ADVERTISEMENT

തണുപ്പുകാലം മെല്ലെ വിടവാങ്ങുന്ന സമയമാണ്. പലയിടത്തും ചൂട് പടികയറി വന്നുതുടങ്ങി. മഞ്ഞു പൊഴിയുന്ന മാമലകളും കുളിരണിഞ്ഞ താഴ്‌‌വരകളും ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി അടുത്ത തണുപ്പുകാലം വരുന്നതുവരെ കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ. ഈ യാത്രകള്‍ ഇപ്പോഴേ വേണമെങ്കില്‍ പ്ലാന്‍ ചെയ്തു വയ്ക്കാം. ഇത്തരത്തില്‍ നമ്മുടെ രാജ്യത്തിനകത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ ചില മഞ്ഞുകാല ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെട്ടോളൂ.

1. കീലോംഗ് 

ഹിമാചൽ പ്രദേശിന്‍റെ വടക്കു ഭാഗത്തായാണ് കീലോംഗ് അഥവാ കൈലാംഗ് സ്ഥിതിചെയ്യുന്നത്. മണാലി-ലേ ഹൈവേയിൽ ചന്ദ്ര താഴ്‌വര, ഭാഗ താഴ്‌വര, ചെനാബ് താഴ്വര എന്നിവ കൂടിച്ചേരുന്നിടത്താണ് കീലോംഗ്. തണുപ്പുകാലത്ത് -7.7 ഡിഗ്രി സെൽഷ്യസ് വരെ ഇവിടത്തെ താപനില താഴാറുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കീലോംഗിന്, 'മൊണാസ്ട്രികളുടെ നാട്' എന്നും പേരുണ്ട്.

2Keylong
By Vivek Bhatia/shutterstock

കര്‍ദാങ്ങ്, ഷാസൂര്‍, ഗുരു ഗണ്ടാള്‍, തയൂള്‍, ജെമൂര്‍ എന്നീ മൊണാസ്ട്രികളും പ്രശസ്തമായ ത്രിലോക്നാഥ് ക്ഷേത്രവും മര്‍കുളദേവി ക്ഷേത്രവും തണ്ടി, സിസു, ഉദയ്പൂര്‍ എന്നിവയുമെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ട്രക്കിങ്, ഫിഷിങ്, ജീപ്പ് സഫാരി, പാരാഗൈ്ളഡിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

2. പഹല്‍ഗാം

ഇന്ത്യയുടെ മകുടമായ കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലുള്ള ഒരു മനോഹരമായ നഗരമാണ് പഹൽഗാം. അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെർ നദീതീരത്തുള്ള പഹൽഗാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ലോകപ്രശസ്തമായ അമർനാഥ് യാത്ര തുടങ്ങുന്നത് പഹൽഗാമിൽ നിന്നും 16 കി.മീ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്. 

himachal
By Vivek BR/shutterstock

അരു, ശേഷാംഗ് എന്നീ നദികള്‍ കൂടിച്ചേരുന്ന ഇടവും തര്‍സാര്‍ ലേക്ക്, മട്ടാന്‍, സൂര്യക്ഷേത്രം, ലിദ്ദര്‍വാട്ട്, മാമലേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളുമെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. മഞ്ഞുകാല കാഴ്ചകള്‍ കാണാന്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം. ഈ സമയത്ത്  -6.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാറുണ്ട്.

3. കുപ്‌വാര 

ജമ്മുകശ്മീരില്‍ തന്നെയുള്ള മറ്റൊരു മഞ്ഞുകാല ഡെസ്റ്റിനേഷനാണ് കുപ്‌വാര. രാജ്യത്തിന്‍റെ അതിർത്തിയോട് ചേർന്ന് ജമ്മു കശ്മീരിന്‍റെ പടിഞ്ഞാറ് ഭാഗത്തായാണ് കുപ്‌വാര സ്ഥിതി ചെയ്യുന്നത്. -4.5 ഡിഗ്രി സെൽഷ്യസ് ആണ് മഞ്ഞുകാലത്തെ ഇവിടത്തെ ഏറ്റവും കുറഞ്ഞ താപനില.

1Keylong
By Amit kg/shutterstock

4. കൽപ്പ

ഹിമാചൽ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ കമൽ നേഗി സത്‌ലജ് നദീതടത്തിലുള്ള ഒരു ചെറിയ ഗ്രാമമാണ് കൽപ്പ. ആപ്പിൾ തോട്ടങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് ഇവിടം. -0.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ മഞ്ഞുകാലത്ത് താപനില താഴുന്നത്.

5. ബാനിഹാൽ

ജമ്മു കശ്മീരിലെ കാസിഗുണ്ടിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമീണ മേഖലയാണ് ബാനിഹാൽ. -0.4 ഡിഗ്രി സെൽഷ്യസ് വരെ മഞ്ഞുകാലത്ത് ഇവിടെ താപനില താഴേക്ക് പോകാറുണ്ട്.

4Gulmarg
By Zanariah Salam/shutterstock

6. ഗുല്‍മാര്‍ഗ്

മഞ്ഞുകാല വിനോദങ്ങളുടെ പറുദീസയാണ് ഗുല്‍മാര്‍ഗ്. ശ്രീനഗറിൽ നിന്നു വെറും 1 മണിക്കൂർ യാത്രയേയുള്ളു കശ്മീരിലെ പ്രധാന ടൂറിസം കേന്ദ്രമായ ഗുല്‍മാര്‍ഗിലേക്ക്. ഇവിടെ ഡിസംബറിൽ മഞ്ഞുവീഴ്ചയോടെ തുടങ്ങുന്ന ടൂറിസ്റ്റ് സീസണ്‍ ഏപ്രിൽ മാസം വരെ നീണ്ടു നില്‍ക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഏഴാമത്തെ സ്കീയിംഗ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. ഗുൽമാർഗ് ഗൊണ്ടോള, ആൽപതർ തടാകം, ഗുൽമാർഗ് ബയോസ്‌ഫിയർ റിസർവ്, സ്ട്രോബെറി വാലി തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മഞ്ഞുകാലത്ത് പൂജ്യവും കടന്ന്  -6 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടത്തെ താപനില പോകാറുണ്ട്.

English Summary: Coldest Places in India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com