ADVERTISEMENT

ഉത്തരാഖണ്ഡിന്റെ സൗന്ദര്യം ആസ്വദിച്ച് അവധിക്കാലം ആഘോഷിക്കുകയാണ് സാനിയ ഇയ്യപ്പൻ. സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച ചിത്രങ്ങളിലൂടെ നൈനിറ്റാളിന്റെ അവർണനീയമായ സൗന്ദര്യം കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സാനിയ കുറിച്ചിരിക്കുന്നത്.

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാനിയ. നിരവധി യാത്രാചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പത്തൊൻപതാം പിറന്നാള്‍ ആഘോഷമാക്കിയത് മാലദ്വീപിന്റെ മനോഹാരിതയിലായിരുന്നു. അന്ന് കടലില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ചിരുന്നു.

8000 അടി ഉയരത്തിലേക്ക് ട്രെക്കിങ് നടത്തിയതിന്റെ വിഡിയോകളും സാനിയ പങ്കുവച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ നീണ്ട ട്രെക്കിങ്ങിന് ഒടുവിൽ മഞ്ഞുമലയുടെ നെറുകയിൽ എത്തിയ സാനിയയ്ക്ക് അഭിമുഖമായി സ്വർഗതുല്യമായ കാഴ്ചയാണ് പ്രകൃതി ഒരുക്കിയിരുന്നത്.

നഗരത്തിന് ചുറ്റും ഏഴു കുന്നുകളും മഞ്ഞുമൂടിയ കൊടുമുടികളും

ലേക് ഡിസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന നൈനിറ്റാൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിൽ കുമയൂൺ ഹിമാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഈ മനോഹര കൊളോണിയൽ നഗരത്തിന് ചുറ്റും ഏഴു കുന്നുകളും മഞ്ഞുമൂടിയ കൊടുമുടികളും അതിർത്തി തീർക്കുന്നുണ്ട്. നൈന ദേവി ക്ഷേത്രത്തിന്റെ വീടായ ഈ സുന്ദരയിടം ബ്രിട്ടീഷ് കാലത്ത് യുണൈറ്റഡ് പ്രവിശ്യകളുടെ വേനൽക്കാല തലസ്ഥാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ പട്ടണത്തിന് ശക്തമായ കൊളോണിയൽ പൈതൃകമുണ്ട്.

മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവാണ് നൈനിറ്റാൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. എങ്കിലും വർഷം മുഴുവനും സൗന്ദര്യധാമമായി നിലകൊള്ളുന്ന ഈ മനോഹര സ്ഥലം എന്നും പ്രകൃതിസ്നേഹികളായ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. വന സൗന്ദര്യത്തിനും പേരുകേട്ട നൈനിറ്റാൾ നിരവധി ട്രെക്കിങ് റൂട്ടുകൾക്കും പ്രശസ്തമാണ്.

തടാകത്തിലെ ബോട്ടിങ്

മനോഹരമായ നൈനി തടാകത്തിൽ ഒരു ബോട്ടിങ്, സ്നോ വ്യൂ പോയിന്റിൽ നിന്ന് ഹിമാലയത്തിന്റെ സൗന്ദര്യം നുകരാൻ റോപ്‌വേ സവാരി,കാടിന്റെ ഉള്ളറിഞ്ഞുള്ള ട്രക്കിങ്ങുകളിലൂടെ ഹിമാലയത്തിന്റെ മുകളിലെത്തുക തുടങ്ങി നൈനിറ്റാൾ സഞ്ചാരികൾക്ക് നൽകുന്നത് ജീവിതത്തിൽ മറക്കാനാവാത്ത ഒത്തിരിയേറെ അനുഭവങ്ങളാണ്.

ശ്രദ്ധിക്കാം

നിലവിൽ ഈ മാസം 10 വരെ ഉത്തരാഖണ്ഡില്‍ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് വിനോദസഞ്ചാര മേഖലയിൽ കനത്ത ഇടിവാണ് സംസ്ഥാനം നേരിട്ടത്. എങ്കിലും ഹോട്ടലുകളും റിസോർട്ടുകളും അവരുടെ ശേഷിയുടെ 50 ശതമാനം മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്നാണ് ഇപ്പോഴും നിലവിലുള്ള നിയമം.

വിനോദസഞ്ചാരികൾക്കായി സംസ്ഥാനം തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും കർശനമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. തിരക്ക് കൂടിയതോടെ നൈനിറ്റാളിലേക്ക് പ്രവേശിക്കണമെങ്കിൽ സ്മാർട്ട് സിറ്റി പോർട്ടലിൽ റജിസ്റ്റർ ചെയ്യേണം. കൂടാതെ എത്തുന്നതിനും മുമ്പ് 72 മണിക്കൂറിൽ കുറയാത്ത ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് കൈവശം കരുതണം.

English Summary: Celebrity Travel,Saniya Iyappan Shares Beautiful Pictures from Nainital, Uttrakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com