ADVERTISEMENT

മനോഹരമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമാണ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഭംഗാർ കോട്ട. ഭയപ്പാടിന്റെ അന്തരീക്ഷമാണ് ഇൗ കോട്ടയ്ക്ക്. നിരവധി പേരുടെ രക്തത്തിന്റെ മണമുണ്ട് ഇവിടെ. ദുരാത്മാക്കൾ അലഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നിരവധി കാഴ്ചകൾക്ക് പലരുമിവിടെ സാക്ഷികളാണ്. മരണങ്ങളുടെ നീണ്ട നിര തന്നെ ഈ കോട്ടയെ ചുറ്റിപറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. കൂടാതെ തട്ടിക്കൊണ്ടു പോകലുകളും ഇവിടെ തുടർക്കഥയാണ്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിൽ ഇവിടെ സന്ദർശനത്തിനു അനുമതിയില്ല.

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സരിസ്ക കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭംഗാർ. നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന മധോ സിംഗ് ഒന്നാമനാണ് ഭംഗാര്‍ കോട്ട നിര്‍മിക്കുന്നത്. ഭംഗാർ കോട്ടയിലെയും ഗ്രാമത്തിലെയും കെട്ടിടങ്ങൾക്ക് ശാപം കിട്ടിയതാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

അംബറിലെ കഛ്‌വ ഭരണാധികാരിയായിരുന്ന ഭഗവന്ത് സിങ് ഇളയപുത്രനായ മാധോസിങ്ങിനു വേണ്ടി പണിതതാണ് ഈ കോട്ട. മാധോസിങ്ങിന്റെ മകൻ ഛത്രസിങ്ങിന്റെ മകൾ രത്നാവതിയെ ഒരു ദുർമാന്ത്രികൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെന്നും അത് നിറവേറാതെ കൊല്ലപ്പെട്ട മാന്ത്രികൻ മരിക്കും മുൻപ് ആ കോട്ടയിലുള്ളവരെ മുഴുവൻ ശപിച്ചത്രേ. താമസിയാതെ നടന്ന ഒരു യുദ്ധത്തിൽ രത്നാവതിയടക്കം കോട്ടയിലെ അന്തേവാസികൾ മുഴുവൻ കൊല്ലപ്പെടുകയും ശാപം കാരണം അവരുടെയൊക്കെ ആത്മാക്കൾ പ്രേതങ്ങളായി കോട്ടയിൽതന്നെ ഉണ്ടെന്നുമാണ് വിശ്വാസം.

ഭംഗാർ കോട്ടയിലേക്ക്

അഞ്ച് പടുകൂറ്റൻ വാതിലുകളുള്ള മൂന്നു കോട്ടമതിലുകൾ കടന്നുവേണം ഭംഗാർ കോട്ടയുടെ ഉള്ളിൽ എത്താൻ. കോട്ടയ്ക്കുള്ളിൽ വിവിധ ഹവേലികളുടെയും ക്ഷേത്രങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാം. ക്ഷേത്രങ്ങൾ ഒഴിച്ച് മറ്റ് കെട്ടിടാവശിഷ്ടങ്ങൾക്കൊന്നും മേൽക്കുര ഇല്ല, അത് ഈ കോട്ടയെ ‘മോസ്റ്റ് ഹോണ്ടഡ്’ ആക്കുന്ന കഥയിലെ ശാപം മൂലമാണെന്നാണ് വിശ്വസിക്കുന്നത്.

കോട്ടയ്ക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഗ്രാമത്തിലെ വീടുകൾക്കും മേൽക്കുര കാണാനില്ല. മാത്രമല്ല ആരെങ്കിലും ഒരു കെട്ടിടം പണിതാൽ താമസിയാതെ തന്നെ അതിന്റെ മേൽക്കൂര നിഗൂഢമായ കാരണങ്ങളാൽ തകർന്നു വീഴുന്നതായിട്ടാണ് അനുഭവം എന്നും സമീപസ്ഥരായ ഗ്രാമീണർ പറയുന്നു. ഇപ്പോൾ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ അധീനതയിലാണ് ഭംഗാർ കോട്ട. സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും സന്ദർശകർക്ക് പ്രവേശനമില്ല.

English Summary: Bhangarh Fort Trip details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com