ഹിമാലയത്തിന്റെ മലമടക്കുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ലോകപ്രസിദ്ധ ഗ്രാമം
Mail This Article
ലഹരി പൂക്കുന്ന മലാന ഗ്രാമത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. കശ്മീരിലെ ബദർവയിൽ നിന്നു യാത്ര പുനരാരംഭിച്ച ശേഷം ഹിമാചൽ പ്രദേശിലൂടെ മണാലിയിൽ എത്തി. മലപ്പുറം സ്വദേശിയായ നിസാം മണാലിയിലുണ്ട്. ഞാൻ അദ്ദേഹത്തിനു സമീപം എത്തിയപ്പോൾ സൈക്കിളിൽ സഞ്ചരിച്ച് എത്തിയ പാലക്കാട് സ്വദേശികളായ രണ്ടു വിദ്യാർഥികൾ അവിടെയുണ്ട്. രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ മലയാളത്തിലുള്ള കുശലം പറച്ചിലുകൾക്കൊപ്പം കിട്ടിയ ചൂടു ചായയ്ക്ക് ആ തണുപ്പത്ത് പ്രത്യേകമായൊരു രുചി... അവിടൊക്കെ റോഡരുകിൽ മൂത്തു പാകമായി നിൽക്കുന്ന കഞ്ചാവു ചെടിയുടെ ഇലകൾ നുള്ളിയെടുത്ത് തേയിലയോടൊപ്പം വെള്ളത്തിലിട്ടു തിളപ്പിക്കുമത്രേ! രാവിലെ നിസാമിനോടു യാത്ര പറഞ്ഞ് കുളുവഴി മലാന ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.
മണാലിയിൽ നിന്ന് ഉദ്ദേശം 80 കിലോ മീറ്ററുണ്ട് മലാന ഗ്രാമത്തിലേക്ക്. കുളുവിൽനിന്ന് ഇടത്തോട്ട് മലഞ്ചെരിവ് വെട്ടി ഉണ്ടാക്കിയ ടാറിട്ട റോഡിലൂടെ മണികിരൺ വഴി ഗ്രാമത്തിനു രണ്ടു കിലോ മീറ്റർ സമീപം വരെ വാഹനത്തിൽ എത്താം. മണികിരൺ എത്തുന്നതിനു 5 കിലോ മീറ്റർ മുൻപ് ഒരു പൊലിസ് ചെക്ക്പോസ്‌റ്റുണ്ട്. അവിടെ നിന്നു മലാനയിലേക്കു വഴി തിരിയുന്നു. തകർന്നു കിടക്കുന്ന വഴിയും ചില ഗതാഗത തടസവും കാരണം അത്രത്തോളം എത്തിയപ്പോഴേക്കും സായാഹ്നമായി. അൽപം കൂടി മുൻപോട്ടു സഞ്ചരിച്ച ശേഷം ഒരു ഗ്രാമത്തിൽ ഗസ്‌റ്റ് ഹൗസ് കണ്ടപ്പോൾ രാത്രി താമസം അവിടെയാകട്ടെ എന്നു നിശ്ചയിച്ചു.
വെൽകം ടു മലാന
അടുത്ത ദിവസം പുലർച്ചെ പുറപ്പെട്ടു. നാലു കിലോ മീറ്റർ കൂടി സഞ്ചരിക്കണം മലാനയിലേക്കുള്ള നടപ്പാത എത്താൻ. ഗ്രാമത്തിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്ന കമാനത്തിനു മുൻപിൽ വരയേ ഗതാഗത യോഗ്യമായ പാതയുള്ളു. തുടർന്നുള്ള 2 കി മീ നടക്കണം. ഒരു മലയിൽ നിന്നു താഴേക്ക് ഇറങ്ങി മലാന നദിക്കു കുറുകേയുള്ള മരപ്പാലം കടന്ന് കുത്തനെയുള്ള അടുത്ത മലകയറി പോകുന്നു ഗ്രാമത്തിേലക്കുള്ള നടപ്പാത. അൽപം മാറി മലാന നദിയെ തടഞ്ഞു നിർത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്നു. പൊതുവെ മുഖ്യധാര സമൂഹത്തിൽ നിന്നു വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്ന മലാനാ നിവാസികൾക്കും ഇവിടെ നിന്നു വൈദ്യുതി ലഭിക്കുന്നു. ഗ്രാമത്തിലെ വീടുകളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്. മലാനയുടെ പരിസരത്ത് എത്തിയപ്പോൾ തന്നെ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ‘നിങ്ങൾ വളരെ തീവ്രമായ ഡ്രഗ് ട്രാഫിക് നടക്കുന്ന മേഖലയിലാണ്, ജാഗ്രത പുലർത്തുക.’ എന്ന കേരള പൊലിസിന്റെ സന്ദേശം എസ്എംഎസ്സായി ഫോണിൽ ലഭിച്ചു. മലാന സന്ദർശിച്ച പലർക്കും സമാനമായ പൊലിസ് സന്ദേശം കിട്ടിയിട്ടുണ്ട് എന്ന് പിന്നീട് അറിഞ്ഞു.
സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നീല നിറത്തിലുള്ള കമാനത്തിലൂടെ താഴേക്കു പടവുകൾ ഇറങ്ങി. വിജനമായ വഴിയിൽ ചില സ്ഥലങ്ങളിൽ, തീരെ ചരിവ് ഇല്ലാതെ നേരേ മുകളിലോട്ട് കയറുന്ന കൽപ്പടവുകൾ... അപൂർവമായി ചില ചായക്കടകൾ. എല്ലാ കടകളിലും കഞ്ചാവും മലാന ക്രീമും സുലഭം. മലാനയിലെ കഞ്ചാവു ചെടികളിൽ നിന്ന് നാട്ടുകാർ ഉൽപാദിപ്പിക്കുന്ന ലഹരി വസ്തുവിന്റെ പേരാണ് മലാന ക്രീം. നിറം കൊണ്ടും വില കൊണ്ടും സ്വർണം പോലെ ആയതിനാലാകും മലാന ഗോൾഡ് എന്നും അറിയപ്പെടുന്നുണ്ട്.
കുറച്ചു ദൂരം നടന്ന ശേഷം വഴിയോരത്തെ ഒരു ചായക്കടയിൽ കയറി. ചായയുമായി വന്ന കടയുടമ ധനിറാമിനെ പരിചയപ്പെട്ടു. കടയിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവു ചെടിയിൽ നിന്ന് കുറച്ചെടുത്ത് മലാന ക്രീം ഉണ്ടാക്കുന്ന വിധം കാട്ടിത്തരാൻ ധനിറാമിനു മടയുണ്ടായിരുന്നില്ല. കക്ഷി അതിൽ അൽപം അഭിമാനിക്കുന്നുണ്ട് എന്നു തോന്നി. ഇന്ത്യയിലെ കോടതിയും നിയമവുമൊന്നും ഈ മലയോര ഗ്രാമത്തിൽ ബാധകമല്ലെന്നു തോന്നി. കുളു താഴ്‌വരയിൽ പലരും മലാനയെ പാതി തമാശയായും പാതി കാര്യമായും മലാന ഗ്രാമത്തെ ‘മലാന റിപ്പബ്ലിക്ക്’ എന്നു വിളിക്കാറുള്ളതായി വായിച്ചിരുന്നു. മുന്നോട്ടുള്ള യാത്രയിൽ ഒരു ഭാഗത്ത് എത്തിയപ്പോൾ പഞ്ചാബ് സർവകലാശാലയിലോ മറ്റോ പഠിക്കുന്ന എതാനും മലയാളി വിദ്യാർഥികൾ ലഹരി ആസ്വദിക്കാനെന്നോണം എത്തിയതും ശ്രദ്ധയിൽ പെട്ടു. കഞ്ചാവ് ചെടി വലിയ ഭാണ്ഡങ്ങളിൽ ശേഖരിച്ച് ഗ്രാമത്തിലേക്കു നടക്കുന്ന പ്രായമേറിയ ഗ്രാമീണ സ്ത്രീകളെ വഴിയോരത്ത് പലപ്പോഴും കണ്ടു.
ദുരൂഹത തളം കെട്ടിയ ഗ്രാമം
രണ്ടു മണിക്കൂർ നടത്തത്തിനൊടുവിൽ മലാന ഗ്രാമത്തിൽ എത്തി. ഒരു പ്രത്യേക ഗോത്ര വിഭാഗക്കാരാണ് അവിടുത്തെ താമസക്കാർ. അവർ തങ്ങളുടെ അപരിഷ്കൃത നിയമങ്ങളിൽ തരിമ്പും വിട്ടുവീഴ്ചയില്ലാതെ ആ ഗ്രാമത്തിൽ കാലങ്ങളായി ജീവിക്കുന്നു. ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുമായി അവർ ഒരുവിധത്തിലുള്ള അടുപ്പവും പ്രകടിപ്പിക്കാറില്ല. അന്യർ തങ്ങളുടെ ശരീരത്തിലോ വസ്തുക്കളിലോ സ്പർശിക്കുന്നതുപോലും അവർക്ക് ഇഷ്ടമല്ല. മലാന ഗ്രാമത്തിലുള്ളവർ സഞ്ചാരികളെ തങ്ങളുടെ വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പ്രായഭേദമെന്യേ എല്ലാ മലാനാ നിവാസികളുടെയും വരുമാന മാർഗം മലാന ക്രീം ഉൽപാദിപ്പിച്ച് വിപണി നടത്തുക എന്നതു തന്നെ.