ADVERTISEMENT

സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഒരു അദ്ഭുതനഗരമാണ് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലുള്ള പാലിത്തന. ലോകത്തിലെ ഏറ്റവും വലിയ ജൈനമത തീർത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടം, വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യകളുടെയും മതസാഹോദര്യത്തിന്‍റെയും സഹജീവികളോടുള്ള കരുണയുടെയും വിസ്മയ ലോകമാണ് സഞ്ചാരികള്‍ക്കു മുന്നിലേക്ക് തുറന്നിടുന്നത്. കുന്നിന്‍ മുകളിലായി നിര്‍മിച്ച ആയിരത്തിലധികം ക്ഷേത്രങ്ങളുടെ കാഴ്ചകള്‍ ആരെയും പുരാതനകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകാവുന്നത്ര സുന്ദരമാണ്. 

ജൈനമതത്തിലെ ഒരു വിഭാഗമായ ശ്വേതംബരന്മാരുടെ തീർത്ഥാടന കേന്ദ്രമാണ് പാലിത്തന. ജൈന സമൂഹം പവിത്രമായി കരുതുന്ന തീര്‍ഥാടന കേന്ദ്രമാണ് പാലിത്തനയിലെ ശത്രുഞ്ജയ മഹാതീര്‍ഥ് കുന്നുകള്‍. മാര്‍ബിളില്‍ കൊത്തിയെടുത്ത 1300 ലധികം ക്ഷേത്രങ്ങള്‍ ശത്രുഞ്ജയ കുന്നുകളില്‍ സ്ഥിതിചെയ്യുന്നു. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണവും വെള്ളിയുമൊക്കെ കൊണ്ട് അലങ്കരിച്ചവയാണ് ഇവയില്‍ മിക്കതും.

Palitana-The-Jain-Temple-

ചൗമുഖ് ക്ഷേത്രം, ആദിനാഥ് ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളും കൂടാതെ കുമാർപാൽ, വിമൽ ഷാ, സഹസ്രകൂട, അഷ്ടപദ, തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെയുള്ള പ്രശസ്ത ക്ഷേത്രങ്ങളാണ്. ഏകദേശം 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടമായ പാത താണ്ടിയാണ് 591 മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന്‍റെ മുകളിലെത്തുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡോളി, ലിഫ്റ്റ് കസേരകള്‍ എന്നിവയും ലഭ്യമാണ്. 

ടിബറ്റിലോ ചൈനയിലോ പോയ പോലെയുള്ള പ്രതീതിയാണ് ഈ ക്ഷേത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍റെ മകനും ഗുജറാത്ത്‌ ഗവര്‍ണറുമായിരുന്ന മുറാദ് ബക്ഷ് പാലിത്തന ഗ്രാമം പ്രമുഖ ജൈന കച്ചവടക്കാരനായ ശാന്തിദാസ്‌ ദവേരിക്ക് ദാനമായി നല്കി. ഇതിനെ തുടര്‍ന്നാണ്‌ ഈ പ്രദേശത്ത് ജൈന ക്ഷേത്രങ്ങൾ പണിതുയർത്തിയത്. പിന്നീട് കാലക്രമേണ ഇവിടം ലോകമെങ്ങുമുള്ള ജൈനമത തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ഇടമായി മാറി. 

Palitana-The-Jain-Temple2

2014 ൽ ലോകത്തിലെ ആദ്യത്തെ ശുദ്ധ വെജിറ്റേറിയൻ ഗ്രാമമായി നിയമപരമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണ് പാലിത്തന. ആയിരം ക്ഷേത്രങ്ങളുള്ള ഒരേയൊരു പര്‍വതനഗരം എന്ന റെക്കോര്‍ഡുമുണ്ട്. ആദ്യത്തെ ജൈന തീർത്ഥങ്കരനായ ഋഷഭനാഥന്‍റെ പേരിലാണ് ഇവിടുത്തെ ഏറ്റവും പ്രധാന ക്ഷേത്ര സമുച്ചയമുള്ളത്. വിദേശികള്‍ക്ക് പ്രധാന ക്ഷേത്ര സമുച്ചയം വരെയേ പ്രവേശനത്തിന് അനുവാദമുള്ളു. ഉള്ളിൽ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. ക്ഷേത്രദര്‍ശനത്തിനായി പോകുന്നവര്‍ ഒപ്പം ഭക്ഷണം കൊണ്ട് പോകാൻ പാടില്ല. രാത്രിക്ക് മുൻപേ പൂജാരിമാർ ഉൾപ്പെടെ എല്ലാവരും തിരിച്ചിറങ്ങണം

ജൈനന്മാര്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ഇസ്ലാംമത വിശ്വാസികള്‍ക്കും ഇവിടം പ്രിയപ്പെട്ടതാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ശിവ ക്ഷേത്രമുണ്ട്. കൂടാതെ, ഇവിടെയുള്ള അംഗാർ പീർ ബാബയുടെ ദർഗയില്‍ തൊഴാനായി മുസ്ലിംകളും ഇവിടേക്ക് വരാറുണ്ട്. പാലിത്തനയുടെ രക്ഷകനായി അറിയപ്പെടുന്ന ആളാണ്‌ അംഗാർ പീർ ബാബ എന്ന സൂഫി വര്യന്‍. 

ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരമായി 2014 ല്‍ ഗുജറാത്ത് സര്‍ക്കാരാണ് പാലിത്തനയെ പ്രഖ്യാപിച്ചത്. മാംസരഹിത മേഖലയായ ഇവിടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. മുട്ടയോ മാംസമോ വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജൈനഭൂരിപക്ഷ മേഖലയായതിനാല്‍ അവരുടെ അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കോട്ടമേല്‍ക്കുന്ന വിധത്തില്‍ മാംസാഹാര ഉപയോഗം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജൈന സന്യാസികള്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം. 

എങ്ങനെ എത്താം

അഹമ്മദാബാദിൽ നിന്നും ഭാവ്‌നഗറിൽ നിന്നും പാലിത്താനയിലേക്ക് എളുപ്പം എത്തിച്ചേരാം. വിമാനമാര്‍ഗവും റയില്‍മാര്‍ഗവുമെല്ലാം ഇവിടെയെത്താം. പാലിതാനയില്‍നിന്ന് 51 കിലോമീറ്റര്‍ അകലെയുള്ള ഭാവ്‌നഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാജ്യത്തെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും പാലിത്താനയിലേക്ക് നേരിട്ടു ട്രെയിനുകള്‍ ഉണ്ട്. റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഈ പുണ്യഭൂമിയിലേക്ക് എത്താം. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

English Summary: Palitana: The Jain Temple Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com