എവിടെയും മീൻ വളർത്തുന്ന വലിയ കുളങ്ങൾ; ചക്കള ഗ്രാമത്തിലെ അപൂർവ കാഴ്ചകൾ
Mail This Article
ആശുപത്രിയോടു ചേർന്നൊഴുകുന്ന ലൂണിയ നദിയിലേക്ക് പെയ്തിറങ്ങുന്ന ബംഗാളിമഴയുടെ താളത്തിൽ നേരിയ ആവർത്തനവിരസത തോന്നിയപ്പോഴാണ് പതിയെ മുഖപുസ്തകത്തിന്റെ താളുകൾ മറിച്ചത്.. അവിടെ നിന്നാണ് ഈ യാത്രയുടെ തുടക്കം.. ബംഗാളിനോട് വിടപറയാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബംഗാളിന്റെ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര മനസ്സിൽ കയറിക്കൂടിയിരുന്നു..
തികച്ചും യാദൃച്ഛികമായാണ് ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന 'ചക്കള' എന്ന സുന്ദരഗ്രാമത്തിൽ അവരിലൊരാളായി അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നാസർ ബന്ധു എന്ന പ്രതിഭാസത്തെക്കുറിച്ചു വായിക്കാൻ ഇടവന്നത്.. പിന്നെ വേറൊന്നും ചിന്തിച്ചില്ല.. നാസർ ഇക്കായ്ക്കൊരു ഫോൺ കോൾ.. വഴി ചോദിച്ചു മനസിലാക്കിയതിനു ശേഷം നേരെ ബാഗുമെടുത്ത് ആശുപത്രിയിൽ നിന്ന് ഇറങ്ങി..
സമയം പതിനൊന്നര..
കൊൽക്കത്തയിലേക്കുള്ള ബസിൽ കയറുമ്പോൾ നല്ല വിശപ്പുണ്ടായിരുന്നു.. വെള്ളത്തിൽ മുങ്ങിയ അസൻസോൾ സിറ്റി വിടാൻതന്നെ നല്ല സമയം എടുത്തു ബസ്. പുറത്ത് ചന്നം പിന്നം പെയ്യുന്ന മഴ വിശപ്പിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു. കൊൽക്കത്തയിലേക്ക് നീണ്ടു കിടക്കുന്ന പാത. ഇടയ്ക്കെപ്പോഴോ ശക്തി പ്രാപിച്ച മഴ. എസിയുടെ തണുപ്പ്. പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു. ബസ് കൊൽക്കത്ത എത്തിയപ്പോഴാണ് കണ്ണ് തുറന്നത്. സമയം അഞ്ചു മണിയോടടുക്കുന്നു. പക്ഷേ ഏഴു മണിയുടെ പ്രതീതി.
ഇനിയും വിങ്ങിപ്പൊട്ടാൻ തയ്യാറായി നിൽക്കുന്ന മാനം. ഇനി സിയാൽദ റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ബസ് പിടിക്കണം.. ആർത്തു പെയ്യുന്ന മഴയിലേക്ക്, കൊൽക്കത്തയുടെ തിരക്കുകളിലേക്ക് ഞാനും അലിഞ്ഞു ചേർന്നു. സിയാൽദ സ്‌റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും ഏറെക്കുറെ മുഴുവനായി നനഞ്ഞിരുന്നു. വലിയ തിരക്ക് പ്രതീക്ഷിച്ചു ടിക്കറ്റ് എടുക്കാൻ എത്തിയ എന്നെ കാത്തിരുന്നത് വിജനമായ കൗണ്ടർ ആയിരുന്നു..
'ബോൺഗാവ് പോകുന്ന ലോക്കൽ ട്രെയിനിൽ കയറി ഗുമയിൽ ഇറങ്ങണം..' നാസർ ഭായ് അയച്ച മെസ്സേജ് ഒന്നുകൂടി വായിച്ച് ഉറപ്പുവരുത്തി ടിക്കറ്റ് എടുത്തു.. 10 രൂപാ ചാർജ്. പ്ലാറ്റഫോമിലേക്ക് ചെന്നതും ഒരു ട്രെയിൻ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അകത്തേക്ക് നോക്കിയതും ‘കിളി പോയി.’ സൂചി കുത്താൻ പോലും സ്ഥലമില്ല. വരുന്നത് വരട്ടെ യാത്ര ഈ വണ്ടിയിൽതന്നെ എന്നുറപ്പിച്ചു ഞാനും ആ സ്ഥലമില്ലായ്മയിലേക്ക് എന്നെക്കൂടെ തിരുകിവച്ചു.
ഉള്ളിലെ അവസ്ഥ ദയനീയമാണ്. മിക്കവരും മഴയിൽ നനഞ്ഞു കുതിർന്നവർ. എല്ലാവർക്കും വേണ്ടത് കാലുകുത്താൻ ഒരിടം. അതിനുവേണ്ടി അക്ഷരാർഥത്തിൽ അവർ തമ്മിൽ തല്ലുകയാണ്. എനിക്കും കിട്ടി രണ്ടുമൂന്നെണ്ണം. ദുരിതപൂർണമായ യാത്രയ്‌ക്കൊടുവിൽ ഏതാണ്ട് ഏഴര മണിയോടെ ട്രെയിൻ 'ഗുമ' സ്‌റ്റേഷനിൽ കിതച്ചുനിന്നു. ഇറങ്ങാനായി മുന്നോട്ടാഞ്ഞതും പിറകിൽ നിന്നും ഒരു തള്ള് വന്നതും ഒരുമിച്ചായിരുന്നു. പരാതിയില്ല. കാരണം ഇവിടെ ഇങ്ങനെയാണ്.
രസമാണ് ഗുമ സ്‌റ്റേഷൻ കാണാൻ. പ്ലാറ്റ്ഫോമിൽ ഉടനീളം ചെറിയ കടകൾ. ബാർബർ ഷോപ്പുകൾ, പഴക്കടകൾ, പച്ചക്കറിക്കടകൾ, ചായക്കടകൾ... അങ്ങനെയങ്ങനെ. നല്ല മാമ്പഴം കണ്ടപ്പോൾ ഞാനും വാങ്ങി ഒരുകിലോ. മഴ പൊടിയുന്നുണ്ട്. ഇരുട്ട് നല്ലവണ്ണം പരന്നിരിക്കുന്നു. സ്‌റ്റേഷനു പുറത്തേക്ക് നടന്നു.ഗുമയിൽ നിന്നും ചക്കള ഗ്രാമത്തിലേക്ക് വണ്ടികൾ ഉള്ളതാണ്. പക്ഷേ രാത്രി ആയതുകൊണ്ടാവും ഒരു വണ്ടിക്കാർ പോലും അങ്ങോട്ടേക്കില്ല..
ഗുമയിൽ നിന്നും ചക്കളയിലേക്ക്..
ഒരുപാട് നേരത്തെ തിരച്ചിലിനു ശേഷം ഒരു വണ്ടിക്കാരനെ കിട്ടി. പക്ഷേ ചക്കളവരെയില്ല. അതിനുമുന്നെയുള്ള 'ബൊർദോർ' എന്ന ഗ്രാമം വരെ. കിട്ടിയതാവട്ടെ എന്നുവച്ചു ഞാൻ ആ വണ്ടിയിൽ പോകാൻ തീരുമാനിച്ചു. ഇനി ആ 'വണ്ടി'യെക്കുറിച്ച്. അതിപ്രാചീനമായ ഒരു രൂപം. അന്നാട്ടുകാർ അതിനെ "എൻജിൻ വാൻ" എന്നാണ് വിളിക്കുന്നത്. ഒരു പ്രത്യേക എൻജിനും മൂന്നു ചക്രങ്ങളും ഇത്തിരി പലകയും മൊത്തത്തിൽ മൂടാൻ ഒരു പ്ലാസ്റ്റിക് ഷീറ്റും. സീറ്റുകൾ ഇല്ല. തടികൊണ്ടുള്ള പ്ലാറ്റഫോമിലാണ് യാത്രക്കാർ ഇരിക്കേണ്ടത്.
മുന്നിൽ ഡ്രൈവറോട് ചേർന്നുള്ള സ്ഥലം നേരത്തെ ഒരാൾ കയ്യടക്കിയിരുന്നതിനാൽ ഞാൻ വലതു സൈഡിൽ കാലുകൾ പുറത്തേക്ക് തൂക്കിയിട്ടിരുന്നു. മഴ പെയ്യുന്നുണ്ട്. നാലഞ്ചാളുകൾ കയറിയപ്പോളേക്കും 'ഡ്രൈവർ' വണ്ടിയെടുത്തു."കുടു.. കുടു.. കുടു.. കുടു.. " ഏതാണ്ട് അരമണിക്കൂർ എടുത്തു ബൊർദോർ എന്ന ഗ്രാമത്തിൽ എത്താൻ. ഗ്രാമമല്ല ചെറിയൊരു ടൗൺ എന്ന് പറയാം. ഇവിടെനിന്നും ചക്കളയിലേക്ക് ഓട്ടോ കിട്ടും എന്നാണ് കുടു കുടു വണ്ടിക്കാരൻ പറഞ്ഞത്.
ഓട്ടോയിലേക്ക്..
നമ്മുടെ നാട്ടിൽ ബസുകൾക്കുള്ളതുപോലെ ഇവിടെ ഓട്ടോയും ഓരോ സമയത്താണ് ഓടുന്നത്. എട്ടു മണിക്കുള്ള ലാസ്റ്റ് ഓട്ടോ ചക്കളയിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോളാണ് ഞാൻ ഓടിച്ചെല്ലുന്നത്. ഭാഗ്യം എപ്പോഴും തുണയ്ക്കാറുണ്ട്. ഞാൻ ചെല്ലുമ്പോൾ ഓട്ടോ ഏകദേശം ഫുൾ ആയിരുന്നു. ഡ്രൈവർ സീറ്റിൽതന്നെ ഇരിപ്പുറപ്പിച്ചു. ഏതാണ്ട് അരമണിക്കൂർ വീണ്ടും യാത്ര. പൊട്ടിപ്പൊളിഞ്ഞ വഴിയാണ്. നാസർഭായ് പറഞ്ഞതു പ്രകാരം ചക്കള മന്ദിറിന് അടുത്തായി ഞാൻ ഇറങ്ങി. ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. മുഖത്തൊരു പുഞ്ചിരിയും കയ്യിലൊരു കാലൻകുടയുമായി അന്നാട്ടുകാരുടെ ബന്ധു, നാസർ ഭായ് എന്നെയും കാത്തുനിൽപ്പുണ്ടായിരുന്നു.
ഈ എറണാകുളംകാരൻ ഏതാണ്ട് എട്ടൊൻപത് വർഷങ്ങൾക്കു മുന്നേ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രോജക്റ്റുമായാണ് ഈ കുഗ്രാമത്തിലേക്ക് വരുന്നത്. പ്രൊജക്റ്റ് തീർന്ന മുറയ്ക്ക് ഈ നാടും നാട്ടാരും ഇദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. ദാരിദ്ര്യവും പട്ടിണിയും കഥകൾ പറയുന്ന ഇന്നാട്ടിലെ പാവങ്ങളുടെയിടയിലേക്ക് അവരിലൊരുവനായി നാസർ ഭായിയും പതിയെ മാറി.
ഇന്നിദ്ദേഹം നാസർ ബന്ധുവാണ്. ബന്ധു എന്നാൽ സുഹൃത്ത് എന്നാണ് ബംഗാളാ ഭാഷയിൽ അർഥം.
അതെ.. അക്ഷരാർഥത്തിൽ ഇദ്ദേഹം ബന്ധുവാണ് ഇന്നാട്ടുകാർക്ക്. ശരിക്കും ഒരു ദൈവദൂദൻ. നേരെ നാസർ ബന്ധുവിന്റെ താവളത്തിലേക്ക്. കേരളത്തിൽ നിന്നും ട്രെയിനിങ്ങിന്റെ ഭാഗമായി എത്തിയ കുറച്ചു കോളേജ് വിദ്യാർഥികൾ ഉണ്ടായിരുന്നു അവിടെ. അവരുടെ വകയായി നല്ല ചൂട് കഞ്ഞിയും പയറും ഞങ്ങൾക്കായി റെഡിയായിരുന്നു. ഇനി ഒരു ഉറക്കം..
ചക്കളയിലെ പ്രഭാതം
അമ്പലത്തിലെ ബഹളം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. റൂമിന് നേരെ എതിർവശത്ത് പ്രസിദ്ധമായ ചക്കള മന്ദിറാണ്. ദൂര ദേശങ്ങളിൽനിന്നുപോലും തീർഥാടകർ എത്തിച്ചേരുന്ന അമ്പലം.. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും നാസറിക്കയും റെഡിയായി വന്നിരുന്നു. ആദ്യ പ്ലാനിൽ ഇന്ത്യ- ബംഗ്‌ളാദേശ് അതിർത്തിയിലേക്കൊരു യാത്രയാണ് മനസ്സിൽ കണ്ടത്. എന്നാൽ രാവിലത്തെ തോരാ മഴയും ഗ്രാമത്തിന്റെ സൗന്ദര്യവും ഇവിടെത്തന്നെ പിടിച്ചു നിർത്തുകയായിരുന്നു. നാസറിക്കായുടെ ഓഫീസിനോട് ചേർന്നുതന്നെയുള്ള ചായക്കടയിൽ നിന്നും ഞങ്ങൾ പൂരിയും ചായയും കഴിക്കുമ്പോൾ മകനെ സ്കൂളിൽ വിടാനുള്ള ഒരുക്കത്തിലായിരുന്നു ഉടമസ്ഥരായ ദമ്പതിമാർ.
ഇവിടെ കുട്ടികൾ വിദ്യാഭ്യാസം എന്ന പ്രക്രിയയിലേക്ക് എത്തിച്ചേരാൻ തുടങ്ങിയിട്ട് ഒരുപാടൊന്നും ആയിട്ടില്ല..
സ്കൂളുകൾ ഉണ്ട്.. പക്ഷേ അത് ഇവരിൽ ഭൂരിഭാഗത്തിനും ഒരുനേരത്തെ പട്ടിണി മാറ്റാനുള്ള ഒരു സ്ഥലം മാത്രമാണ്.. മിക്കവാറും സ്കൂളുകളിൽ കുട്ടികൾ എത്തുന്നത് പതിനൊന്നുമണി കഴിയുമ്പോൾ ആണ്.
ഉച്ചഭക്ഷണം കഴിക്കുന്നതോടുകൂടി അവരുടെ "വിദ്യാഭ്യാസം" അവസാനിക്കുന്നു. എങ്കിലും ഈ ഗ്രാമത്തിൽ നിന്നും ഏതാനും ചില ബിരുദധാരികൾ ഉണ്ടായിട്ടുണ്ട്. പൂരിയും ചായയും കഴിച്ചു പുറത്തേക്ക് നടന്നു. നാസറിക്ക ആദ്യമേ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ കൂടെ പോയാൽ ഒരുപാട് കറങ്ങേണ്ടിവരും ഗ്രാമത്തിലൂടെ എന്ന്. എനിക്കു വേണ്ടതും അതുതന്നെ ആയിരുന്നു.
പൂർണരൂപം വായിക്കാം