ട്യൂലിപ് വസന്തം നുകരാൻ തയാറായിക്കോളൂ; ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡൻ
Mail This Article
സബർവാൻ മലയോരത്ത്, ദാല്‍ തടാകം തൊട്ടുനിൽക്കുന്ന അതിമനോഹര ട്യൂലിപ് വസന്തം നുകരാൻ തയാറായിക്കോളൂ. വസന്തത്തെ വർണമേളയാക്കി മാറ്റുന്ന ടുലിപ് പുഷ്പോത്സവം ഇക്കഴിഞ്ഞ മാർച്ച് 25 ന് ആരംഭിച്ചു. ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ട്യൂലിപ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ കശ്മീർ ഒരുങ്ങുന്നു. നിറത്തിലും ഇനത്തിലും വേറിട്ട പൂക്കളാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ട്യൂലിപ് പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്നത്.
ട്യൂലിപ് മാത്രമല്ല, ഡാഫഡിലും റോസും ഉൾപ്പെടെ വസന്തത്തിന്റെ വരവറിയിച്ചുളള പൂക്കളെല്ലാം 80 ഏക്കറിൽ പരന്നു കിടക്കുന്ന തോട്ടത്തിലുണ്ട്. സീസണിൽ 5 ലക്ഷം സന്ദർശകർ വരെ കണ്ടു മനം നിറച്ച പൂവസന്തത്തിൽ കഴിഞ്ഞ വർഷം ആരും ആസ്വദിക്കാനില്ലാതെ കടന്നു പോയിരുന്നു.
2007 ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്തി ഗുലാം നബി ആസാദ് മുൻകയ്യെടുത്താണു പൂന്തോട്ടം തുറന്നത്. അന്നു മുതൽ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണിത്.8 മാസത്തെ വീട്ടുതടങ്കലിൽ നിന്നു മോചിതനായ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കഴിഞ്ഞ വര്‍ഷം ട്യൂലിപ് തോട്ടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഇങ്ങനെ കുറിച്ചു: ഇത് നമുക്കെല്ലാം ഈ വർഷം നഷ്ടപ്പെട്ട കാഴ്ച. അടുത്ത വർഷം പൊൻവസന്തമാകുമെന്നു പ്രത്യാശിക്കാം. ആ വാക്കുകളെ ആന്വര്‍ത്ഥമാക്കികൊണ്ട് സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ട്യൂലിപ് വസന്തം.
English Summary: Kashmir: Tulip Garden to open for visitors