ഇന്ത്യയിലെ ഈ സ്ഥലങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് അളവറ്റ നിധി? കാണാം അത്തരം ഇടങ്ങൾ
Mail This Article
പുരാതന കാലത്ത് അളവറ്റ സമ്പത്തുണ്ടായിരുന്ന നാടായിരുന്നു ഇന്ത്യ. പ്രകൃതിവിഭവങ്ങളും ഭൂപ്രകൃതിയും അനുകൂലമായ കാലാവസ്ഥയുമെല്ലാം സമ്പത്ത് കൂട്ടുന്നതിന് സഹായകമായിരുന്നു. നാടു വാഴുന്നവരുടെ കൈകളില്‍ രത്നങ്ങളും സ്വര്‍ണവും വിലയേറിയ വസ്തുക്കളുമെല്ലാം കുമിഞ്ഞു കൂടിയിരുന്നു. പിന്നീട് വിദേശികളുടെ ആക്രമണവും രാജാക്കന്മാര്‍ പരസ്പരം ഉണ്ടായ യുദ്ധങ്ങളും കാരണം സമ്പത്തും പലയിടങ്ങളിലായി ചിതറിപ്പോയി.
ശത്രുക്കളെ പേടിച്ച് രഹസ്യസ്ഥലങ്ങളില്‍ അമൂല്യവസ്തുക്കള്‍ ഒളിപ്പിച്ചുവച്ചവരും കുറവായിരുന്നില്ല. ഇങ്ങനെ സൂക്ഷിച്ചുവച്ച നിധികളില്‍ പലതും പിന്നീട് വന്ന ആളുകള്‍ കണ്ടെത്തി. എന്നാല്‍ നിധിയുണ്ടെന്ന് കരുതപ്പെടുന്നതും ഇന്നും അവ കണ്ടു കിട്ടാത്തതുമായ ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരം സ്ഥലങ്ങളില്‍ പലതും ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
കൃഷ്ണ നദി, ആന്ധ്രാപ്രദേശ്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വജ്രമായ കോഹിനൂറിന്‍റെ ഉത്ഭവസ്ഥാനം ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയാണ്. കൃഷ്ണ നദിയെ ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നദികളിലൊന്നായ കൃഷ്ണയില്‍ ധാരാളം വജ്രങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു.
ആന്ധ്രാപ്രദേശിലൂടെ ഒഴുകുന്ന ഈ നദി ദക്ഷിണേന്ത്യയിലെ നാല് പ്രധാന സംസ്ഥാനങ്ങളിലെ ജലവിതരണത്തിന്‍റെ പ്രാഥമിക സ്രോതസ്സാണ്. കൃഷ്ണ നദിയിലെ ഖനികൾ ഒരു കാലത്ത് വജ്രങ്ങളുടെ പ്രധാന ഉറവിടമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച 10 വജ്രങ്ങളിൽ ഏഴും ആന്ധ്രാപ്രദേശിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഇനിയും കണ്ടെത്താത്ത ഒട്ടേറെ വജ്രക്കല്ലുകള്‍ കൃഷ്ണ നദിയുടെ ആഴങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിശ്വാസം.
ജയ്ഗഢ് കോട്ട, രാജസ്ഥാന്‍
രാജസ്ഥാനിലെ ജയ്പുരിൽ, നഗരത്തിന് 15 കിലോമീറ്റർ ദൂരെയായി ആംബർ കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് ചീൽ കാ ടീല കുന്നിനു മുകളിലാണ് ജയ്ഗഢ് കോട്ട. ആംബറിലെയും ജയ്പുരിലെയും ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ നേതൃത്വത്തിൽ പതിനഞ്ച്, പതിനെട്ട് നൂറ്റാണ്ടുകൾക്കിടയിലാണ് ഈ കോട്ട നിര്‍മിച്ചത്. ആംബറിന്റെയും ജയ്പുരിന്റെയും സുരക്ഷയ്ക്കായി നിര്‍മിച്ച കോട്ടയ്ക്കുള്ളില്‍ നിരവധി മാളികകൾ, സൈനികർക്കുള്ള പരേഡ് മൈതാനങ്ങൾ, പീരങ്കികൾ, പീരങ്കി നിർമാണശാല, സംഭരണികൾ എന്നിവയെല്ലാമുണ്ട്.
ജയ്പുരിലെ ഭരണാധികാരിയും അക്ബറിന്‍റെ സൈന്യാധിപനുമായിരുന്ന മാൻ സിങ് ഒന്നാമൻ, അഫ്ഗാൻ അധിനിവേശത്തിനുശേഷം അദ്ദേഹത്തിന് ലഭിച്ച വലിയ സമ്പത്ത് ജയ്ഗഢ് കോട്ടയുടെ മുറ്റത്തിന് താഴെയുള്ള ടാങ്കുകളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ നിധി കണ്ടെത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും അത് വിജയകരമായില്ല.
ആള്‍വാര്‍ കൊട്ടാരം, രാജസ്ഥാന്‍
രാജസ്ഥാനിലെ ആള്‍വാര്‍ പട്ടണത്തിന് മുകള്‍ഭാഗത്തായി, ആരവല്ലി പർവതനിരയിലെ ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കകത്ത് 15 വലിയ ഗോപുരങ്ങളും 51 ചെറിയ ഗോപുരങ്ങളും 446 തുറസ്സുകളും 8 കൂറ്റൻ കൊത്തളങ്ങളുമുണ്ട്. ജഹാംഗീർ ചക്രവർത്തിയുടെ പ്രവാസ കാലത്ത് അദ്ദേഹം ആള്‍വാര്‍ കോട്ടയിൽ അഭയം തേടി. ഈ സമയത്ത്, തന്‍റെ കൈവശമുണ്ടായിരുന്ന വിലയേറിയ വസ്തുക്കള്‍ അദ്ദേഹം ഇവിടെ ഒളിപ്പിച്ചെന്നാണ് വിശ്വാസം. ഇക്കൂട്ടത്തില്‍ ചിലത് കണ്ടെത്തിയെങ്കിലും, അതിന്‍റെ ഒരു ഭാഗം ഇപ്പോഴും ലോകത്തിനു മുന്നില്‍ അനാവൃതമായിട്ടില്ല.
സോന്‍ ഭണ്ഡാര്‍ ഗുഹ, ബിഹാര്‍
എഡി മൂന്നും നാലും നൂറ്റാണ്ടുകളിലായി നിര്‍മിക്കപ്പെട്ട സോന്‍ ഭണ്ഡാര്‍ ഗുഹകള്‍ ബിഹാറിലെ രാജ്ഗിറിലുള്ള വൈഭർ കുന്നുകളിലെ രണ്ടു വലിയ പാറകൾ തുരന്ന് നിര്‍മിച്ചതാണെന്ന് പറയപ്പെടുന്നു. മഗധയുടെ രാജാവായിരുന്ന ബിംബിസാരന്‍ തന്‍റെ അളവറ്റ നിധികള്‍ ഈ ഗുഹയില്‍ സൂക്ഷിച്ചു എന്നൊരു കഥയുണ്ട്. പ്രായമായപ്പോള്‍ അദ്ദേഹം തന്‍റെ സ്വത്തെല്ലാം ഉപേക്ഷിച്ചു സന്യാസ ജീവിതം നയിക്കാന്‍ ആലോചിച്ചു. ഇതേത്തുടര്‍ന്ന് പിതാവിനെ പുറത്താക്കി അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ മകനായ അജാതശത്രു ശ്രമിച്ചത്രേ. ഇതു മനസ്സിലാക്കിയ ബിംബിസാരന്‍, ജൈനമുനിയായിരുന്ന വൈരദേവ മുനിയെ തന്‍റെ സ്വത്തുക്കള്‍ ഒളിപ്പിക്കാന്‍ ഏല്‍പിച്ചു. അദ്ദേഹം ആ സ്വത്തുക്കള്‍ എല്ലാം ഈ ഗുഹയിലേക്ക് മാറ്റി, മന്ത്രം കൊണ്ട് ബന്ധിച്ചത്രേ.
ഗുഹയുടെ ചുവരില്‍ പ്രാചീനലിപിയില്‍ ഒരു എഴുത്ത് കാണാം. ഇതു വായിച്ചെടുത്താല്‍ നിധി തെളിഞ്ഞു വരും എന്നാണ് വിശ്വാസം. ഇതിനായി നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇന്നുവരെ ആര്‍ക്കും ഈ നിധിയുടെ ഒരു പൊടി പോലും കണ്ടെടുക്കാനായിട്ടില്ല.
നസ്രി ബാഗ് കൊട്ടാരം, ഹൈദരാബാദ്
ഹൈദരാബാദിന്‍റെ അവസാനത്തെ നിസാമായിരുന്ന മിർ ഉസ്മാൻ അലി, അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായിരുന്നു. 1937-ൽ ടൈം മാഗസിൻ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി വാഴ്ത്തി. 1911-ൽ സിംഹാസനത്തിലേറിയ മിർ ഉസ്മാൻ അലി 37 വർഷക്കാലം ഹൈദരാബാദ് ഭരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാരിച്ച സമ്പത്ത് മുഴുവനും നസ്രി ബാഗ് കൊട്ടാരത്തിലെ ഭൂഗർഭ അറകളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇന്നുവരെ ആര്‍ക്കും ഈ നിധി കണ്ടെത്താനായിട്ടില്ല.
ചാര്‍മിനാര്‍ ടണല്‍, ഹൈദരാബാദ്
ഹൈദരാബാദിലെ ചാർമിനാറിനെയും ഗോൽക്കൊണ്ട കോട്ടയെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിൽ പലയിടത്തും നിസാമുമാർ സൂക്ഷിച്ചിരുന്ന നിധികൾ ഒളിഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. സുൽത്താൻ മുഹമ്മദ് ഖുലി ഖുതുബ് ഷാ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ തുരങ്കം, അടിയന്തര സാഹചര്യങ്ങളിൽ, രാജകുടുംബത്തിന് ഗോൽക്കൊണ്ട കോട്ടയിൽനിന്ന് ചാർമിനാറിലേക്ക് സുരക്ഷിതമായ വഴിയൊരുക്കി. 1962-ൽ ഹൈദരാബാദിൽ സമഗ്രമായ സർവേ നടത്തിയ സെൻസസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഖാജാ മൊയ്‌നുദ്ദീന്‍റെ അഭിപ്രായത്തിൽ, ഈ തുരങ്കത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിധികളുണ്ടെന്ന് പറയുന്നു.
English Summary: 65 Places With Lost Treasures In India