അറബിക്കടലിനുള്ളിലെ ക്ഷേത്രം, കടൽ വഴി മാറിത്തരും; പോകാം ഇവിടേക്ക്
Mail This Article
വീശിയടിക്കുന്ന തിരമാലകളിലും അദ്ഭുതം പേലെ ഉയർന്നു നിൽക്കും ഐതീഹ്യങ്ങളും കെട്ടുകഥകളും കൂടിച്ചേരുന്ന നിഷ്കളങ്ക് ക്ഷേത്രം. തന്നിലേക്കെത്തുന്ന ഭക്തർക്കായി വകഞ്ഞു മാറി വഴിയൊരുക്കുന്ന മഹാസാഗരം, അറബിക്കടൽ ജലധാര നടത്തുന്ന ശിവലിംഗങ്ങൾ, ഇങ്ങനെ ഒരുപിടി പ്രത്യേകതകളുണ്ട് നിഷ്കളങ്ക് മഹാശിവക്ഷേത്രത്തിന്. ധാരാളം കഥകളുറങ്ങുന്ന ആ ക്ഷേത്രം സന്ദർശകർക്കെല്ലാം അദ്ഭുതമാണ്. യാത്ര ഗുജറാത്തിലൂടെയാണെങ്കിൽ മറക്കാതെ സന്ദർശിക്കേണ്ട ഒരിടം തന്നെയാണിത്.
ഗുജറാത്ത്, ഭാവ്നഗറിലെ കോലിയാക് ബീച്ചിലാണ് നിഷ്കളങ്ക് ക്ഷേത്രം. ഇന്ത്യയിലെ തന്നെ അപൂർവങ്ങളിൽ അപൂർവമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ആരാധനാലയങ്ങളിൽ ഒന്നാണിത്. അറബിക്കടലിന്റെ തീരത്തു നിന്നും രണ്ടു കിലോമീറ്റർ ദൂരം കടലിലൂടെ നടന്നാൽ മാത്രമേ ക്ഷേത്രത്തില്‍ എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഭക്തർക്ക് ക്ഷേത്രത്തിലെത്തി ചേരാനായി കടൽ വഴിമാറി കൊടുക്കും എന്നതാണ് അതിശയം.
ഉച്ചയോടെ സമുദ്രത്തിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങും. ആ സമയം മുതൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് നടന്നു പോകാം. രാത്രി പത്തുമണി വരെ ജലനിരപ്പ് താഴ്ന്നു തന്നെയായിരിക്കും. മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. സമചതുരത്തിലുള്ള ഒരു ഉയർന്ന പ്രതലത്തിൽ വ്യത്യസ്ത തരത്തിലുള്ള അഞ്ചു സ്വയംഭൂ ശിവലിംഗങ്ങൾ ഇവിടെ കാണാം. അഭിമുഖമായി നന്ദിയുമുണ്ട്. കടലിലെ ജലനിരപ്പ് ഉയർന്നിരിക്കുമ്പോൾ ക്ഷേത്രം കാണാൻ സാധിക്കുകയില്ല. ഉയർന്നു നിൽക്കുന്ന കൊടിമരം മാത്രമാണ് അങ്ങനെയൊരു ക്ഷേത്രം അവിടെ ഉണ്ടെന്നതിനുള്ള തെളിവ്. അറബിക്കടലിലെ ജലത്താൽ അഭിഷേകം നടത്തുന്ന മഹാദേവനാണ് ഇവിടെയുള്ളതെന്നാണ് ഭക്തരുടെ വിശ്വാസം.
െഎതീഹ്യത്തിലേക്ക്
പാണ്ഡവരുമായി ബന്ധമുണ്ട് നിഷ്കളങ്ക് മഹാദേവ ക്ഷേത്രത്തിന്. മഹാഭാരത യുദ്ധം ജയിച്ചെങ്കിലും തങ്ങൾക്കേറെ പ്രിയമുള്ള ബന്ധുമിത്രാദികൾ യുദ്ധത്തിൽ നഷ്ടപ്പെട്ടതിൽ ദുഃഖിതരായിരുന്നു പാണ്ഡവർ. തങ്ങൾ ചെയ്ത പാപത്തിനു പരിഹാരമെന്തെന്നു കൃഷ്ണനോട് ആരാഞ്ഞ പാണ്ഡുപുത്രർക്കു കൃഷ്‌ണൻ ഒരു കറുത്ത കൊടിയും കറുത്ത പശുവിനെയും നൽകി. ഇവ രണ്ടും കറുപ്പ് നിറം മാറി വെളുപ്പാകുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ആ സ്ഥലത്തു മഹാദേവന്റെ സാന്നിധ്യമുണ്ടാകുമെന്നും അവിടെ മഹാദേവനെ ആരാധിക്കണമെന്നും ഉപദേശവും നൽകി.
ഉപദേശം സ്വീകരിച്ച പാണ്ഡവർ പല പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെങ്കിലും ഇവിടെയെത്തിയപ്പോഴാണ് കൊടിയുടെയും പശുവിന്റെയും നിറം മാറിയത്. ശിവന്റെ സാന്നിധ്യം ഉണ്ടായിരുന്ന ആ സ്ഥലത്തു പാണ്ഡവർ ആരാധന നടത്തി. സ്വയംഭൂ ആയി ഉണ്ടായ അഞ്ചുശിവലിംഗങ്ങൾ ആ ഐതീഹ്യത്തിന്റെ തെളിവ് പോലെ ഇവിടെ കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ അടയാളമായി ഉയർന്നു നിൽക്കുന്നതാണ് ഇവിടുത്തെ കൊടിമരം. വർഷത്തിലൊരിക്കൽ ഈ കൊടിമരത്തിലെ കൊടി മാറ്റികെട്ടും. എത്ര ശക്തമായ തിരമാല വന്നാലും കൊടുങ്കാറ്റു വീശിയാലും ആ കൊടിയ്‌ക്കു ഒരു തരത്തിലുള്ള സ്ഥാനഭ്രംശവും സംഭവിക്കുകയില്ലെന്നാണ് ഇവിടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. ഭാവ്നഗർ രാജവംശത്തിനാണ് ഈ കൊടി മാറ്റിക്കെട്ടാനുള്ള അവകാശമുള്ളത്.
പൗർണമി ദിനമാണ് ക്ഷേത്രം സന്ദർശിക്കുന്നതിനു ഉചിതമായ ദിവസം. വർഷത്തിൽ ഏതു ദിവസം വേണമെങ്കിലും ക്ഷേത്രം സന്ദർശിക്കാമെങ്കിലും സമുദ്രത്തിലെ ജലനിരപ്പ് താഴുന്ന സമയം നോക്കി ചെന്നാൽ മാത്രമേ കടലിലൂടെ നടന്നു ക്ഷേത്രത്തിലെത്തി ആരാധന നടത്താൻ സാധിക്കുകയുള്ളൂ. ഭാവ്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ മാത്രമേ ക്ഷേത്രത്തിലേക്കുള്ളത്.
English Summary: Nishkalank Mahadev Temple Bhavnagar in Gujarat