പോക്കറ്റ് കീറാതെ അടിപൊളി റോഡ് ട്രിപ്പ് പോയാലോ? അറിയാം ഇൗ സ്ഥലങ്ങളെ
Mail This Article
പുതിയ വര്‍ഷമാണ്. പുത്തന്‍ പ്രതീക്ഷകളുടെയും പുതിയ യാത്രകളുടെയുമെല്ലാം കാലമാണ്. എത്രകാലം കഴിഞ്ഞാലും ഏതു ഭീകരന്‍ വൈറസ് വന്നാലും തോല്‍പ്പിക്കാനാവില്ല, യാത്രയോടുള്ള ഭ്രമത്തെ. സുരക്ഷിതമായി അധികം ചെലവില്ലാതെ പോയിവരാവുന്ന ചില കിടിലന്‍ റോഡ് ട്രിപ്പുകളെക്കുറിച്ച് അറിഞ്ഞോളൂ.
കൊച്ചി- മൂന്നാര്‍
കൊച്ചിക്കാര്‍ക്ക് റോഡ് ട്രിപ്പ് എന്നു കേള്‍ക്കുമ്പോഴേ ആദ്യം തന്നെ മനസ്സിലേക്ക് വരുന്ന പേരാണ് മൂന്നാര്‍. കൊച്ചിയില്‍ നിന്നും വെറും 130 കിലോമീറ്ററാണ് മൂന്നാറിലേക്കുള്ള ദൂരം. കാറിലോ ബൈക്കിലോ പോയി വരാം, നിത്യേനയുള്ള ബസ് സര്‍വീസുകളും ധാരാളമുണ്ട്.
ഏകദേശം 4 മണിക്കൂർ എടുക്കും മൂന്നാറിലെത്താന്‍. സുന്ദരമായ കാഴ്ചകളാണ് റോഡിനിരുവശവും സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ, മൂന്നാറില്‍ എത്തിക്കഴിഞ്ഞാല്‍ നിരവധി ബജറ്റ് ഹോട്ടലുകളും കണ്ടെത്താനാകും.
ബെംഗളൂരു-ഊട്ടി
ഫോട്ടോയെടുക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇതിലും നല്ലൊരു റൂട്ടില്ല യാത്ര ചെയ്യാന്‍. പർവതങ്ങളും പ്രകൃതിരമണീയമായ ഭൂപ്രകൃതിയും ചരിത്രമുറങ്ങുന്ന മൈസൂരും ബന്ദിപ്പൂരിലെ വനങ്ങളിലൂടെയുള്ള യാത്രയുമെല്ലാം മനസ്സില്‍ ഉന്മേഷം നിറയ്ക്കും.
ഏകദേശം 265 കിലോമീറ്റര്‍ ആണ് ബെംഗളൂരുവിൽ നിന്നും ഊട്ടിയിലേക്കുള്ള ദൂരം. ആറര മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടി ഊട്ടിയില്‍ എത്താന്‍. വഴി നീളെ കുറഞ്ഞ വിലയ്ക്ക് സ്നാക്സും മറ്റും കിട്ടുന്ന കടകളും ധാരാളം ഉള്ളതിനാല്‍ ആ വഴിക്കും അധികം പണം ചിലവാകില്ല.
മുംബൈ-ലോണാവാല
ഒരു സ്വപ്നത്തില്‍ ഒഴുകി നടക്കുകയാണോ എന്നു തോന്നിപ്പിക്കുന്നത്രയും മനോഹാരിതയാണ് മുംബൈ മുതൽ ലോണാവാല വരെയുള്ള റോഡിന്. അരുവികളും വെള്ളച്ചാട്ടങ്ങളും മഴ നനഞ്ഞ താഴ്‌വരകളും കയറ്റവും ഇറക്കവുമുള്ള റോഡുകളും ഒപ്പം എവിടെ നോക്കിയാലും കണ്ണില്‍ നിറയുന്ന പച്ചപ്പും കൂടിയാകുമ്പോള്‍ യാത്രക്ക് ചിലവാകുന്ന ഓരോ രൂപയും വസൂലാകും. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് ഈ യാത്രക്ക് ഏറ്റവും എളുപ്പം.
പ്രകൃതിഭംഗിക്ക് പുറമേ യാത്രാമധ്യേ, ലോഹഗഡ് കോട്ടയിലും കയറി കാഴ്ചകള്‍ കാണാം. വെറും 83 കിലോമീറ്റര്‍ ആണ് ഇവയ്ക്കിടയിലുള്ള ദൂരം. രണ്ടു മണിക്കൂര്‍ സമയത്തിനുള്ളില്‍ മുംബൈയില്‍ നിന്നും ലോണാവാല ഹില്‍സ്റ്റേഷനില്‍ എത്തും. ട്രെക്കിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് പുറമേ, ചില്ലറവിലയില്‍ മഹാരാഷ്ട്രയുടെ തനതു രുചികള്‍ ആസ്വദിക്കാനുള്ള അവസരവും ഈ യാത്രക്കൊപ്പം കിട്ടുന്ന ബോണസാണ്.
ഡൽഹി-മസ്സൂറി
ന്യൂ ഡൽഹിയിൽ നിന്ന് 290 കിലോമീറ്റർ വടക്ക് മാറിയാണ് മസ്സൂറി സ്ഥിതി ചെയ്യുന്നത്, മസ്സൂറിയിലെത്താൻ ഏകദേശം 7 മണിക്കൂർ എടുക്കും. പോകുംവഴി ഡെറാഡൂണിൽ നിർത്തി മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച മറ്റു ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയില്‍ കുറഞ്ഞ ചിലവില്‍ ആസ്വദിക്കാം.
അഹമ്മദാബാദ്-കച്ച്
അഹമ്മദാബാദിൽ നിന്ന് കച്ചിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ ഏകദേശം ഏഴ് മണിക്കൂർ എടുക്കും. അഹമ്മദാബാദിൽ നിന്ന് കച്ചിലേക്കുള്ള റൂട്ടിൽ വരിവരിയായി കാണുന്ന കുടിലുകളുടെ കാഴ്ച കൗതുകം പകരും.
ഗുജറാത്തിന്‍റെ കലയും സംസ്കാരവും ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരവും ഈ യാത്രയിലൂടെ കൈവരുന്നു. ഏകദേശം 399 കിലോമീറ്റര്‍ ആണ് അഹമ്മദാബാദില്‍ നിന്നും കച്ചിലേക്കുള്ള ദൂരം.
കൊൽക്കത്ത-ദിഘ
കൊൽക്കത്തയില്‍ നിന്നും പോകാനാവുന്ന ഏറ്റവും മനോഹരമായ വീക്കെന്‍ഡ് ട്രിപ്പാണ് ദിഘയിലേക്കുള്ള യാത്ര. പശ്ചിമബംഗാളിലെ പ്രശസ്തമായ ഒരു കടൽത്തീര റിസോർട്ട് പട്ടണമാണ് ദിഘ. മനോഹരമായ ബീച്ചുകള്‍ക്കും സമുദ്രവിനോദങ്ങള്‍ക്കും പേരുകേട്ട ദിഘ, പുർബ മേദിനിപൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 184 കിലോമീറ്റർ ആണ് കൊല്‍ക്കത്തയില്‍ നിന്നും ദിഘയിലേക്കുള്ള ദൂരം. ദൂരം. കൊൽക്കത്തയിൽ നിന്ന് NH116B, NH16 വഴി വെറും നാല് മണിക്കൂറിനുള്ളിൽ ദിഘയിലെത്താം.
English Summary: Budget-friendly road trips in India