ADVERTISEMENT

നൈസാമിന്റെ നഗരത്തിലേക്ക് ഒരു സുഗന്ധപൂരിത യാത്ര നടത്താം. ചില യാത്രികർ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനു വേണ്ടി മാത്രം സഞ്ചരിക്കുന്നവരാണ്. പല നാടുകളിലെ രുചികളും ഭക്ഷണ വൈവിധ്യങ്ങളും അറിഞ്ഞ് യാത്ര നടത്തുമ്പോൾ ആ നാടിനെക്കൂടിയാണ് നാം അതിലൂടെ അറിയുക. ബെൽറാം മേനോൻ അറിയപ്പെടുന്ന ട്രാവൽ ഫുഡ് വ്ലോഗറാണ്. ഹൈദരാബാദിന്റെ രുചികൾ തേടിയുള്ള ബൽറാമിന്റെ വിശേഷങ്ങൾ അറിയാം.

‘നൈസാമിന്റെ സമ്പന്നമായ രുചിക്കൂട്ടുകൾ തുടങ്ങി ബിരിയാണികളുടെ വൈവിധ്യങ്ങൾ വരെ ഹൈദരാബാദിന് സ്വന്തമാണ്. ഹൈദരാബാദ് സന്ദർശിച്ചപ്പോൾ ഏറ്റവും മികച്ച 6 വെറൈറ്റി ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയുണ്ടായി. ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണി അടക്കമുള്ള ആ രുചിയാത്രയെപ്പറ്റി പറയാം.

gastronamic-tour4

ഹൈദരാബാദിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനുമുമ്പ് ആദ്യം പോയത് ഹൈക്കോർട്ട് റോഡിനടുത്തുള്ള നൂറ്റാണ്ട് പഴക്കമുള്ള ഹോട്ടലിലേക്കായിരുന്നു. പേര് ഷാദാബ് ഹോട്ടൽ. അതിന്റെ അകത്തളം പുരാതനമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. 

ഹൈദരാബാദി മട്ടൻ ബിരിയാണി ആദ്യമായി രുചിച്ചു നോക്കിയത് അവിടെനിന്നായിരുന്നു. പരമ്പരാഗതമായി തയാറാക്കിയ മിർച്ചി കാ സലാനും റൈത്തയും അവർ ആദ്യം വിളമ്പി. ഈ ഹോട്ടലിന്റെ മാത്രം രഹസ്യക്കൂട്ടായ മസാലയിൽ ചുട്ടുപഴുപ്പിച്ച ആട്ടിറച്ചിയുടെ സുഗന്ധമുള്ള ബസുമതി ചോറ്. നഗരത്തിൽ എത്തുന്നവർ ഒരിക്കലെങ്കിലും ഇവിടെനിന്നു മട്ടൻ ബിരിയാണി കഴിക്കേണ്ടതാണ്.

gastronamic-tour3

പതിറ്റാണ്ട് പഴക്കമുള്ള ദോശ സ്പോട്ട്

നഗരത്തിലെ മിക്ക ഭക്ഷണശാലകളും സുഹൃത്തുക്കൾ പറഞ്ഞുതന്നിരുന്നു. എങ്കിലും ഞാൻ തിരഞ്ഞെടുത്തത്  റാം കി ബന്ദിയാണ്. അതിരാവിലെ ചലിക്കുന്ന ആ ദോശവണ്ടിക്കു മുൻപിൽ വൻതിരക്കാണ്. ഒരു വലിയ ബ്രോഡ് ഗ്യാസ് റിങ്ങിന് മുകളിൽ ഒരാൾ ദോശ ചുടുന്നു. 16 വലിയ ദോശകൾ ഉൾക്കൊള്ളാൻ മതിയായ സ്ഥലമുണ്ട് ആ ദോശ കല്ലിന്. പല വെറൈറ്റിയിലുള്ള ദോശകളാണ് ഈ കടയുടെ ഏറ്റവും വലിയ പ്രത്യേകത. നീളത്തിൽ ഒഴിച്ചിരിക്കുന്ന ദോശ മാവിലേക്ക് അയാൾ ഒരു വലിയ സ്പൂൺ സ്വീറ്റ് കോൺ മസാല, ചീസ്, വെണ്ണ എന്നിവ ചേർക്കും. ഇങ്ങനെ പല തരത്തിലുള്ള രസക്കൂട്ടുകൾ ചേർത്ത ദോശകൾ ഒന്നൊന്നായി പ്ലേറ്റിലേക്ക് നമ്മുടെ പാചകക്കാരൻ എറിയുന്ന കാഴ്ച കണ്ടു നിൽക്കേണ്ടതാണ്. രുചി അതിലും സൂപ്പറാണ്.

എംബിഎ ബിരുദധാരിയായ ഇദ്ദേഹം 25 വർഷങ്ങൾക്കു മുമ്പ് പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് രാത്രികാല ഫാസ്റ്റ് ഫുഡ് ഭക്ഷണശാലയായിട്ടാണ് ആദ്യം രാം കി ബന്ദി ആരംഭിച്ചത്. ഇന്ന് രാം കി ബന്ദി ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ദോശ പോയിന്റുകളിൽ ഒന്നാണ്. 

ഇറാനി ചായയും ഒസ്മാനിയ ബിസ്ക്കറ്റും

ഹൈദരാബാദിലെത്തിയാൽ നഗരത്തിലെ ഐക്കണിക് ബേക്കറിയായ നിമ്ര സന്ദർശിക്കാതിരിക്കാനാവില്ല. ബേക്കറിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾത്തന്നെ  പഞ്ചേന്ദ്രിയങ്ങളിൽ തുളച്ചുകയറുന്ന സുഗന്ധമാണ്. ഗ്ലാസ് കെയ്‌സുകൾക്കുള്ളിൽ മാടിവിളിക്കുന്ന ബിസ്കറ്റുകൾ. അവയിൽ 20 വ്യത്യസ്ത ഇനങ്ങൾ ഉണ്ട്.

gastronamic-tour1

ഹൈദരാബാദിലെ അവസാന ഭരണാധികാരി മിർ ഉസ്മാൻ അലി ഖാന്റെ പേരിലുള്ള ഒസ്മാനിയ ബിസ്‌കറ്റുകൾ ലോക പ്രസിദ്ധമാണ്. ഒരു കപ്പ് ഇറാനി ചായ്‌ക്കൊപ്പം ഒരു ചെറിയ പ്ലേറ്റ് ഒസ്മാനിയ ബിസ്‌കറ്റുകളും ഞാൻ ഓർഡർ ചെയ്തു. മധുരവും ഉപ്പുമുള്ള ഈ ബിസ്കറ്റുകൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറക്കുമെന്ന് ഉറപ്പ്. 

ബ്രേക്ക്ഫാസ്റ്റ് അറ്റ് നയാബ് 

പ്രഭാതഭക്ഷണം കഴിക്കാൻ ഞാൻ തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും പഴയ റസ്റ്ററന്റുകളിലൊന്നായ നയാബായിരുന്നു. ഒരു ചെറിയ റസ്റ്ററന്റിനുള്ളിൽ ചതുരാകൃതിയിലുള്ള തടി ബെഞ്ചുകളും മേശകളും. അതിരാവിലെ ആയിരുന്നെങ്കിലും റസ്റ്ററന്റിന്റെ പ്രവേശന കവാടത്തിൽ അലുമിനിയം കോൾഡ്രോണിൽ മലൈ മട്ടൻ പായ എന്ന സൂപ്പ് പാകം ചെയ്യുന്നതിന്റെ സുഗന്ധം എന്റെ വിശപ്പ് വർദ്ധിപ്പിച്ചു. ഞാൻ മട്ടൻ സൂപ്പ്, ഫ്രൈ, ഗുഡ്‌ചാ ബാജു എന്നിവ ചേർത്ത്  നാനുകൾ കഴിക്കുകയും ഒരു കുങ്കുമ ചായ കുടിച്ചുകൊണ്ട് ബ്രേക്ക്ഫാസ്റ്റ്  പൂർത്തിയാക്കുകയും ചെയ്തു. 

മെറിഡിയൻ ബിരിയാണി

ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണികൾ പരീക്ഷിക്കുന്നതിനായി  കുറേ ഹോട്ടലുകളിൽ കയറിയിറങ്ങി എന്നുപറയുന്നതിൽ അതിശയോക്തിയില്ല. ഷാ ഗൗസ്, ബവാർച്ചി, ഷദാബ്, കഫെ ബഹാർ എന്നിവ തുടങ്ങി നഗരത്തിലെ പ്രശസ്തമായ ഹോട്ടലുകളിലൊക്കെ ഞാൻ റെയ്ഡ് നടത്തി.ഒടുവിൽ മെറിഡിയൻ വിജയിയായി. ഇവിടെ മട്ടൻ ബിരിയാണി അവരുടെ പ്രത്യേക മിർച്ചി കാ സാലനുമായി വിളമ്പുന്നു.

36 അറേബ്യൻ കിച്ചണിലെ മന്തി

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് മന്തി. ഹൈദരാബാദിൽ എത്തിയാലും അവരുടേതായ രീതിയിൽ മന്തി പരീക്ഷിക്കാതെ എങ്ങനെ മടങ്ങിപ്പോകും. ശരിക്കും വെറൈറ്റിയായ മന്തിയാണ് 36 അറേബ്യൻ കിച്ചണിൽ വിളമ്പുന്നത്. ഡ്രൈ ഫ്രൂട്ട്സും ചിക്കനും അരിയും എല്ലാം ചേർന്ന ഒരു പ്രത്യേക സൗരഭ്യമാണ് ഈ മന്തിയ്ക്ക്.

gastronamic-tour

അവരുടെ സ്പെഷ്യൽ വെളുത്തുള്ളി സോസും അടിപൊളിയായിരുന്നു. ഹൈദരാബാദി ബിരിയാണിയല്ലാതെ മറ്റെന്തെങ്കിലും ട്രൈ ചെയ്യണമെന്ന് തോന്നുന്നവർക്ക് ഈ മന്തി ഒന്ന് പരീക്ഷിക്കാവുന്നതാണ്. 

നൈസാം പാചകക്കാരനിൽനിന്ന് ഷാഹി തുക്ഡ ആസ്വദിക്കാം

ഷീർ കോർമ, അഞ്ജീർ റബ്ദി, കാജു കാ ഹൽവ, ഗിൽ-ഇ-ഫിർദൗസ്, കുബാനി കാ മീത്ത (ആപ്രിക്കോട്ട് പുഡ്ഡിങ്), അഞ്ജീർ ഖീർ, കുങ്കുമം ഖീർ, തുടങ്ങിയ ഓഥന്റിക് നവാബ് പലഹാരങ്ങൾ തയാറാക്കാൻ മണിക്കൂറുകൾ എടുക്കും. ഇതെല്ലാം നൈസാമിന്റെ പാചകക്കാരുടെ പരമ്പരയിൽ പെട്ടവർ തയാറാക്കുന്ന മധുരപലഹാരങ്ങളാണ്.

അമിതമായ മധുരമില്ലാത്ത ക്രീമും അവരുടെ കുർബാനി കാ മീത്തയും ഞാൻ രുചിച്ചു. നൈസാം കുടുംബത്തിൽ നിന്നുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള ഈ മധുരപലഹാര കടയിൽ ഞാൻ നേരത്തേ പറഞ്ഞ പലഹാരങ്ങൾ എല്ലാം കണ്ടെത്തി. അവ രുചിക്കാതെ ഹൈദരാബാദ് യാത്ര പൂർണമാകില്ല. 

English Summary: Take a gastronomic tour through the best food joints in Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com