ലഡാക്ക് യാത്രയിൽ പുലിവാൽ പിടിക്കരുത്; ഇവ ശ്രദ്ധിച്ചോളൂ
Mail This Article
യാത്ര ചെയ്യാനിഷ്ടപ്പെടുന്ന എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റില്‍ സ്ഥിരമായി ഉണ്ടാകുന്ന പേരാണ് ലേ ലഡാക്ക്. മനോഹരമായ പ്രകൃതിയും മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയവും അഭൗമസുന്ദരാനുഭവം ഒരുക്കുന്ന കാലാവസ്ഥയുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമല്ല ഇവിടേക്കുള്ള യാത്ര. ആരോഗ്യസ്ഥിതിയും വേണ്ട മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുമെല്ലാം വേണം ഇവിടേക്കുള്ള യാത്രക്ക് തയാറെടുക്കാന്‍. ഇപ്പോൾ കൊറോണയുടെ അതിരൂക്ഷവ്യാപനത്തിൽ യാത്ര ഒഴിവാക്കി എല്ലാവരും വീടിനുള്ളില്‍ കഴിയുകയാണ്. എല്ലാമൊന്ന് ശാന്തമായിട്ട് യാത്ര തുടരാം. ലഡാക്ക് യാത്ര തുടങ്ങുംമുമ്പേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
അത്യാവശ്യമായി കയ്യില്‍ കരുതേണ്ടവ
ലേ ലഡാക്ക് പോലെ തണുപ്പ് കൂടിയ ഒരു പ്രദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജീവനുവരെ അപകടമായേക്കാവുന്ന തരത്തിലുള്ള തണുപ്പാണ് പലപ്പോഴും ഇവിടെ ഉണ്ടാകാറുള്ളത്. പോകും മുമ്പ് മെഡിക്കൽ കിറ്റും ശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങളും കയ്യില്‍ കരുതണം. മെഡിക്കൽ കിറ്റിൽ തലവേദന, ഛർദ്ദി, തലകറക്കം, പനി, വയറുവേദന എന്നിവയ്ക്കുള്ള മരുന്ന്, ബാൻഡ് എയ്ഡ്സ് എന്നിവ കരുതണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഒരിക്കലും ഒഴിവാക്കരുത്. ഉള്‍പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ ചെയ്യുന്ന സമയത്ത് പലപ്പോഴും മെഡിക്കല്‍ സ്റ്റോറുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും.
വസ്ത്രങ്ങളുടെ കാര്യവും ഇതുപോലെ തന്നെയാണ്. ജാക്കറ്റുകൾ, തെർമൽ വസ്ത്രങ്ങൾ, സ്വെറ്ററുകൾ, കമ്പിളി സോക്സ്, തൊപ്പി, മഫ്ലർ എന്നിവ എടുക്കേണ്ടത് അത്യാവശ്യമാണ്. മികച്ച ക്വാളിറ്റിയുള്ള വസ്ത്രങ്ങളാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തണുപ്പായതിനാല്‍ ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത് സാധാരണയാണ്. ഇതിനായി ലിപ്ബാം കയ്യില്‍ കരുതണം. കൂടാതെ കോൾഡ് ക്രീം, ഗോഗിള്‍സ് എന്നിവയും എടുക്കണം. യാത്രക്കിടെ വിശന്നാല്‍ കയറി കഴിക്കാന്‍ എല്ലായിടത്തും ഭക്ഷണശാലകള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാല്‍ ഡ്രൈ ഫ്രൂട്സ്, ബിസ്കറ്റ്, മറ്റു സ്നാക്കുകള്‍ മുതലായവ കൂടി കരുതണം.
കാലാവസ്ഥയുമായി പൊരുത്തപ്പെടല്‍
താഴ്ന്ന അന്തരീക്ഷമര്‍ദ്ദവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഉയരം കൂടും തോറും ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്, അങ്ങനെയുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ പോലും ഒറ്റയടിക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നതിനേക്കാള്‍, അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കൊണ്ട് സാവധാനം പോകുന്നതാണ് നല്ലത്.
യാത്ര ചെയ്യുന്ന ആളുടെ ശാരീരികക്ഷമതയ്ക്കും പ്രധാന്യമുണ്ട്. ഉയരത്തില്‍ ഓക്സിജന്‍റെ ലഭ്യത കുറയുന്നത് കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. പുകവലിക്കുന്നവര്‍ക്ക് ഈ പ്രശ്നം കൂടുതലായിരിക്കും. കൂടാതെ പലയിടങ്ങളിലും ജലലഭ്യത കുറവാണ്. നിർജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ കയ്യില്‍ എപ്പോഴും ആവശ്യത്തിനു വെള്ളം കരുതുക. മദ്യപാനം നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നതിനാൽ യാത്രക്കിടെ മദ്യം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
അപരിചിതരും നായ്ക്കളും പ്രശ്നമായേക്കാം
ലഡാക്കിലെ തെരുവുനായ്ക്കള്‍ അല്‍പ്പം പ്രശ്‌നക്കാരാണ്. വലുപ്പമാകട്ടെ, നാട്ടിലെ നായ്ക്കളുടെ ഇരട്ടിയോളം വരും. അതുകൊണ്ടുതന്നെ രാത്രി 10 മണിക്കുശേഷം തനിയെ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. ആളുകളെ കടിച്ചുകൊന്ന പാരമ്പര്യം വരെ ഇവിടുത്തെ നായ്ക്കൾക്കുണ്ട്. നായ്ക്കൾ കുരച്ചാലോ കടിക്കാൻ വന്നാലോ ഓടാന്‍ പോകരുത്, പണി കിട്ടും. പകരം, നാട്ടുകാരെ വിളിച്ചു കൂട്ടുക.
വഴി തെറ്റിയാല്‍ അപരിചിതരായ വഴിപോക്കരോട് ചോദിക്കാന്‍ നില്‍ക്കരുത്, പ്രത്യേകിച്ച് സ്ത്രീകളോട്. ഭാഷ കൂടി അറിയില്ല എന്നുണ്ടെങ്കില്‍ ശരിക്കും പുലിവാല്‍ പിടിക്കാന്‍ സാധ്യതയുണ്ട്. പിന്നെ കേസും പുലിവാലുമായി കോടതി കയറി ഇറങ്ങേണ്ടി വരും. കയ്യിലുള്ള കാശും പോകും, ഒപ്പം മാനവും! പരമാവധി പോലീസുകാര്‍, കടകളിലെ പുരുഷന്മാര്‍ എന്നിവരോട് മാത്രം ഇക്കാര്യങ്ങള്‍ ചോദിക്കുക.
English Summary: Leh Ladakh Tourism