സഞ്ചാരികൾക്ക് നിരാശ; ലഡാക്കിലെ ശീതകാല വിനോദങ്ങൾക്ക് വിലക്ക്
Mail This Article
ഒമിക്രോണിന്റെ വരവ് വിനോദസഞ്ചാര മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തുകയാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിലൊന്നായ ലഡാക്ക് സഞ്ചാരികളെ വിലക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം കൈകൊണ്ടു. ശീതകാല വിനോദങ്ങളും വിനോദസഞ്ചാര പ്രവർത്തനങ്ങളും നിർത്തി വയ്ക്കുന്നതായി ലഡാക്ക് അധികൃതർ അറിയിച്ചു കഴിഞ്ഞു. ലേ ഡെപ്യൂട്ടി കമ്മീഷണർ ശ്രീകാന്ത് സൂസെ ആണ് യാത്രാപ്രേമികളെ നിരാശയിലാക്കിയ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും നിർത്തി വയ്ക്കുന്നതായാണ് ഉത്തരവിൽ പറയുന്നത്.
ചാദർ ട്രെക്കിങ്ങിന് വിലക്ക്
സാഹസികരായ യാത്രാപ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാദർ ട്രെക്കിങ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്കാണ് വിലക്ക് വീണിരിക്കുന്നത്. അതിശൈത്യത്തിന്റെ വരവോടെ തണുത്തുറഞ്ഞു പോയ സൻസ്കാർ നദിയിലെ ഐസ് കട്ടകൾക്കു മുകളിലൂടെ ജീവൻ പണയം വച്ചുകൊണ്ടുള്ള 105 കിലോമീറ്റർ യാത്രയാണ് ചാദർ ട്രെക്കിങ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആ യാത്ര ആരംഭിക്കുന്നത് ചില്ലിങിൽ നിന്നുമാണ്. മഞ്ഞുപാളികൾക്കു മുകളിലൂടെ തെന്നി നീങ്ങുന്ന നടത്തം സാഹസികരായ യാത്രികരെ ഹരം കൊള്ളിക്കുന്ന ഒന്നാണ്.
മലയാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും നിരവധി പേരാണ് ഈ സാഹസിക വിനോദത്തിനായി ലഡാക്കിൽ എത്തി ചേരുന്നത്. ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് പ്രശസ്തമായ ചാദർ ട്രെക്കിങ് നടക്കുക.
ട്രെക്കിങിനു മാത്രമല്ല, ഹിമപ്പുലിയെ തേടിയുള്ള യാത്രയ്ക്കും ഈ വിലക്ക് ബാധകമാണ്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലേയിലെ റുപ്ഷു താഴ്‌വരയിൽ തുടങ്ങിയതാണിത്. കാർഗിലിൽ ജനുവരി - ഫെബ്രുവരി മാസങ്ങളിലായി നടക്കാനിരിക്കുന്ന ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലും ഒമിക്രോണിന്റെ വരവോടെ ഉപേക്ഷിച്ചിരുന്നു.
English Summary: Ladakh suspends winter tourist activities due to Omicron threat