ADVERTISEMENT

പുലര്‍കാല സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ തട്ടി സ്വര്‍ണ്ണനിറത്തിലുള്ള തീജ്വാലകളെപ്പോലെ തിളങ്ങുന്ന തേയിലത്തുമ്പുകള്‍... മേഘങ്ങള്‍ നേരെ താഴേക്ക് ഊറിയിറങ്ങിയ പോലെ ചുറ്റും പടരുന്ന കോടമഞ്ഞ്... ചുരങ്ങള്‍ കയറിക്കയറി പോകുമ്പോള്‍ വശങ്ങളിലായി സമൃദ്ധിയോടെ വിളഞ്ഞുനില്‍ക്കുന്ന തേയിലത്തോട്ടങ്ങൾ... വേനലിന്‍റെയും വെയിലിന്‍റെയും ഋതുവിലേക്ക് കാലെടുത്തു വെക്കുന്ന ഈ സമയത്ത് കേള്‍ക്കുമ്പോള്‍ത്തന്നെ ആരെയും കൊതിപ്പിക്കുന്ന മായിക സുന്ദരിയാണ് മസിനഗുഡി. മോഹങ്ങള്‍ക്ക് കാഴ്ചകളുടെ നിറച്ചാര്‍ത്തണിയിച്ച്, കാലമൊട്ടും മായ്ക്കാത്ത കമനീയതയോടെ മുന്നിലേക്ക് വിരുന്നുവരുന്ന ഒരു സ്വര്‍ഗീയലോകം.

Masinagudi-travel3

കേരളത്തില്‍ നിന്നും അധികമകലെയല്ല മസിനഗുഡി. ഡ്രൈവ് ചെയ്തുപോകാന്‍ ഏറെ രസകരമാണ് ഈ യാത്ര. താമരശ്ശേരി ചുരം കയറി പോകുമ്പോള്‍, ലക്കിടി – ഗൂഡല്ലൂർ റോഡിലായി റിപ്പൺ തേയിലത്തോട്ടം കാണാം. ഇവിടെ നിന്നാണ് മസിനഗുഡി യാത്രയുടെ ആരംഭം. തട്ടുതട്ടായിക്കിടക്കുന്ന കൃഷിഭൂമിയില്‍ പല തരം പച്ചകളില്‍ തെളിയുന്ന തേയിലച്ചെടികളും അവയ്ക്കിടയിലൂടെ കൊളുന്തു നുള്ളാൻ നടക്കുന്ന ആളുകളെയും കാണാം. കോടമഞ്ഞിറങ്ങി വരുമ്പോള്‍ ഒപ്പം ഇടയ്ക്കിടെ മഴതുള്ളികളും മുഖത്തേക്ക് പറന്നിറങ്ങും. 

Masinagudi-travel

മേപ്പാടി പട്ടണം കഴിഞ്ഞ് മുന്നോട്ടു പോയാല്‍, വടുവഞ്ചാലും പിന്നിട്ട് ചോലാടി അതിർത്തിയില്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പാലമുണ്ട്. ഇതങ്ങു കയറിക്കഴിഞ്ഞാല്‍പ്പിന്നെ മറ്റൊരു ലോകമാണ്. തമിഴ്നാട്ടിലെ ‘ടാൻ ടീ’ തോട്ടങ്ങള്‍ എങ്ങും കാണാം. ഇവിടെ നിന്നും ഗൂഡല്ലൂർ പട്ടണവും മുതുമല വന്യജീവി സങ്കേതവുമെല്ലാം കടന്നു വീണ്ടും പോകാനുണ്ട്. മുതുമല സംരക്ഷിതപ്രദേശമായതിനാല്‍ ഇവിടെ വാഹനങ്ങള്‍ക്ക് നിര്‍ത്താന്‍ അനുവാദമില്ല. മുതുമല വഴി കുറച്ചു ദൂരം ചെന്നാല്‍ തെപ്പക്കാടെത്തും, ഇവിടെ നിന്നും നേരേ പോയാൽ മൈസൂർ പട്ടണത്തിലെത്തും, വലത്തോട്ട് തിരിഞ്ഞാൽ മസിനഗുഡിയിലേക്കും.

കാര്‍ഷികവൃത്തി അടിസ്ഥാനമാക്കി ജീവിക്കുന്ന ജനതയാണ് മസിനഗുഡിയിലേത്. ഇവിടേക്ക് കാലെടുത്തു വെക്കുമ്പോള്‍ത്തന്നെ അക്കാര്യം മനസിലാകും. നിറയെ ചെറിയ വീടുകളും അവയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളും കാവൽപുരകളും ചെറിയ അങ്ങാടികളുമെല്ലാം നിറഞ്ഞ ഒരു ഗ്രാമീണാന്തരീക്ഷമാണ് ഇവിടെ. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഇടമായതിനാല്‍ റിസോർട്ടുകളും മറ്റു സൗകര്യങ്ങളുമുണ്ട്. ഓരോ ആളും മസിനഗുഡിയിലേക്ക് എത്തുമ്പോള്‍ത്തന്നെ സഫാരി സംഘങ്ങള്‍ പിന്നാലെ കൂടും. അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ക്യാന്‍വാസിങ് സജീവമാണ്. 

Masinagudi-travel4

'മസിനി' എന്ന ഒരു പ്രാദേശിക ദേവതയുടെ പേരില്‍ നിന്നാണ് മസിനഗുഡിക്ക് ആ പേരു കിട്ടിയത്. 'മസിനിയുടെ താമസസ്ഥലം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. കഥകളിലെ ദേവതമാരെപ്പോലെ തന്നെ അതീവസുന്ദരിയാണ് മസിനഗുഡി. പച്ചപ്പ് നിറഞ്ഞ വനപ്രദേശങ്ങളും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും ഒഴുകുന്ന നദികളും അരുവികളുമെല്ലാം മസിനഗുഡിയുടെ മനോഹാരിത പലമടങ്ങ് വർദ്ധിപ്പിക്കുന്നു. വന്യജീവി സഫാരികൾ ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിസ്‌നേഹികള്‍ക്കും വന്യജീവി ഫോട്ടോഗ്രാഫർമാര്‍ക്കുമെല്ലാം ഈ സ്ഥലം പറുദീസയാണ്.

പൈക്കര വെള്ളച്ചാട്ടം, മുതുമല നാഷണൽ പാർക്ക്, മറവക്കണ്ടി അണക്കെട്ട്, മോയാർ നദി തുടങ്ങി ആകർഷകമായ ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. മസിനഗുഡി പട്ടണത്തിന്‍റെ മുക്കും മൂലയും കണ്ടറിയാനുള്ള ഏറ്റവും നല്ല മാർഗമാണ് ജീപ്പ് സഫാരി. രാവിലെ 6മണി മുതല്‍ 7 മണി വരെയും വൈകിട്ട് 5 മുതല്‍ 7 മണി വരെയുമുള്ള സമയത്ത് ജീപ്പ് സഫാരി സജീവമാണ്. ഒരു മണിക്കൂര്‍ നേരം വനത്തിലൂടെ യാത്ര ചെയ്യാം. കാട്ടുമൃഗങ്ങളെ നേരിട്ട് കാണാം.

Masinagudi-travel5

സാഹസിക സഞ്ചാരികള്‍ക്കും ഇവിടം ഏറെ ഇഷ്ടമാണ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായതിനാല്‍ വിഭൂതിമലൈ പോലെ ട്രെക്കിംഗ് നടത്താന്‍ നിരവധി സ്ഥലങ്ങളുണ്ട്. ഒപ്പം കൂടെ വരാന്‍ ഗൈഡുകളെയും ലഭിക്കും. വന്യജീവികള്‍ ധാരാളം ഉള്ള പ്രദേശമായതിനാല്‍ ഗൈഡിനൊപ്പം യാത്ര ചെയ്യുന്നതാണ് നല്ലത്. 

ബന്ദിപ്പൂര്‍ ദേശീയോദ്യാനവും മുതുമലൈയും തമ്മില്‍ വേര്‍തിരിക്കുന്ന മോയാര്‍ നദിയും ഉല്ലാസകരമായ നിരവധി അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നു. ഭവാനി നദിയുടെ കൈവഴികളിലൊന്നായ മോയാര്‍, മസിനഗുഡിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ്. രാവിലെയും വൈകീട്ടും വെള്ളം കുടിക്കാന്‍ വരുന്ന, ചെറുതും വലുതുമായ നിരവധി മൃഗങ്ങളെ ഇവിടെ കാണാം. ഫിഷിംഗ്, ബോട്ടിംഗ് തുടങ്ങിയവ യ്ക്കുള്ള സൗകര്യവും ഉണ്ട്. 

മോയാര്‍ നദിയിലെ മറവക്കണ്ടി അണക്കെട്ട് പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. പക്ഷിമൃഗാദികളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഗോപുരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെ സഞ്ചാരികള്‍ക്ക് ഇതിനുള്ളില്‍ പ്രവേശിക്കാം. 

തേപ്പക്കാട് ആന പരിശീലന കേന്ദ്രമാണ് വിട്ടുപോകരുതാത്ത മറ്റൊരു ഇടം. ഇവിടെ സഞ്ചാരികള്‍ക്ക് ആനകള്‍ക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം കൊടുക്കാം. പരിശീലനം ലഭിച്ച ആനകളായതിനാല്‍ അടുത്തിടപഴകാന്‍ പേടിയും വേണ്ട. രാവിലെ 7.00 മണി മുതല്‍ 8.00 മണി വരെയും, വൈകിട്ട് 4.00 മുതല്‍ 5.00 മണി വരെയും ഇവിടം സന്ദര്‍ശകര്‍ക്ക് അനുവദനീയമാണ്.

തൊട്ടടുത്തുള്ള ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടി വരികയാണ്.

English Summary: Masinagudi Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com