നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്ചകള്‍; നാടിന്റെ പൈതൃകം തേടിയുള്ള യാത്രകള്‍ തുടങ്ങാം
Mail This Article
കഥകളുറങ്ങുന്ന നാടുകളും കാഴ്ചകളും തേടി യാത്ര ചെയ്യുന്നവര്‍ക്കായി സംസ്കാരസമൃദ്ധമായ നമ്മുടെ നാട്ടില്‍ ഒട്ടേറെ ഇടങ്ങളുണ്ട്. സാംസ്കാരിക പൈതൃകം വഴിഞ്ഞൊഴുകുന്ന ഇടങ്ങളുടെ തനിമ ആഘോഷിക്കുന്നതിനായി 1982 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോകപൈതൃകദിനമായി ആചരിക്കുന്നു.
1983-ൽ യുനെസ്കോയുടെ ജനറൽ അസംബ്ലി ഇത് അംഗീകരിച്ചു. ലോക പൈതൃക പദവി നേടിയ ലോകമെമ്പാടുമുള്ള വിവിധ സൈറ്റുകൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും ഈ സൈറ്റുകൾ സംരക്ഷിക്കുന്നതിലുള്ള വെല്ലുവിളികളും ഊന്നിപ്പറയുകയാണ് ലോക പൈതൃക ദിനത്തിന്‍റെ ലക്ഷ്യം. "പൈതൃകവും കാലാവസ്ഥയും" എന്നതാണ് ഇക്കുറി ലോകപൈതൃകദിനത്തിന്‍റെ തീം.
ചരിത്രവും പൈതൃകവും ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍ ഇതാ.
1. ബുദ്ധഗയ മഹാബോധി ക്ഷേത്രം
ബുദ്ധന്‍റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മഹാബോധി വിഹാരം. ബീഹാറിലെ ബോധഗയയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, ഇന്ത്യൻ വാസ്തുകലയുടെ മികച്ച മാതൃകയായി ലോകമെങ്ങും വാഴ്ത്തപ്പെടുന്നു.
പറ്റ്നയിൽ നിന്നും 96 കി.മീ ദൂരെയുള്ള ഈ സ്ഥലത്ത് വച്ചാണ് ഗൗതമബുദ്ധന് ബോധോദയം ഉണ്ടായതെന്ന് കരുതപ്പെടുന്നു. അന്ന് ബുദ്ധന്‍ ഇരുന്നിരുന്നത് ഒരു ബോധിമരത്തിനു ചുവട്ടിലായിരുന്നത്രേ. വിഹാരത്തിന് പടിഞ്ഞാറ് വശത്തായി ഇപ്പോഴും ഈ മരമുണ്ട്. 2002- ലാണ് മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയത്.
2. അജന്ത ഗുഹകൾ
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയില്‍, വാഗൂർ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് ലോകപ്രശസ്തമായ അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ ഗുഹാക്ഷേത്രങ്ങളാണ് ഇവ. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് ഇവിടെയുള്ളത്. ബി.സി രണ്ടാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെ ഡക്കാൺ പ്രദേശം ഭരിച്ചിരുന്ന ശതവാഹനന്മാരുടെയും വാകാടകന്മാരുടെയും കാലഘട്ടങ്ങളിലാണ് ഈ ഗുഹാചിത്രങ്ങൾ നിർമിക്കപ്പെട്ടെതെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ന് നിലവിൽ അജന്തയിൽ 29 ഗുഹകൾ ആണ് ഉള്ളത്. ഇന്ത്യയില്‍ ആദ്യമായി യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തത് അജന്ത ഗുഹകളെയായിരുന്നു. 1983 മുതൽ അജന്ത ഈ ലിസ്റ്റില്‍ ഉണ്ട്.
3. മഹാബലിപുരം
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു പുരാതന തുറമുഖ നഗരമാണ് മഹാബലിപുരം അഥവാ മാമല്ലപുരം. ചെന്നൈയില്‍ നിന്നും 60 കി.മീ ദൂരമാണ് ഇവിടേക്കുള്ളത്. എഡി ഏഴാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന പല്ലവരാജാക്കന്മാര്‍ നിര്‍മിച്ച ഒട്ടനേകം ചരിത്രനിര്‍മിതികൾ ഇവിടെയുണ്ട്.
ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അഞ്ചു രഥങ്ങള്‍ അടങ്ങിയ പഞ്ചരഥങ്ങൾ, വിഷ്ണുക്ഷേത്രമായ തിരുക്കടൽ മല്ലൈ, ശില്പങ്ങളായ ഗംഗന്മാരുടെ പതനം, അർജ്ജുനന്‍റെ തപസ്സ് എന്നിവ, വരാഹ ഗുഹാ ക്ഷേത്രം, തീരക്ഷേത്രം എന്നിവയും ഇവിടുത്തെ അതുല്യമായ കാഴ്ചകളില്‍പ്പെടുന്നു.1984- ലാണ് മഹാബലിപുരം ലോകപൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുത്തത്.
4. നീലഗിരി മലയോര തീവണ്ടിപ്പാത
തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ഊട്ടി പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത എന്നറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്.
മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. മൊത്തത്തില്‍ വെറും നാലര മണിക്കൂറാണ് സഞ്ചാരസമയം. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപ്പാതയാണ് ഇത്. 2005- ൽ യുനെസ്കോ ഇതിനെ ലോകപൈതൃക സ്മാരകപട്ടികയിൽപ്പെടുത്തി
5. ഡാർജിലിങ് ഹിമാലയൻ തീവണ്ടിപ്പാത
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജീലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത.
1879- നും 1881- നും ഇടക്ക് നിര്‍മ്മിച്ച ഈ പാതയ്ക്ക് 86 കിലോമീറ്റര്‍ നീളമുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 100 മീ. സിൽഗുടിയിലും 2,200 മീ ഡാർജിലിങ്ങിലും ഉയരമുള്ള ഈ റെയില്‍വേ ലൈനില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആയ ഖും ഉള്ളത്. 1999- ൽ ഇത് ലോകപൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിച്ചു.
6. കാസ് പീഠഭൂമി
അത്യപൂർവമായ സസ്യജന്തുജാലങ്ങൾ നിറഞ്ഞ പ്രവേശമാണ്, മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന കാസ് പീഠഭൂമി. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുള്ള ഈ പ്രദേശത്ത് ഓർക്കിഡുകൾ, കാർവി തുടങ്ങി പൂക്കള്‍ ഉണ്ടാകുന്ന 850-ലധികം സസ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ പീഠഭൂമിയെ ‘മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര’ എന്നും വിശേഷിപ്പിക്കാറുണ്ട്. 2012-ൽ യുനെസ്‌കോ ഈ പ്രദേശത്തെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.
7. ഹിരേബെനക്കൽ
കർണാടകയിലുള്ള ഒരു മെഗാലിത്തിക് പ്രദേശമാണ് ഹിരേബെനക്കൽ. ബിസിഇ 800 മുതൽ ബിസിഇ 200 വരെയുള്ള കാലഘട്ടത്തിൽ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഏകദേശം 400 മെഗാലിത്തിക് ശവസംസ്കാര സ്മാരകങ്ങള്‍ ഇവിടെയുണ്ട്. ഗംഗാവതി പട്ടണത്തിന് 10 കിലോമീറ്റർ പടിഞ്ഞാറും ഹോസ്പേട്ട് നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്ററും അകലെയായി കോപ്പൽ ജില്ലയിലാണ് ഈ സൈറ്റ് സ്ഥിതി ചെയ്യുന്നത്
English Summary: Unesco World Heritage Sites