സന്തോഷകരമായ ജീവിതം ഇൗ കാഴ്ചകളുടെ ഭംഗി വർധിപ്പിക്കും; ചിത്രങ്ങൾ പങ്കിട്ട് സനുഷ
Mail This Article
ബാലതാരമായി വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് സനുഷ. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം, ‘കാഴ്ച’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ, ‘മിസ്റ്റർ മരുമകൻ’എന്ന ചിത്രത്തിലൂടെ നായികയായും മലയാളത്തിന്‍റെ വെള്ളിത്തിരയിലേക്കെത്തി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ യാത്രകളും ഫോട്ടോഷൂട്ടുകളും മോഡലിങ്ങുമെല്ലാമായി നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ സമൂഹമാധ്യമത്തിൽ കശ്മീര്‍ യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. മഞ്ഞില്‍ പൊതിഞ്ഞ പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ സന്തോഷവതിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ സനുഷ പങ്കുവച്ചിട്ടുണ്ട്. എപ്പോള്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍ എന്ന കാര്യം വ്യക്തമല്ല.
ഇക്കഴിഞ്ഞ മഞ്ഞുകാലത്ത്, പ്രശസ്തമായ ഗുൽമാർഗും പഹൽഗാമും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേര്‍ന്നിരുന്നു. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും ജമ്മുകാശ്മീരിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിന് സാധാരണയായി യാതൊരുവിധ കുറവുകളും ഉണ്ടാവാറില്ല. കോവിഡ് മൂലം അല്‍പ്പകാലത്തേക്ക് സഞ്ചാരികള്‍ കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും നിരവധി ആളുകള്‍ ഇവിടേക്ക് എത്തിത്തുടങ്ങി.
മഞ്ഞുകാലത്തെന്ന പോലെത്തന്നെ, വേനൽക്കാലത്തും ജമ്മുകശ്മീരിൽ സന്ദർശിക്കാൻ ധാരാളം സ്ഥലങ്ങളുണ്ട്. കൂടാതെ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ട്രെക്കിങ്, ഹൈക്കിങ്, ക്യാംപിങ്, കുതിരസവാരി, റോക്ക് ക്ലൈംബിങ്, മൗണ്ടൻ ബൈക്കിങ്, വൈൽഡ് ലൈഫ് സഫാരി തുടങ്ങിയ വിനോദങ്ങളിലും ഏര്‍പ്പെടാം.
ഹിമാചൽ പ്രദേശുമായും പഞ്ചാബുമായും തെക്കൻ അതിർത്തി പങ്കിടുന്ന കത്വ വേനൽക്കാലത്ത് ഇവിടെ സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. "സൂഫികളുടെ നഗരം" എന്നും ഇത് അറിയപ്പെടുന്നു, നിരവധി സൂഫി ആരാധനാലയങ്ങൾ ഇവിടെ സന്ദർശിക്കാം. ഈ മനോഹരമായ സ്ഥലം കശ്മീരിന്‍റെ ചരിത്രവുമായും ഇഴചേര്‍ന്നു കിടക്കുന്നു.
ട്രെക്കിങ് പോലെയുള്ള വിനോദങ്ങള്‍ക്ക് ഏറെ മികച്ച സ്ഥലമാണ് പുൽവാമ. "കാശ്മീരിന്‍റെ നെല്ലുപാത്രം" എന്നും വിളിക്കപ്പെടുന്ന പുൽവാമ കുങ്കുമ വയലുകൾ നിറഞ്ഞ മനോഹരമായ ഒരു ഗ്രാമമാണ്. ശ്രീനഗറിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. കശ്മീരിൽ വേനൽക്കാലം ആസ്വദിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് കിഷ്ത്വാർ. പച്ചപ്പ് നിറഞ്ഞ ദേവദാരു വനങ്ങൾക്കും പൈൻ മരക്കാടുകൾക്കുമിടയിലെ ക്യാംപിങ് ആണ് ഇവിടുത്തെ ഹൈലൈറ്റ്. കൂടാതെ ട്രക്കിംഗ്, വന്യജീവി സഫാരി എന്നിവയ്ക്കും അനുയോജ്യമായ ഇവിടെ ഒരു ദേശീയ പാർക്കും ഉണ്ട്.
ഗുരുദ്വാര നംഗലി സാഹിബ്, ബക്ഷ് സാഹിബ് തുടങ്ങിയ പുണ്യസ്ഥലങ്ങളും ഗിർഗാൻ ധോക്കിലെ ഏഴ് തടാകങ്ങളുടെ അതിമനോഹരമായ കാഴ്ചയുമെല്ലാം കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് പൂഞ്ച്. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും മഞ്ഞുമൂടിയ മലനിരകളും ക്ഷേത്രങ്ങളും പൂഞ്ച് കോട്ടയുമെല്ലാം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.
സബർവാൻ പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ട്യൂലിപ് ഗാർഡൻ, ദാൽ തടാകം, ചണ്ഡി മാതാ ക്ഷേത്രം, ആത്ര ദേവി ക്ഷേത്രം എന്നിവയ്ക്കും റോക്ക് ക്ലൈംബിംഗ്, ട്രക്കിംഗ്, , പർവതാരോഹണം മുതലായവയ്ക്കും പ്രശസ്തമായ ദോഡ, ശുദ്ധജല നീരുറവകളും പൂന്തോട്ടങ്ങളും വിശുദ്ധ ക്ഷേത്രങ്ങളും നിറഞ്ഞ അനന്തനാഗ്, വർഷം മുഴുവനും നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന പുണ്യസ്ഥലമായ വൈഷ്ണോദേവി ക്ഷേത്രം, വന്യജീവികളുടെയും പ്രകൃതിയുടെയും മനോഹാരിത നിറഞ്ഞ ദച്ചിഗാം നാഷണൽ പാർക്ക്, പാരാഗ്ലൈഡിങ്, റോക്ക് ക്ലൈംബിങ്, ട്രെക്കിങ്, അബ്‌സെയിലിങ് എന്നിങ്ങനെയുള്ള വിനോദങ്ങള്‍ക്ക് പേരുകേട്ട സനാസർ, ഹിമപ്പുലി പോലെയുള്ള അപൂര്‍വ മൃഗങ്ങളെ കാണാനാവുന്ന ഹെമിസ് നാഷണല്‍ പാര്‍ക്ക് എന്നിവയും വേനല്‍ക്കാലത്ത് സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.
English Summary: Sanusha Shares Pictures From Kashmir Travel