കാശ്മീരിലെ മഞ്ഞിൽ അവധി ആഘോഷമാക്കി സാറ അലി ഖാന്‍, കൂട്ടിന് അമ്മയും സഹോദരനും
Mail This Article
കാശ്മീരില്‍ നിന്നും ആരെയും കൊതിപ്പിക്കുന്ന യാത്രാ ചിത്രങ്ങളുമായി സാറ അലി ഖാന്‍. അമ്മയായ അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പമാണ് സാറ അടിച്ചു പൊളിക്കുന്നത്. മഞ്ഞു മൂടിയ ഗുല്‍മാര്‍ഗില്‍, ചില്ലുജാലകത്തിനപ്പുറം കാണുന്ന മരങ്ങളുടെയും പര്‍വ്വതത്തലപ്പുകളുടെയും കാഴ്ച ആസ്വദിച്ചു, സ്നാക്സ് കഴിക്കുന്നതും ബാല്‍ക്കണിയില്‍ ഇരിക്കുന്നതുമെല്ലാം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാറ പങ്കുവെച്ചിരുന്നു.
അമൃത സിംഗിനൊപ്പം മഞ്ഞിലൂടെ യാത്ര ചെയ്യുന്ന വീഡിയോയും സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് ഇബ്രാഹിമിനൊപ്പം മഞ്ഞിലൂടെ യാത്ര ചെയ്യുന്ന ചിത്രം സാറ പങ്കുവെച്ചിരുന്നു.
ഗുല്മാര്‍ഗിലെ ഖൈബര്‍ ഹോട്ടലിലാണ് സാറയും കുടുംബവും താമസിച്ചത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
രാജ്യത്ത് ഏകദേശം മറ്റെല്ലായിടങ്ങളിലും കടുത്ത വേനലില്‍ തുടരുമ്പോഴും കാശ്മീരില്‍ ഇപ്പോഴും മഞ്ഞു നിറഞ്ഞ സ്ഥലങ്ങള്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ, കൊറോണയുടെ രണ്ടാം തരംഗം തുടങ്ങിയിട്ട് പോലും ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. രാജ്യാന്തര യാത്രകള്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞ കശ്മീര്‍ തന്നെയാണ്, സഞ്ചാരികളുടെ പ്രഥമ ചോയ്സ്.
കശ്മീരിലെ പ്രതിദിന കോവിഡ് നിരക്ക് 1,200 കടന്നിരിക്കുകയാണ് ഇപ്പോള്‍. ഡിസംബർ മുതലുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് വിനോദസഞ്ചാരത്തിനായി കശ്മീരിലെത്തിയതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. ഹോട്ടൽ ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെക്കാലത്തിനു ശേഷം മികച്ച അവസരമായിരുന്നു ഇത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്നുണ്ടായ നീണ്ട കർഫ്യൂകളും ഷട്ട്ഡൌണുകളും കഴിഞ്ഞ വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അല്‍പ്പമൊരു ആശ്വാസമായിരുന്നു അവര്‍ക്ക് ഈ സമയം.
രണ്ടാമത്തെ കോവിഡ് തരംഗത്തെ തുടര്‍ന്ന് ജമ്മു കശ്മീർ സർക്കാർ സ്കൂളുകളെല്ലാം അടച്ചിരുന്നു. എന്നാല്‍, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമായി തന്നെ മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച ശ്രീനഗറിൽ സംഘടിപ്പിച്ച ട്യൂലിപ് ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇത്തരമൊരു സാഹചര്യത്തില്‍ പരിപാടി നടത്തിയതിന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
English Summary: Sara Ali Khan shares pics and videos from Kashmir trip, calls it paradise on earth