൂക്ക് ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ആര്‍തര്‍ വെല്ലസ്ലിയുടെ മൂക്കിനോട് സാദൃശ്യമുള്ള ഒരു ചെറിയ കുന്നാണിത്. ഏകദേശം മുന്നൂറടിയോളമാണ് ഉയരം. മനോഹാരിതയാര്‍ന്ന കാഴ്ചകള്‍ക്ക് പുറമേ, റോക്ക് ക്ലൈംമ്പിങ്, വാലി ക്രോസിങ്, സ്ലാക്ക്ലൈനിങ്, ഹൈലൈനിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്. അതുകൊണ്ടുതന്നെ വര്‍ഷം മുഴുവനും ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

എങ്ങനെ എത്താം?

ലോണാവാലയിലെ ഐ‌എൻ‌എസ് ശിവാജിക്കടുത്താണ് ഡ്യൂക്ക്സ് നോസ്. റെയിൽ‌ മാർഗമാണ് ഇവിടേക്ക് എത്താനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവും. ലോണാവാല റെയിൽ‌വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. പൂനെയും മുംബൈയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമെല്ലാം റെയില്‍ വഴി ലോണാവാലയുമായി മികച്ച രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നതിനാല്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. ഡ്യൂക്ക് നോസിനേറ്റവും അടുത്തുള്ള ഗ്രാമമായ കുർവാണ്ടെയിലേക്ക് റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്റർ ദൂരമേയുള്ളൂ. സ്റ്റേഷനില്‍ നിന്നും ഓട്ടോ മാര്‍ഗം ഇവിടെ എത്താം. എങ്ങനെ എത്തിയാലും മുംബൈ നഗരത്തില്‍ നിന്നും പുറപ്പെടുന്നവര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ ട്രെക്കിങ് നടത്താവുന്ന ഒരു സ്ഥലമാണിത്. ഏകദേശം ഇരുനൂറു രൂപയോളം മാത്രമേ ചെലവ് വരികയുള്ളൂ. ഇങ്ങനെ പോകാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് പൂനെ/ മുംബൈയിൽ നിന്ന് ബൈക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യാം. 

dukes-nose

ട്രെക്കിങ് റൂട്ടുകള്‍

സഞ്ചാരികള്‍ക്ക് രണ്ടു ട്രെക്കിങ് റൂട്ടുകളിലൂടെ ഡ്യൂക്ക്സ് നോസ് യാത്ര നടത്താം. കുർവാണ്ടെ ഗ്രാമത്തിലൂടെയും ഖണ്ഡാല റെയില്‍വേ സ്റ്റേഷന്‍ വഴിയുമാണ്‌ ഈ റൂട്ടുകള്‍. കുർവാണ്ടെ റൂട്ടാണ് എളുപ്പം. ഇതിലൂടെ സഞ്ചരിച്ചാല്‍ ഒരു മണിക്കൂര്‍ സമയം കൊണ്ട് ടോപ്പിലെത്താം.ഖണ്ഡാല ട്രെക്ക് റൂട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മുകളിലെത്താൻ ഏകദേശം 2 മുതൽ 2.5 മണിക്കൂർ വരെ സമയമെടുക്കും.

ചുറ്റും കുത്തനെയുള്ള ചെരിവുകളാണ് ഉള്ളതെങ്കിലും ഏറ്റവും മുകളിലുള്ള പാറ പരന്നതാണ്. ഇതിനു മുകളിലൂടെ സഞ്ചാരികൾക്ക് നടക്കാം. കുന്നിൻ മുകളിൽ ഒരു ചെറിയ ക്ഷേത്രവുമുണ്ട്. മുംബൈ-പൂനെ റോഡ്, റെയിൽപ്പാതകള്‍, സഹ്യാദ്രി കൊടുമുടികൾ, ഖണ്ഡാല തുടങ്ങിയവയുടെ അതിസുന്ദരമായ കാഴ്ചയാണ് ഇവിടെ നിന്ന് നോക്കിയാല്‍ കാണാനാവുക.

മണ്‍സൂണ്‍ കാലത്താണ് പോകുന്നതെങ്കില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വഴികള്‍ മുഴുവന്‍ വഴുക്കേറിയതാവുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. അതുകൊണ്ട്, അല്‍പ്പം കൂടുതല്‍ ശ്രദ്ധിക്കണം. പോകുന്ന സമയത്ത്, ആവശ്യമായ ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുകയും വേണം.

English Summary: Duke's Nose Lonavala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com